സ്പോർട്സ് സ്റ്റേഡിയം അല്ലാത്ത ഒരു വേദിയിലേക്ക് ഒരു പ്രശസ്ത കായികതാരം കടന്നുചെന്നു. ആ ജയിൽ കെട്ടിടത്തിലുള്ള മുന്നൂറു തടവുകാരോട് അവൻ യെശയ്യാവിൽ നിന്നുള്ള വചനം പങ്കുവെച്ചു.

എന്നിരുന്നാലും, ഈ നിമിഷം ഒരു പ്രശസ്ത കായികതാരത്തെക്കുറിച്ചുള്ളതായിരുന്നില്ല, മറിച്ച്, തകർന്നതും വേദനിപ്പിക്കുന്നതുമായ ആത്മാക്കളുടെ സാഗരത്തെക്കുറിച്ചായിരുന്നു. ഈ പ്രത്യേക സമയത്ത്, ദൈവം ജയിലഴികൾക്കു പിന്നിൽ പ്രത്യക്ഷപ്പെട്ടു. “ആരാധനയാലും സ്തുതികളാലും പ്രാർത്ഥനാമന്ദിരം മുഖരിതമായി തുടങ്ങി” എന്ന് ഒരു നിരീക്ഷകൻ ട്വീറ്റ് ചെയ്തു. പുരുഷന്മാർ ഒരുമിച്ചിരുന്നു കരഞ്ഞു പ്രാർത്ഥിച്ചു. അവസാനം ഇരുപത്തിയേഴോളം അന്തേവാസികൾ തങ്ങളുടെ ജീവിതം ക്രിസ്തുവിനായി സമർപ്പിച്ചു.

ഒരു തരത്തിൽ പറഞ്ഞാൽ, നാമെല്ലാവരും നമ്മുടെതായ സ്വന്തം തടവറകളിൽ, അത്യാഗ്രഹത്തിന്റെയും സ്വാർത്ഥതയുടെയും ആസക്തിയുടെയും ജയിലഴികളിൽ കുടുങ്ങിക്കിടക്കുകയാണ്. എന്നാൽ അത്ഭുതകരമായി, ദൈവം വെളിപ്പെട്ടു. അന്നു രാവിലെ ആ തടവറയിൽ, പ്രധാന വാക്യം ഇതായിരുന്നു, “ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അതു അറിയുന്നില്ലയോ?” (യെശയ്യാവു 43:19). “എന്റെ നിമിത്തം ഞാൻ, ഞാൻ തന്നേ… നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല” എന്നു ദൈവം പറയുന്നതിനാൽ “മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ” എന്നും “പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ” (വാ. 18) എന്നും ഈ വേദഭാഗം നമ്മെ ഓർമ്മപ്പെടുത്തുന്നു.

എങ്കിലും ദൈവം വ്യക്തമാക്കുന്നു: “ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല” (വാ. 11). നമ്മുടെ ജീവിതം ക്രിസ്തുവിനു സമർപ്പിക്കുന്നതിലൂടെ മാത്രമാണു നാം സ്വതന്ത്രരാക്കപ്പെടുന്നത്. നമ്മിൽ ചിലരൊക്കെ അതു ചെയ്യേണ്ടതുണ്ട്; നമ്മിൽ വേറെ ചിലർ അതു ചെയ്തിട്ടുണ്ടെങ്കിലും നമ്മുടെ ജീവിതത്തിന്റെ കർത്താവു യഥാർത്ഥത്തിൽ ആരാണെന്ന് അവരെ ഓർമ്മപ്പെടുത്തേണ്ടതുണ്ട്. ക്രിസ്തുവിലൂടെ ദൈവം തീർച്ചയായും “പുതിയതൊന്നു” ചെയ്യുമെന്നു നമുക്ക് ഉറപ്പുണ്ട്. അതിനാൽ, എന്തായിരിക്കും ഉത്ഭവിക്കുക നമുക്കു നോക്കാം!