കൈകൊണ്ട്, വസ്ത്രങ്ങൾ ബ്രഷ് ചെയ്ത്, അലക്കിയുണക്കി, ഇസ്തിരിയിടുന്ന ഒരു അലക്കുകാരിയായി എഴുപത് വർഷം കഠിനാധ്വാനം ചെയ്ത ശേഷം ഒടുവിൽ എൺപത്തിയാറാം വയസ്സിൽ ഓസിയോള മെക്കാർടി വിരമിക്കാൻ തയ്യാറായി. അത്രയും വർഷങ്ങൾ തന്റെ തുച്ഛമായ വരുമാനത്തിൽ നിന്ന് അവർ കരുതലോടെ മിച്ചംപിടിച്ച $150,000 (ഏകദേശം ₹1.24 കോടി), തന്റെ കൂടെയുള്ളവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, നിർദ്ധനരായ വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പ് ഫണ്ട് ഉണ്ടാക്കുന്നതിനായി, ഓസിയോള അടുത്തുള്ള സർവകലാശാലയ്ക്ക് സംഭാവന നൽകി. അവരുടെ ത്യാഗപൂർണ്ണമായ സംഭാവനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നൂറുകണക്കിന് ആളുകൾ സംഭാവന നൽകി. അതുമൂലം അവരുടെ സ്‌കോളർഷിപ്പ് ഫണ്ട് മൂന്നിരട്ടിയായി വർധിച്ചു.
സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുമ്പോളല്ല, മറ്റുള്ളവരുടെ അനുഗ്രഹത്തിനായി ഉപയോഗിക്കുമ്പോളാണ് തന്റെ സമ്പത്തിന് മൂല്യമുണ്ടാകുന്നത് എന്ന് ഓസിയോള മനസ്സിലാക്കി.
ഈ ലോകത്തിൽ സമ്പന്നരായവരോട് “സൽപ്രവൃത്തികളിൽ സമ്പന്നരാകാൻ” (1 തിമൊഥെയൊസ് 6:18) കൽപ്പിക്കാൻ അപ്പോസ്തലനായ പൗലോസ് തിമൊഥെയൊസിനെ ഉദ്ബോധിപ്പിച്ചു. നമുക്ക് ഓരോരുത്തർക്കും കാര്യവിചാരകന്മാരായി ഉപയോഗിക്കുവാനാണ് സമ്പത്ത് നൽകിയിട്ടുള്ളത്. അത് പണമോ മറ്റ് വിഭവങ്ങളോ ആകാം. നമ്മുടെ വിഭവങ്ങളിൽ ആശ്രയിക്കുന്നതിനുപകരം, ദൈവത്തിൽ മാത്രം പ്രത്യാശ വെക്കാൻ പൗലോസ് മുന്നറിയിപ്പ് നൽകുന്നു (വാക്യം 17). നാം “ദാനശീലരും ഔദാര്യമുള്ളവരുമായി” സ്വർഗത്തിൽ നിക്ഷേപം ഉണ്ടാക്കണം (വാക്യം 18).
ദൈവത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ, പിശുക്ക് കാണിക്കുന്നതും, ഉദാരമനസ്കത കാണിക്കാത്തതും ഒന്നുമില്ലായ്മയിലേക്ക് നയിക്കുന്നു. സ്നേഹപൂർവ്വം മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ നമുക്ക് ചാരിതാർഥ്യം ലഭിക്കുന്നു. കൂടുതലായി വേണമെന്ന് ആഗ്രഹിക്കുന്നതിന് പകരം ദൈവഭക്തിയും സംതൃപ്തിയും ഉണ്ടായിരിക്കുന്നത് വലിയ നേട്ടമാണ് (വാക്യം 6). ഓസിയോളയെപ്പോലെ നമുക്ക് എങ്ങനെ ഔദാര്യമായി നൽകാൻ സാധിക്കും? ദൈവഹിതപ്രകാരം സൽപ്രവൃത്തികളിൽ സമ്പന്നരാകാൻ ഇന്ന് നമുക്ക് പരിശ്രമിക്കാം.
ഉദാരമനസ്കരായിരിക്കാൻ ഇന്ന് നിങ്ങൾക്ക് ഏതെല്ലാം അവസരങ്ങളുണ്ട്? നിങ്ങൾക്ക് ഉള്ളത് പങ്കിടുമ്പോൾ എങ്ങനെ കൂടുതൽ സംതൃപ്തി ലഭിക്കും?
എന്റെ കൈവശമുള്ള വിഭവങ്ങൾക്ക് നന്ദി, ദൈവമേ. ഇന്ന് ഞാൻ അവയെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.