ചില കാര്യങ്ങളെയോ, സാഹചര്യങ്ങളെയോ കുറിച്ചുള്ള “യുക്തിരഹിതമായ ഭയം” എന്നാണ് ഒരു ഫോബിയയെ നിർവചിച്ചിരിക്കുന്നത്. അരക്നോഫോബിയ എന്നത് ചിലന്തികളെ ഭയപ്പെടുന്നതാണ് (ചിലർ വാദിച്ചേക്കാം, ഇത് തികച്ചും യുക്തിസഹമായ കാര്യമാണ്!). പിന്നെ ഗ്ലോബോഫോബിയയും, ചോക്കൊലേറ്റോഫോബിയയും ഉണ്ട്. ഇങ്ങനെ നാനൂറോളം ഭയങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്തിനേയും നാം ഭയപ്പെടാൻ സാധ്യതയുണ്ട് എന്ന് ചുരുക്കം.
പത്തു കൽപ്പനകൾ ലഭിച്ചശേഷം യിസ്രായേല്യർ ഭയപ്പെട്ടിരുന്നതായി ബൈബിൾ പറയുന്നു: “ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും . . . വിറെച്ചുകൊണ്ടു ദൂരത്തു നിന്നു” (പുറപ്പാട് 20:18). ഏറ്റവും രസകരമായ ഈ പ്രസ്താവന നൽകി മോശ അവരെ ആശ്വസിപ്പിച്ചു: “ഭയപ്പെടേണ്ട. ദൈവഭയം നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണ്ടതിന് നിങ്ങളെ പരീക്ഷിക്കാനാണ് ദൈവം വന്നിരിക്കുന്നത്” (വാക്യം 20). മോശ പറഞ്ഞതിൽ വിരോധാഭാസം തോന്നുന്നു: “ഭയപ്പെടേണ്ട, എന്നാൽ ഭയപ്പെടണം.” വാസ്തവത്തിൽ, “ഭയം” എന്നതിനുള്ള എബ്രായ പദത്തിൽ കുറഞ്ഞത് രണ്ട് അർഥങ്ങളെങ്കിലും അടങ്ങിയിരിക്കുന്നു—എന്തിനെയെങ്കിലും കുറിച്ചുള്ള ഭയം, അല്ലെങ്കിൽ ദൈവത്തോടുള്ള ആദരവോടെയുള്ള ഭയം.
ഗ്ലോബോഫോബിയ ബലൂണുകളോടുള്ള ഭയമാണെന്നും, ചോക്കൊലേറ്റോഫോബിയ ചോക്കൊലേറ്റിനോടുള്ള ഭയമാണെന്നും മനസ്സിലാക്കുമ്പോൾ നാം ചിരിച്ചുപോകും. എല്ലാത്തരം കാര്യങ്ങളെയും നമുക്ക് ഭയപ്പെടാം എന്നതാണ് ഫോബിയയെക്കുറിച്ചുള്ള കൂടുതൽ ഗുരുതരമായ സത്യം. ചിലന്തികളെപ്പോലെ ഭയം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു, ലോകം നമ്മെ ഭയപ്പെടുത്തുന്ന ഒരു സ്ഥലമായി മാറാം. ഫോബിയയോടും, ഭയത്തോടും പോരാടുമ്പോൾ, നമ്മുടെ ദൈവം ഭയങ്കരനായ ദൈവമാണെന്നും, ഇരുട്ടിന്റെ നടുവിൽ അവൻ ഏറ്റവും അടുത്ത ആശ്വാസം ആകുന്നു എന്നും ഓർമ്മിക്കുന്നത് നല്ലതാണ്.
നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ എന്തിനെയാണ് ഭയപ്പെടുന്നത്? ആ ഭയത്തെ മറികടക്കാൻ ദൈവസ്നേഹം നിങ്ങളെ എങ്ങനെ സഹായിക്കുന്നു?
പ്രിയ ദൈവമേ, ഞാൻ ഭയപ്പെടുന്ന പല കാര്യങ്ങളുമുണ്ട്. എന്റെ ഹൃദയത്തെ ആശ്വസിപ്പിക്കേണമേ. അങ്ങയുടെ സ്നേഹത്തിൽ ആശ്വാസം കണ്ടെത്തുവാൻ എന്നെ സഹായിക്കേണമേ.