റൊട്ടി മോഷ്ടിക്കുന്നുവെന്ന് സൂപ്പർവൈസർ ആരോപിച്ചപ്പോൾ ബേക്കിംഗ് അസിസ്റ്റന്റായ മിലയ്ക്കു സ്വയം പ്രതിരോധിക്കാൻ കഴിയാത്തവിധം നിസ്സഹായയായി തോന്നി. അടിസ്ഥാനരഹിതമായ വാദവും അതിനെത്തുടർന്നുണ്ടായ ശമ്പള കിഴിവും അവളുടെ സൂപ്പർവൈസറിൽ നിന്നുള്ള തെറ്റായ നടപടികളിൽ രണ്ടെണ്ണം മാത്രമായിരുന്നു. “ദൈവമേ, കരുണതോന്നി എന്നെ സഹായിക്കേണമേ,” മില എല്ലാ ദിവസവും പ്രാർത്ഥിച്ചു. “അവളുടെ കീഴിൽ ജോലി ചെയ്യുക എന്നത് വളരെ ക്ലേശകരമാണ്, പക്ഷേ എനിക്ക് ഈ ജോലി ആവശ്യമാണ്.”
“[അവളുടെ] പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ” (ലൂക്കൊസ് 18:3) എന്ന് അപേക്ഷിച്ച നിസ്സഹായ അവസ്ഥയിലുള്ള ഒരു വിധവയെക്കുറിച്ച് യേശു പറയുന്നു. അവളുടെ വ്യവഹാരം പരിഹരിക്കാൻ അധികാരമുള്ള ഒരാളിലേക്ക് അവൾ തിരിഞ്ഞു – ഒരു ന്യായാധിപനിലേക്ക്. ന്യായാധിപൻ അനീതിയുള്ളവനാണെന്ന് അറിഞ്ഞിട്ടും അവൾ അവനെ സമീപിക്കുന്നതിൽ ഉറച്ചുനിന്നു.
ന്യായാധിപന്റെ അന്തിമ പ്രതികരണം (വാ. 4-5) നമ്മുടെ സ്വർഗീയ പിതാവിൽ നിന്നു ലഭിക്കുന്നതിൽ നിന്നും അനന്തമായി വ്യത്യസ്തമാണ്. അവൻ സ്നേഹത്തോടും സഹായത്തോടും വേഗത്തിൽ പ്രതികരിക്കുന്നു (വാ. 7). അന്യായക്കാരനായ ഒരു ന്യായാധിപൻ ഒരു വിധവയുടെ വ്യവഹാരം അവളുടെ സ്ഥിരോത്സാഹം മൂലം പരിഗണിക്കാൻ ഇടയായാൽ, നീതിമാനായ ന്യായാധിപനായ ദൈവത്തിനു നമുക്കുവേണ്ടി എത്രയധികം ചെയ്യാൻ കഴിയും (വാ. 7-8)? “തന്റെ വൃതന്മാരുടെ കാര്യത്തിൽ… പ്രതിക്രിയ നടത്തി” രക്ഷിക്കുമെന്ന് നമുക്ക് അവനിൽ വിശ്വസിക്കാം (വാ. 7). പ്രാർത്ഥിക്കുന്നതിൽ സ്ഥിരത പുലർത്തുന്നത് അവനിലുള്ള നമ്മുടെ ആശ്രയം കാണിക്കുന്നതിനുള്ള ഒരു മാർഗമാണ്. നമ്മുടെ സാഹചര്യത്തോട് ദൈവം പരിപൂർണ്ണ ജ്ഞാനത്തിൽ പ്രതികരിക്കുമെന്ന വിശ്വാസമുള്ളതുകൊണ്ടാണ് നാം ഉറച്ചുനിൽക്കുന്നത്.
ഒടുവിൽ, മിലയുടെ സൂപ്പർവൈസറിന്റെ പെരുമാറ്റത്തെക്കുറിച്ച് മറ്റ് ജീവനക്കാർ പരാതിപ്പെട്ടതിനെത്തുടർന്ന് സൂപ്പർവൈസർക്കു രാജിവയ്ക്കേണ്ടി വന്നു. നാം ദൈവത്തെ അനുസരിച്ചു നടക്കുമ്പോൾ, നമ്മെ കേൾക്കുകയും സഹായിക്കുകയും ചെയ്യുന്നവനിലാണ് നമ്മുടെ പ്രാർത്ഥനയുടെ ശക്തിയെന്ന് അറിഞ്ഞുകൊണ്ട് നമുക്ക് പ്രാർത്ഥനയിൽ ഉറച്ചുനിൽക്കാം.
എപ്പോഴാണ് നിങ്ങൾക്ക് പ്രാർത്ഥന ഉപേക്ഷിക്കാൻ തോന്നിയിട്ടുള്ളത്? പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന്റെ സ്വഭാവത്തെക്കുറിച്ച് നിങ്ങൾക്ക് എങ്ങനെ ചിന്തിക്കാനാകും?
സ്നേഹമുള്ള ദൈവമേ, അങ്ങ് ആരാണെന്ന് ദയവായി എന്നെ ഓർമ്മിപ്പിച്ച്, പ്രാർത്ഥിക്കുന്നതിൽ തുടരാൻ എന്നെ സഹായിക്കേണമേ.