കുറച്ച് വർഷങ്ങൾക്ക് മുമ്പ്, രാഷ്ട്രീയ നേതൃത്വത്തിലെ പ്രക്ഷുബ്ധമായ മാറ്റത്തെത്തുടർന്ന് തങ്ങളുടെ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികൾക്ക് ആതിഥേയത്വം വഹിക്കാൻ ഞങ്ങളുടെ സഭക്ക് അവസരം ലഭിച്ചു. ഒരു ചെറിയ ബാഗിൽ ഒതുക്കാവുന്ന സാധനങ്ങൾ മാത്രം കൊണ്ടാണ് എല്ലാ കുടുംബങ്ങളും എത്തിയത്. ഞങ്ങളുടെ സഭയിലെ കുടുംബങ്ങളിൽ പലതും തങ്ങളുടെ വീടുകൾ തുറന്നു കൊടുത്തു, ചില വീടുകളിൽ സ്ഥലം തീരെ കുറവായിരുന്നു എങ്കിൽ പോലും.

ഈ ഉദാരമായ ആതിഥ്യം, വാഗ്ദത്ത ദേശത്ത് പ്രവേശിച്ചപ്പോൾ യിസ്രായേല്യർക്ക് ലഭിച്ച ദൈവത്തിന്റെ ത്രിമുഖ കൽപ്പനയെ ഓർമ്മിപ്പിക്കുന്നു (ആവർത്തനം 24:19-21). ഒരു കാർഷിക സമൂഹം എന്ന നിലയിൽ അവർ വിളവെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്നു. അടുത്ത വർഷം വരെ ജീവിക്കുവാൻ അവർക്ക് കാർഷിക ഉൽപ്പന്നങ്ങൾ അത്യാവശ്യമായിരുന്നു. “അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ.” (വാക്യം 19) എന്ന കൽപ്പന അതുകൊണ്ട് ദൈവത്തിൽ ആശ്രയിക്കാനുള്ള ഒരു അഭ്യർത്ഥനയായി മാറുന്നു. യിസ്രായേല്യർ ഔദാര്യം കാണിക്കേണ്ടത് തങ്ങൾക്ക് സമൃദ്ധിയുള്ളപ്പോൾ മാത്രമല്ല, ദൈവത്തിന്റെ കരുതലിൽ ആശ്രയിക്കുന്ന ഒരു ഹൃദയത്തിൽ നിന്ന് കൊടുക്കുന്നതിലൂടെയും ആണ്.

അത്തരം ആതിഥ്യം “[അവർ] ഈജിപ്തിൽ അടിമകളായിരുന്നു” എന്ന ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു (വാ. 18, 22). അവർ ഒരിക്കൽ അടിച്ചമർത്തപ്പെട്ടവരും നിരാലംബരുമായിരുന്നു. അവർ ഔദാര്യം കാണിക്കുന്നതിലൂടെ, അവരെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ച ദൈവത്തിന്റെ കൃപ അവർ ഓർക്കുന്നു.

അതുപോലെ, യേശുവിൽ വിശ്വസിക്കുന്നവരും  ഉദാരമനസ്കരായിരിക്കണമെന്ന് വേദപുസ്തകം ഉദ്ബോധിപ്പിക്കുന്നു. പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നു, “നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു …” (2 കൊരിന്ത്യർ 8:9). അവൻ നമുക്ക് തന്നതിനാൽ നാമും നൽകുന്നു.