ഞാൻ രക്ഷിക്കപ്പെട്ട് എന്റെ ജീവിതം ദൈവത്തിനു സമർപ്പിച്ചതിനു ശേഷം, എന്റെ പത്രപ്രവർത്തന ജീവിതം ഉപേക്ഷിക്കാൻ അവൻ എന്നെ പ്രേരിപ്പിക്കുന്നതായി എനിക്കു തോന്നലുണ്ടായി. തൂലിക ഉപേക്ഷിച്ച്, ഞാൻ എന്റെ എഴുത്തു നിർത്തിയപ്പോൾ, എന്നെങ്കിലും ഒരിക്കൽ തന്റെ മഹത്വത്തിനായി എഴുതാൻ എന്നെ ദൈവം വിളിക്കുമെന്ന തോന്നൽ എന്നിലുളവായി. എന്റെ സ്വകാര്യ മരുഭൂമിയിൽ അലഞ്ഞുതിരിയുന്ന വർഷങ്ങളിൽ, പുറപ്പാടു 4-ലെ മോശയുടെയും അവന്റെ വടിയുടെയും കഥ എന്നിൽ പ്രോത്സാഹനം നിറച്ചു.
നല്ലൊരു ഭാവിയോടെ ഫറവോന്റെ കൊട്ടാരത്തിൽ വളർന്നുവന്ന മോശെ, മിസ്രയീമിൽ നിന്നു പലായനം ചെയ്ത്, ദൈവം അവനെ വിളിച്ച കാലത്ത് ഒരു ഇടയനായി അജ്ഞാതവാസം നയിക്കുകയായിരുന്നു. ദൈവത്തിനു സമർപ്പിക്കാൻ തന്റെ പക്കൽ ഒന്നുമില്ലെന്നു മോശെ കരുതി കാണണം. എന്നാൽ, തന്റെ മഹത്വത്തിനായി ആരെയും എന്തും ഉപയോഗിക്കാൻ ദൈവത്തിനു സാധിക്കുമെന്ന് മോശെ പഠിച്ചു.
“നിന്റെ കയ്യിൽ ഇരിക്കുന്നതു എന്തു?” ദൈവം ചോദിച്ചു. “ഒരു വടി,” മോശെ മറുപടി പറഞ്ഞു. “അതു നിലത്തിടുക” എന്നു ദൈവം പറഞ്ഞു (പുറപ്പാട് 4:2-3). മോശെയുടെ ആ സാധാരണ വടി ഒരു പാമ്പായി മാറി. അവൻ ആ പാമ്പിനെ പിടിച്ചപ്പോൾ ദൈവം അതിനെ വീണ്ടും വടിയാക്കി മാറ്റി (വാ. 3-4). “അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു പ്രത്യക്ഷനായി എന്നു അവർ വിശ്വസിക്കേണ്ടതിന്നു” ആ അടയാളം ദൈവം യിസ്രായേൽമക്കൾക്കു നൽകി (വാ. 5). മോശെ തന്റെ വടി താഴെയിടുകയും വീണ്ടും എടുക്കുകയും ചെയ്തപ്പോൾ, ദൈവത്തെ അനുസരിച്ച് ഒരു പത്രപ്രവർത്തകനെന്ന നിലയിലുള്ള എന്റെ ജീവിതം ഞാൻ ഉപേക്ഷിച്ചു. പിന്നീട്, എന്റെ തൂലിക വീണ്ടും എടുക്കാൻ അവൻ എനിക്കു പ്രേരണ നൽകി. ഇപ്പോൾ ഞാൻ അവനുവേണ്ടി എഴുതുന്നു.
ദൈവത്താൽ ഉപയോഗിക്കപ്പെടാൻ നമ്മുടെ പക്കൽ അധികമൊന്നും ആവശ്യമില്ല. അവൻ നമുക്കു നൽകിയ താലന്തുകൾ ഉപയോഗിച്ചു നമുക്ക് അവനെ സേവിക്കാൻ സാധിക്കും. എവിടെ തുടങ്ങണമെന്ന് ഉറപ്പില്ലേ? നിങ്ങളുടെ കയ്യിൽ ഇരിക്കുന്നത് എന്താണ്?
ദൈവത്തെ സേവിക്കാൻ നിങ്ങളുടെ കഴിവുകൾ എങ്ങനെ ഉപയോഗിക്കാം? ഇന്ന് ഒരാൾക്ക് അനുഗ്രഹമാകാൻ നിങ്ങളുടെ പക്കലുള്ള വിഭവങ്ങൾ എപ്രകാരം ഉപയോഗിക്കാൻ കഴിയും?
പിതാവായ ദൈവമേ, അങ്ങയ്ക്കു മഹത്വം കരേറ്റാനായി എന്റെ ജീവിതം ഉപയോഗിക്കാൻ എന്നെ സഹായിക്കേണമേ.