മൂന്ന് വർഷമായി, വീട്ടാവശ്യങ്ങൾക്കല്ലാതെ, സൂസൻ തനിക്കായി ഒന്നും വാങ്ങിയില്ല. കോവിഡ്-19 മഹാമാരി എന്റെ സുഹൃത്തിന്റെ വരുമാനത്തെ ബാധിച്ചു, അവൾ ലളിതമായ ഒരു ജീവിതശൈലി സ്വീകരിച്ചു. അവൾ പറഞ്ഞു, “ഒരു ദിവസം, എന്റെ അപ്പാർട്ട്മെന്റ് വൃത്തിയാക്കുന്നതിനിടയിൽ, എന്റെ സാധനങ്ങൾ എത്ര മോശവും നിറം മങ്ങിയതുമാണെന്ന് ഞാൻ ശ്രദ്ധിച്ചു, അപ്പോഴാണ് എനിക്ക് പുതിയ സാധനങ്ങൾ ഒന്നും ഇല്ലാത്തതിന്റെ സങ്കടം തുടങ്ങിയത്. പുതിയ സാധനങ്ങൾ കിട്ടുമ്പോഴുള്ള സന്തോഷവും ആവേശവും ഇല്ലാതെയായി. എന്റെ ചുറ്റുമുള്ളതെല്ലാം പഴകിയതും, ശോഭയില്ലാത്തതുമായി തോന്നി. പ്രതീക്ഷിക്കാൻ ഒന്നുമില്ലെന്ന് എനിക്ക് തോന്നി.”
അപ്രതീക്ഷിതമായി ബൈബിളിലെ ഒരു പുസ്തകത്തിൽ സൂസൻ പ്രോത്സാഹനം കണ്ടെത്തി. യെരൂശലേം ബാബിലോണിന്റെ കീഴിലായതിനുശേഷം യിരെമ്യാവ് എഴുതിയ ‘വിലാപങ്ങൾ’ പ്രവാചകനും ജനങ്ങളും അനുഭവിച്ച ദുഃഖത്തിന്റെ ഭീകരത വിവരിക്കുന്നു. എന്നിരുന്നാലും, ദുഃഖത്തിന്റെയും നിരാശയുടെയും നടുവിൽ പ്രത്യാശയ്ക്ക് ഒരു കാരണമുണ്ട്—ദൈവസ്നേഹം. യിരെമ്യാവ് പറഞ്ഞു, “അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു.” (വിലാ. 3:22-23).
ദൈവത്തിന്റെ അഗാധമായ സ്‌നേഹം ഓരോ ദിവസവും പുതുതായി കടന്നുവരുന്നു എന്ന് സൂസൻ
മനസ്സിലാക്കി. ഇനി പ്രതീക്ഷിക്കാൻ ഒന്നുമില്ലെന്ന് തോന്നിപ്പിക്കുന്ന സാഹചര്യങ്ങളിൽ, നമുക്ക് അവന്റെ വിശ്വസ്തതയെയും കരുതലിനെയും ഓർത്തുകൊണ്ട് പ്രത്യാശയോടെ ജീവിക്കുവാൻ കഴിയും. നമുക്ക് ദൈവത്തിൽ ആത്മവിശ്വാസത്തോടെ പ്രത്യാശിക്കാം (വാ. 24-25). നമ്മുടെ പ്രത്യാശ ഒരിക്കലും വ്യർഥമാകുകയില്ല, കാരണം, അത് അവന്റെ അചഞ്ചലമായ സ്നേഹത്തിലും അനുകമ്പയിലും അടിസ്ഥാനപ്പെട്ടതാണ്.
“ദൈവസ്നേഹം ഓരോ ദിവസവും ‘പുതിയതാണ്,’ എനിക്ക് പ്രതീക്ഷയോടെ മുന്നോട്ട് നോക്കാം,”
സൂസൻ പറയുന്നു.
ഒരു പ്രതീക്ഷയും ഇല്ല എന്ന് തോന്നിപ്പിച്ച സാഹചര്യം ഉണ്ടായിട്ടുണ്ടോ? " രാവിലെ തോറും പുതിയതായ" ദൈവസ്നേഹത്തിൻ്റെ വാഗ്ദാനം പ്രത്യാശ നല്കുന്നില്ലേ?
പ്രിയ ദൈവമേ, ഓരോ ദിവസവും അങ്ങയുടെ സ്ഥിരമായ സ്‌നേഹം നല്കുന്നതിന് നന്ദി.