വടക്കുകിഴക്കൻ ഇന്ത്യയിലെ മിസോറാം എന്ന സംസ്ഥാനം ദാരിദ്ര്യത്തിൽ നിന്ന് പതുക്കെ കരകയറിക്കൊണ്ടിരിക്കുകയാണ്. വരുമാനമില്ലെങ്കിലും, ഈ പ്രദേശത്ത് സുവിശേഷം ആദ്യമായി വന്നതുമുതൽ, യേശുവിൽ വിശ്വസിക്കുന്നവർ “പിടി അരി” എന്ന് വിളിക്കപ്പെടുന്ന ഒരു പ്രാദേശിക പാരമ്പര്യം ആചരിച്ചുവരുന്നു. ദിവസേന ഭക്ഷണം പാചകം ചെയ്യുമ്പോൾ ഒരുപിടി വേവിക്കാത്ത അരി മാറ്റിവെച്ച് സഭയിൽ കൊടുക്കും. ലോക നിലവാരം അനുസരിച്ചു ദരിദ്രമായ മിസോറാം സഭകൾ ദശലക്ഷക്കണക്കിനു പണം മിഷനുകൾക്കു നൽകുകയും ലോകമെമ്പാടും മിഷനറിമാരെ അയയ്ക്കുകയും ചെയ്തു. അവരുടെ സ്വന്തം നാട്ടിലെ പലരും ക്രിസ്തുവിലേക്ക് വന്നുചേർന്നിട്ടുമുണ്ട്.
2 കൊരിന്ത്യർ 8-ൽ പൗലൊസ് സമാനമായ വെല്ലുവിളി നേരിടുന്ന ഒരു സഭയെക്കുറിച്ചു വിവരിക്കുന്നുണ്ട്. മക്കെദോന്യയിലെ വിശ്വാസികൾ ദരിദ്രരായിരുന്നു, പക്ഷേ സന്തോഷത്തോടെയും സമൃദ്ധമായും നൽകുന്നതിൽ നിന്ന് അത് അവരെ തടഞ്ഞില്ല (വാ. 1-2). കൊടുക്കുന്നത് തങ്ങളുടെ ഒരു പദവിയായി കണ്ടുകൊണ്ടു അവർ പൗലൊസുമായി സഹകരിക്കാൻ “പ്രാപ്തിക്കു മീതെ” (വാ. 3) നൽകി. തങ്ങൾ ദൈവത്തിന്റെ വിഭവങ്ങളുടെ കാര്യസ്ഥർ മാത്രമാണെന്ന് അവർ മനസ്സിലാക്കി. തങ്ങളുടെ എല്ലാ ആവശ്യങ്ങളും അറിഞ്ഞു നൽകുന്ന ദൈവത്തിൽ അവർക്കുള്ള ആശ്രയം കാണിക്കാനുള്ള ഒരു ഉപാധിയായിരുന്നു അവരെ സംബന്ധിച്ചു കൊടുക്കൽ.
കൊടുക്കുന്നതിനോട് സമാനമായ സമീപനം പുലർത്താൻ കൊരിന്ത്യരെ പ്രോത്സാഹിപ്പിക്കാൻ പൗലൊസ് മക്കെദോന്യക്കാരെ ഉപയോഗിച്ചു. “വിശ്വാസം, വചനം, പരിജ്ഞാനം, പൂർണ്ണജാഗ്രത, ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെ എല്ലാറ്റിലും” കൊരിന്ത്യക്കാർ മികവ് പുലർത്തി. ഇനി അവർ “ധർമ്മകാര്യത്തിലും മുന്തി”വരേണ്ടതുണ്ട് (വാ. 7).
മക്കെദോന്യക്കാരെയും മിസോറാമിലെ വിശ്വാസികളെയും പോലെ, ഉള്ളതിൽ നിന്ന് ഉദാരമായി നൽകിക്കൊണ്ട് നമ്മുടെ പിതാവിന്റെ ഔദാര്യം നമുക്കും പ്രതിഫലിപ്പിക്കാൻ കഴിയും.
ത്യാഗപൂർണ്ണമായ കൊടുക്കൽ എവിടെയാണ് നിങ്ങൾ കണ്ടിട്ടുള്ളത്? ദൈവത്തിൽനിന്നു നിങ്ങൾക്കു ലഭിച്ച ഉദാരമായ ദാനത്തോടുള്ള പ്രതികരണമായി നിങ്ങൾക്ക് എങ്ങനെ ഉദാരമായി നൽകാൻ കഴിയും?
പിതാവേ, അങ്ങയുടെ വേലയ്ക്ക് മിസോറാം സഭ ഉദാരമായി നൽകുന്നത് തുടരുന്നതിനാൽ അവർക്കുവേണ്ടി ഞാൻ അങ്ങയോടു പ്രാർത്ഥിക്കുന്നു.