നദിക്കരയിൽ ഒരു പള്ളി പണിയാൻ സഹായിക്കുന്നതിനായി ഒറീസ്സയിലെ കാട്ടിലേക്ക് ആയിരുന്നു എന്റെ ആദ്യത്തെ ഹ്രസ്വകാല മിഷൻ യാത്ര. ഒരു ദിവസം ഉച്ചതിരിഞ്ഞ്, ആ പ്രദേശത്തെ, വാട്ടർ ഫിൽറ്റർ ഉള്ള ചുരുക്കം ചില വീടുകളിൽ ഒന്ന് ഞങ്ങൾ സന്ദർശിച്ചു. ഞങ്ങളുടെ ആതിഥേയൻ കലങ്ങിയ കിണർ വെള്ളം വാട്ടർ ഫിൽറ്ററിന്റെ മുകളിലേക്ക് ഒഴിച്ചപ്പോൾ, മിനിറ്റുകൾക്കുള്ളിൽ എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യപ്പെടുകയും തെളിഞ്ഞ ശുദ്ധജലം പ്രത്യക്ഷപ്പെടുകയും ചെയ്തു. ക്രിസ്തുവിനാൽ ശുദ്ധീകരിക്കപ്പെടുക എന്നതിന്റെ ഒരു ദൃഷ്ടാന്തം ആ വ്യക്തിയുടെ സ്വീകരണമുറിയിൽ എനിക്ക് കാണാൻ കഴിഞ്ഞു.
നാം ആദ്യം കുറ്റബോധത്തോടും അപമാനത്തോടും കൂടി യേശുവിന്റെ അടുക്കൽ വന്ന് പാപക്ഷമയ്ക്കായി അപേക്ഷിക്കുകയും അവനെ നമ്മുടെ രക്ഷകനായി സ്വീകരിക്കുകയും ചെയ്യുമ്പോൾ, അവൻ നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ ശുദ്ധീകരിക്കുകയും നമ്മെ പുതുതാക്കുകയും ചെയ്യുന്നു. ചെളിവെള്ളം ശുദ്ധമായ കുടിവെള്ളമായി മാറിയതുപോലെ നാം ശുദ്ധീകരിക്കപ്പെടുന്നു. യേശുവിന്റെ യാഗം നിമിത്തം നാം ദൈവത്തോട് നിരപ്പ് പ്രാപിച്ചു എന്ന് അറിയുന്നതും (2 കൊരിന്ത്യർ 5:21), ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ (സങ്കീർത്തനം 103:12) ദൈവം നമ്മുടെ പാപങ്ങളെ നീക്കം ചെയ്യുന്നു എന്നറിയുന്നതും എത്ര സന്തോഷകരമാണ്!
എന്നാൽ നമ്മൾ ഇനി ഒരിക്കലും പാപം ചെയ്യില്ല എന്നല്ല ഇതിനർത്ഥം എന്ന് അപ്പോസ്തലനായ യോഹന്നാൻ നമ്മെ ഓർമ്മിപ്പിക്കുന്നു. ആ ഫിൽറ്ററിൻ്റെ ഉദാഹരണം പഠിപ്പിക്കുന്നതു പോലെ, നാമും പാപം ചെയ്യുമ്പോൾ, “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.” (1 യോഹന്നാൻ 1:9) എന്നറിയുന്നതിലൂടെ നമുക്ക് ഉറപ്പും ആശ്വാസവും ലഭിക്കും.
നാം നിരന്തരം ക്രിസ്തുവിനാൽ ശുദ്ധീകരിക്കപ്പെടുകയാണെന്ന് അറിഞ്ഞുകൊണ്ട് നമുക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാം.
നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കാൻ യേശുവിനോട് ആവശ്യപ്പെടുന്നതിൻ്റെ പ്രാധാന്യം എന്താണ്? നിങ്ങൾ പാപത്തിന്റെ തടവുകാരനായിരിക്കേണ്ടതില്ലെന്ന് അറിയുന്നത് എത്ര നല്ല കാര്യമാണ്?
പ്രിയ ദൈവമേ, ഞാൻ എന്റെ പാപങ്ങൾ അങ്ങയോട് ഏറ്റുപറഞ്ഞാൽ എന്നോട് ക്ഷമിക്കാൻ അങ്ങ് വിശ്വസ്തനും നീതിമാനുമായതിന് നന്ദി.