റയാന്റെ കൗമാരപ്രായത്തിൽ, അവന്റെ അമ്മ ക്യാൻസർ ബാധിച്ചു മരിച്ചു. അവനു കിടപ്പാടം ഒഴിയേണ്ടിവരികയും, താമസിയാതെ പഠനം ഉപേക്ഷിക്കേണ്ടിവരികയും ചെയ്തു. പലപ്പോഴും വിശപ്പു സഹിച്ചുകൊണ്ടു, നിരാശനായി അവൻ ജീവിതം തള്ളിനീക്കി. വർഷങ്ങൾക്കുശേഷം, ലാഭേച്ഛയില്ലാത്ത ഒരു സ്ഥാപനം റയാൻ സ്ഥാപിച്ചു. മറ്റുള്ളവരെ, പ്രത്യേകിച്ചു കൊച്ചുകുട്ടികളെ, കൃഷിചെയ്യാനും വിളവെടുക്കാനും തങ്ങളുടെ തോട്ടത്തിൽ വളർത്തിയെടുത്ത ആഹാരം തയ്യാറാക്കാനും പ്രാപ്തരാക്കുക എന്നതായിരുന്നു ആ സ്ഥാപനത്തിന്റെ ലക്ഷ്യം. ഭക്ഷണമില്ലായ്മ ആരും അനുഭവിക്കരുതെന്നും എന്തെങ്കിലും ഉള്ളവർ ഇല്ലാത്തവരെ പരിപാലിക്കണമെന്നുമുള്ള വിശ്വാസത്തിൻമേലാണ് സംഘടന കെട്ടിപ്പടുത്തത്. നീതിയോടും കരുണയോടുമുള്ള ദൈവത്തിന്റെ ഹൃദയത്തെ മറ്റുള്ളവരോടുള്ള റയാന്റെ കരുതൽ പ്രതിധ്വനിപ്പിക്കുന്നു.
നാം അഭിമുഖീകരിക്കുന്ന വേദനകളെയും കഷ്ടപ്പാടുകളെയും കുറിച്ചു ദൈവം ആഴത്തിൽ കരുതലുള്ളവനാണ്. യിസ്രായേലിലെ ഭയങ്കരമായ അനീതി കണ്ടപ്പോൾ, അവരുടെ കാപട്യത്തെ വിളിച്ചുപറയാൻ അവൻ ആമോസ് പ്രവാചകനെ അയച്ചു. മിസ്രയീമിലെ അടിമത്തത്തിൽ നിന്നു ദൈവം ഒരിക്കൽ രക്ഷിച്ച ജനം ഇന്നു തങ്ങളുടെ അയൽക്കാരെ ഒരു ജോടി ചെരിപ്പിനു അടിമകളാക്കി വിറ്റുകളഞ്ഞിരിക്കുന്നു (ആമോസ് 2:6). അവർ നിരപരാധികളെ വഞ്ചിച്ചു, അടിച്ചമർത്തപ്പെട്ടവർക്കു നീതി നിഷേധിച്ചു, എളിയവരുടെ “തലയിൽ” ചവിട്ടിമെതിച്ചു (വാ. 6-7). യാഗങ്ങളെല്ലാം അനുഷ്ഠിച്ചും വിശുദ്ധ ദിനങ്ങളെല്ലാം ആചരിച്ചും ദൈവത്തെ ആരാധിക്കുന്നതായി നടിച്ചുകൊണ്ടാണ് അവർ ഇവയൊക്കെ ചെയ്തത് (4:4-5).
“നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു തിന്മയല്ല നന്മ തന്നേ അന്വേഷിപ്പിൻ,” ആമോസ് ജനങ്ങളോട് അപേക്ഷിച്ചു. “അപ്പോൾ നിങ്ങൾ പറയുന്നതുപോലെ സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഇരിക്കും” (5:14). റയാനെപ്പോലെ, മറ്റുള്ളവരുമായി താദാത്മ്യം പ്രാപിക്കാനും അവരെ സഹായിക്കാനും കഴിയുന്നത്ര വേദനയും അനീതിയും ജീവിതത്തിൽ നാം ഓരോരുത്തരും അനുഭവിച്ചിട്ടുണ്ട്. “നന്മ അന്വേഷിക്കാനും” എല്ലാത്തരം നീതിയും നട്ടുപിടിപ്പിക്കുന്നതിൽ അവനോടൊപ്പം ചേരാനും സമയം അതിക്രമിച്ചിരിക്കുന്നു.
നിങ്ങളുടെ സ്വന്തം അനുഭവവുമായി പ്രതിധ്വനിക്കുന്നതും മറ്റുള്ളവർ അനുഭവിക്കുന്നതുമായ എന്ത് അനീതിയാണു നിങ്ങൾ കാണുന്നത്? അവരെ സഹായിക്കാൻ ദൈവം നിങ്ങളെ എപ്രകാരം ഉപയോഗിച്ചേക്കാം?
നീതിയുടെ ദൈവമേ, ഞങ്ങളുടെ ലോകത്തിലെ വേദനകൾക്കും കഷ്ടപ്പാടുകൾക്കും നേരെ അങ്ങു കണ്ണടയ്ക്കാത്തതിനു നന്ദി.