ഞങ്ങളുടെ സ്കൂൾ കസ്റ്റോഡിയനായ ബെൻജി ഉച്ചഭക്ഷണത്തിനു എത്തിച്ചേരാൻ വൈകുമെന്ന് എന്റെ സെമിനാരി പ്രൊഫസറായ ഡോ. ലീ മനസ്സിലാക്കിയപ്പോൾ, അദ്ദേഹം മൗനമായി ഒരു പ്ലേറ്റു ഭക്ഷണം അദ്ദേഹത്തിനുവേണ്ടി മാറ്റിവച്ചു. ഞാനും എന്റെ സഹപാഠികളും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഡോ. ലീ ബെൻജിക്കുവേണ്ടി അവസാന കഷ്ണം റൈസ് കേക്കും അതിനു സ്വാദിഷ്ടമായ ടോപ്പിംഗായി കുറച്ചു തേങ്ങ ചിരകിയതും മാറ്റിവെച്ചു. ഒരു പ്രമുഖ ദൈവശാസ്ത്രജ്ഞന്റെ ഇത്തരത്തിലുള്ള പല പ്രവൃത്തികളിൽ ഒന്നായ ഇത്, ഡോ. ലീയുടെ ദൈവത്തോടുള്ള വിശ്വസ്തതയുടെ അതിപ്രസരമായി ഞാൻ കരുതുന്നു. ഇരുപതു വർഷങ്ങൾക്കു ശേഷവും അദ്ദേഹം എന്നിൽ സൃഷ്ടിച്ച ആഴത്തിലുള്ള മതിപ്പ് അവശേഷിക്കുന്നു.
അനേകം വിശ്വാസികളിൽ ആഴത്തിലുള്ള മതിപ്പു സൃഷ്ടിച്ച ഒരു പ്രിയ സുഹൃത്ത് അപ്പൊസ്തലനായ യോഹന്നാനും ഉണ്ടായിരുന്നു. ദൈവത്തോടും തിരുവെഴുത്തുകളോടും വിശ്വസ്തത പുലർത്തുകയും “സത്യത്തിൽ” തുടർച്ചയായി നടക്കുകയും ചെയ്യുന്ന ഒരാളായാണ് അവർ ഗായൊസിനെ കുറിച്ചു സംസാരിച്ചത് (3 യോഹന്നാൻ 1:3). അപരിചിതരായിട്ടുകൂടി, സഞ്ചാരികളായ സുവിശേഷ പ്രസംഗകർക്ക് ഗായൊസ് ആതിഥ്യമരുളി (വാ. 5). തത്ഫലമായി, യോഹന്നാൻ അവനോടു പറഞ്ഞു, “അവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു” (വാ. 6). ദൈവത്തോടും യേശുവിലുള്ള മറ്റു വിശ്വാസികളോടുമുള്ള ഗായൊസിന്റെ വിശ്വസ്തത സുവിശേഷത്തെ പരക്കാൻ സഹായിച്ചു.
എന്റെ അധ്യാപകൻ എന്നിൽ ചെലുത്തിയ സ്വാധീനവും തന്റെ നാളിൽ ഗായൊസ് ചെലുത്തിയ സ്വാധീനവും നമുക്കു മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലുകളാണ് — മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകർഷിക്കാൻ ദൈവത്തിന് ഉപയോഗിക്കാൻ കഴിയുന്ന സ്വാധീനം. നാം ദൈവത്തോടൊപ്പം വിശ്വസ്തതയോടെ നടക്കുമ്പോൾ, അവനോടൊപ്പം വിശ്വസ്തതയോടെ നടക്കാൻ മറ്റു വിശ്വാസികളെ സഹായിക്കുന്ന വിധത്തിൽ നമുക്കു ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം.
നിങ്ങൾ സത്യത്തിലാണു നടക്കുന്നതെന്നു നിങ്ങൾക്ക് എങ്ങനെ അറിയാം? നിങ്ങളുടെ ജീവിതത്തിൽ നിന്നു മറ്റുള്ളവർക്ക് എന്തു പഠിക്കാനാകും?
പ്രിയ ദൈവമേ, അങ്ങയോടും അങ്ങയുടെ സത്യത്തോടും വിശ്വസ്തനായിരിക്കാൻ എനിക്കു അങ്ങയുടെ സഹായം ആവശ്യമാണ്. മറ്റുള്ളവരെ അങ്ങയിലേക്ക് ആകർഷിക്കുന്ന രീതിയിൽ ജീവിക്കാൻ എന്നെ സഹായിക്കേണമേ.