എന്റെ “അമ്മാവൻ” എമറി അന്തരിച്ചപ്പോൾ, അദ്ദേഹത്തെക്കുറിച്ച് പലരും വ്യത്യസ്തമായ ഓർമ്മകൾ പങ്കുവച്ചു. എന്നാൽ, എല്ലാവരുടെയും ഓർമ്മകളിൽ പൊതുവായിട്ടുണ്ടായിരുന്ന ഒരു കാര്യം ഇതായിരുന്നു—മറ്റുള്ളവരെ സേവിക്കുന്നതിലൂടെ എമറി ദൈവത്തോടുള്ള തന്റെ സ്നേഹം പ്രകടമാക്കി. മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ സ്നേഹം ഏറ്റവും അധികം പ്രകടമായത് രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളത്തിൽ അദ്ദേഹം ‘കോർമെൻ’ (യുദ്ധത്തിൽ മുറിവേറ്റവരെ പരിചരിക്കുന്ന ആൾ) ആയിരുന്നപ്പോഴാണ്. ആയുധമില്ലാതെ യുദ്ധത്തിനിറങ്ങുന്ന ഒരു വൈദ്യനാണ് കോർമെൻ. ധീരതയ്ക്ക് ഉയർന്ന സൈനിക ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു, എന്നാൽ യുദ്ധകാലത്തും അതിനുശേഷവും എമറിയെ ആളുകൾ ഏറ്റവും കൂടുതൽ ഓർക്കുന്നത് അദ്ദേഹത്തിന്റെ അനുകമ്പയുള്ള സേവനത്തിന്റെ പേരിലാണ്.
പൗലോസ് ഗലാത്യരോട് ആഹ്വാനം ചെയ്ത കാര്യം എമറി തന്റെ നിസ്വാർത്ഥതയിലൂടെ പ്രാവർത്തികമാക്കി. പൗലോസ് എഴുതി, “സഹോദരന്മാരേ, നിങ്ങൾ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ.” (ഗലാത്യർ 5:13). പക്ഷെ എങ്ങനെ? നമ്മുടെ തകർന്ന അവസ്ഥയിൽ, മറ്റുള്ളവരെക്കാൾ നമുക്കുതന്നെ ഒന്നാം സ്ഥാനം നൽകാൻ നാം കഠിനമായി ശ്രമിക്കുന്നു. അപ്പോൾ നമ്മുടെ സ്വഭാവത്തിൽ ഇല്ലാത്ത ഈ നിസ്വാർത്ഥത എവിടെ നിന്ന് വരും?
പൗലോസ് നമ്മെ പ്രബോധിപ്പിക്കുന്നു: “ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം.ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ” (ഫിലിപ്പിയർ 2:4-5). നമ്മോടുള്ള അവന്റെ വലിയ സ്നേഹത്താൽ ക്രൂശിൽ മരിക്കാൻ പോലും ക്രിസ്തു തയ്യാറായതിനെ പൗലോസ് വിവരിക്കുന്നു. പരിശുദ്ധാത്മാവ്, ക്രിസ്തുവിന്റെ ഭാവം നമ്മിൽ ഉളവാക്കുമ്പോൾ മാത്രമേ നാം മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യാൻ പ്രാപ്തരാകുകയുള്ളൂ. അപ്പോൾ, യേശു നമുക്കുവേണ്ടി സ്വയം സമർപ്പിച്ചതുവഴി ചെയ്ത പരമ ത്യാഗത്തെ പ്രതിഫലിപ്പിക്കാൻ നമുക്ക് കഴിയും. നമ്മിലുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് നമുക്ക് കീഴടങ്ങാം.
എപ്പോഴാണ് ആരെങ്കിലും നിങ്ങളെ ത്യാഗപൂർവ്വം സഹായിച്ചത്? ആദ്യം കുടുംബത്തിൽ തുടങ്ങിയിട്ടായാലും, മറ്റുള്ളവർക്ക് എങ്ങനെ സേവനം ചെയ്യാം?
സ്നേഹമുള്ള പിതാവേ, യേശുവിന്റെ ഉത്തമ മാതൃകയ്ക്കും, എനിക്കുവേണ്ടിയുള്ള അവന്റെ ത്യാഗത്തിനും നന്ദി. ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ എന്നിലും ഉണ്ടാകുവാൻ എന്നെ സഹായിക്കേണമേ.