“എനിക്കെന്താ സ്ട്രോബെറി ലോലിപോപ്പ് തന്നത്? അവൾക്ക് മുന്തിരി ലോലിപോപ്പാണല്ലോ കൊടുത്തത്? എന്റെ ആറുവയസ്സുള്ള അനന്തരവൾ ചോദിച്ചു. കുട്ടികൾ പലപ്പോഴും തങ്ങൾക്കു ലഭിക്കുന്നത് മറ്റുള്ളവർക്ക് ലഭിക്കുന്നതുമായി താരതമ്യം ചെയ്യുമെന്ന് എന്റെ അനന്തരവളും അനന്തരവനും എന്നെ നേരത്തെ പഠിപ്പിച്ചിരുന്നു. ഇതിനർത്ഥം, ഒരു അമ്മായി എന്ന നിലയിൽ, ഞാൻ നീതിയോടെ പ്രവർത്തിക്കണം എന്നാണ്! 

ഞാനും ചിലപ്പോൾ ദൈവം എനിക്ക് നൽകുന്ന കാര്യങ്ങളെ അവൻ മറ്റുള്ളവർക്ക് നൽകിയവയുമായി താരതമ്യം ചെയ്യുന്നു. “എനിക്ക് എന്തുകൊണ്ടാണ് ഇതും, അവൾക്ക്  അതും കിട്ടിയത്?” ഞാൻ ദൈവത്തോട് ചോദിക്കുന്നു. എന്റെ ചോദ്യം ഗലീല കടൽത്തീരത്തുവച്ച് ശിമോൻ പത്രോസ് യേശുവിനോട് ചോദിച്ചത് എന്നെ ഓർമ്മിപ്പിക്കുന്നു. പത്രോസ് തന്നെ തള്ളിപ്പറഞ്ഞതിനു ശേഷം യേശു അവനോട് ക്ഷമിക്കുകയും അവനെ യഥാസ്ഥാനപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു രക്തസാക്ഷിയുടെ മരണത്തിലൂടെ താൻ ദൈവത്തെ മഹത്വപ്പെടുത്തുമെന്ന് ഇപ്പോൾ അവനോട് പറയുകയായിരുന്നു (യോഹന്നാൻ 21:15-19). എന്നിരുന്നാലും, തന്നെ അനുഗമിക്കാനുള്ള യേശുവിന്റെ ക്ഷണത്തിന് “അങ്ങനെയാകട്ടെ” എന്ന് മറുപടി പറയുന്നതിനുപകരം, “കർത്താവേ, ഇവന്നു [യോഹന്നാന് ] എന്തു ഭവിക്കും?” എന്ന് പത്രോസ് ചോദിച്ചു. (വാ. 21).

യേശു മറുപടി പറഞ്ഞു, “അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക” (വാക്യം 22). യേശു നമ്മോടും ഇതുതന്നെ പറയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഒരു മേഖലയിൽ ദൈവം നമുക്ക് വഴികാണിച്ചു തരുമ്പോൾ നാം അവനിൽ ആശ്രയിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. നാം നമ്മുടെ ജീവിതയാത്രയെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തേണ്ടതില്ല. മറിച്ച്, നാം അവനെ അനുഗമിക്ക മാത്രമാണ് വേണ്ടത്.

മുപ്പതിലധികം വർഷം ആദിമ സഭയുടെ ഒരു ധീരനായ നേതാവായി അപ്പസ്തോലനായ പത്രോസ് ദൈവത്തെ അനുഗമിച്ചു. ചരിത്രരേഖകൾ കാണിക്കുന്നത് അദ്ദേഹം നീറോ ചക്രവർത്തിയുടെ കാലത്ത് ഭയമില്ലാതെ രക്തസാക്ഷിയായി മരണം വരിച്ചു എന്നാണ്. നമുക്കും ചോദ്യം ചെയ്യപ്പെടാനാകാത്ത സ്ഥിരതയോടെ ദൈവത്തെ അനുകരിക്കാം, അവിടുത്തെ സ്നേഹത്തെയും മാർഗനിർദ്ദേശങ്ങളെയും അംഗീകരിച്ചു കൊണ്ട്.