ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു കുടുംബത്തിലാണ് നെയ്ഥൻ വളർന്നുവന്നത്. എന്നാൽ ഒരു കോളേജ് വിദ്യാർത്ഥിയായിരിക്കെ തന്റെ കുട്ടിക്കാലത്തെ വിശ്വാസത്തിൽ നിന്ന് മദ്യപാനവും പാർട്ടിയും പോലുള്ള കാര്യങ്ങളിലേക്ക് അവൻ വഴിതെറ്റാൻ പോകാൻ തുടങ്ങി. “എനിക്ക് അർഹതയില്ലാത്തപ്പോൾ ദൈവം എന്നെ അവനിലേക്ക് തിരികെ കൊണ്ടുവന്നു,” അവൻ പറഞ്ഞു. കാലങ്ങൾക്കു ശേഷം, പ്രധാന നഗരങ്ങളിലെ തെരുവുകളിൽ അപരിചിതരുമായി യേശുവിനെ പങ്കിടാൻ നെയ്ഥൻ ഒരു വേനൽക്കാലം ചെലവഴിച്ചു. ഇപ്പോൾ തന്റെ സഭയിൽ യുവജന ശുശ്രൂഷയിൽ പഠനം പൂർത്തിയാക്കുകയാണ് അവൻ. ക്രിസ്തുവിനുവേണ്ടി ജീവിക്കാതെ സമയം പാഴാക്കുന്ന യുവാക്കളെ ഇതിൽ നിന്നു പിന്തിരിയാൻ സഹായിക്കുക എന്നതാണ് നെയ്ഥന്റെ ലക്ഷ്യം.

നെയ്ഥനെപ്പോലെ, യിസ്രായേല്യ നേതാവായ മോശയ്ക്കും അടുത്ത തലമുറയ്ക്കുവേണ്ടി കരുതലുണ്ടായിരുന്നു. താൻ ഉടൻ നേതൃത്വം ഒഴിഞ്ഞുകൊടുക്കേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ട്, മോശെ ദൈവത്തിന്റെ നല്ല നിയമങ്ങൾ ജനങ്ങൾക്ക് പകർന്നുനൽകി. തുടർന്ന് അനുസരണത്തിന്റെയോ അനുസരണക്കേടിന്റെയോ ഫലങ്ങൾ പട്ടികപ്പെടുത്തി: അനുസരണത്തിന് അനുഗ്രഹവും ജീവനും. അനുസരണക്കേടിന് ശാപവും മരണവും. “അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും… ജീവനെ തിരഞ്ഞെടുത്തുകൊൾക” അവൻ അവരോടു പറഞ്ഞു, “അതല്ലോ നിനക്കു ജീവനും ദീർഘായുസ്സും ആകുന്നു” (ആവർത്തനപുസ്തകം 30:19-20). “അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്ക” (വാ. 20) എന്നു പറഞ്ഞുകൊണ്ടു ദൈവത്തെ സ്നേഹിക്കാൻ മോശ അവരെ പ്രോത്സാഹിപ്പിച്ചു. 

പാപം തിരഞ്ഞെടുക്കുന്നത് അതിന്റെ അനന്തരഫലങ്ങളും കൊണ്ടുവരുന്നു. എന്നാൽ നാം നമ്മുടെ ജീവിതം വീണ്ടും ദൈവത്തിനു സമർപ്പിക്കുമ്പോൾ, അവൻ തീർച്ചയായും മനസ്സലിഞ്ഞു  (വാ. 2-3) നമ്മെ കൂട്ടിച്ചേർക്കും (വാ. 4). യിസ്രായേൽ ജനത്തിന്റെ ചരിത്രത്തിലുടനീളം ഈ വാഗ്ദത്തം നിറവേറ്റപ്പെട്ടു. മാത്രമല്ല നമ്മെ ദൈവവുമായുള്ള കൂട്ടായ്മയിലേക്ക് കൊണ്ടുവരുന്നതിനുള്ള ക്രൂശിലെ യേശുവിന്റെ അവസാന പ്രവൃത്തിയിലൂടെയും അതു നിറവേറ്റപ്പെട്ടു. നമുക്കും ഇന്ന് ഒരു തിരഞ്ഞെടുപ്പിനുള്ള അവസരമുണ്ട്. ജീവൻ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യ നമുക്കുണ്ട്.