കോടതിയിൽ ഒരാൾ ദൈവത്തിനെതിരെ നിയന്ത്രണാജ്ഞ ലഭിക്കാനായി ഫയൽ ചെയ്തു. ദൈവം തന്നോട് “പ്രത്യേകിച്ച് ദയയില്ലാത്തവനായി പ്രവർത്തിക്കുന്നു” എന്നും “ഗുരുതരമായ നിഷേധാത്മക മനോഭാവം” പ്രകടമാക്കിയെന്നും അയാൾ അവകാശപ്പെട്ടു. ആ വ്യക്തിക്ക് കോടതിയിൽ നിന്നുള്ള തീർപ്പല്ല മാനസികാരോഗ്യത്തിനുള്ള ചികിത്സയാണ് ആവശ്യമെന്നു പറഞ്ഞുകൊണ്ട് ജഡ്ജി കേസ് തള്ളിക്കളഞ്ഞു. ഒരു യഥാർത്ഥ കഥ: നർമ്മം തുളുമ്പുന്നതെങ്കിലും ദുഃഖകരം.

എന്നാൽ നാം ഇതിൽ നിന്നു വ്യത്യസ്തരാണോ? “നിർത്തേണമേ, ദൈവമേ, എനിക്ക് മതിയായി!” എന്നു പറയാൻ ചിലപ്പോഴൊക്കെ നാം ആഗ്രഹിച്ചിട്ടില്ലേ? ഇയ്യോബ് അപ്രകാരം ചെയ്തു. അവൻ ദൈവത്തെ വിചാരണ ചെയ്തു. പറഞ്ഞറിയിക്കാനാവാത്ത വിധം വ്യക്തിപരമായ ദുരന്തങ്ങൾക്കു സാക്ഷ്യം വഹിച്ച ശേഷം ഇയ്യോബ് പറയുന്നു, “ദൈവത്തോടു വാദിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു” (ഇയ്യോബ് 13:3). “ദൈവത്തെ കോടതിയിലേക്ക്” (9:3) കൊണ്ടുപോകുന്നത് അവൻ സങ്കൽപ്പിച്ചു നോക്കുന്നു. അവൻ ഒരു നിയന്ത്രണാജ്ഞ പോലും പുറപ്പെടുവിക്കുന്നു: “നിന്റെ കൈ എങ്കൽനിന്നു പിൻവലിക്കേണമേ; നിന്റെ ഘോരത്വം എന്നെ ഭ്രമിപ്പിക്കരുതേ” (13:21). ഇയ്യോബിന്റെ അന്യായഭാഗ വാദം അവന്റെ സ്വന്തം നിരപരാധിത്വമല്ല, മറിച്ച് ദൈവത്തിന്റെ യുക്തിരഹിതമായ കാർക്കശ്യമായി അവൻ വീക്ഷിച്ച കാര്യമായിരുന്നു: “പീഡിപ്പിക്കുന്നതും നിന്റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും നിനക്കു യോഗ്യമോ?” (10:3).

ദൈവം അനീതി കാണിക്കുകയാണെന്നു ചിലപ്പോൾ നമുക്കു തോന്നാം. സത്യത്തിൽ, ഇയ്യോബിന്റെ കഥ സങ്കീർണ്ണമാണ്. എളുപ്പമുള്ള ഉത്തരങ്ങൾ അതു നൽകുന്നില്ല. ഒടുവിൽ ദൈവം ഇയ്യോബിന്റെ ഭൗതീക സമ്പത്തുകൾ പുനഃസ്ഥാപിക്കുന്നുണ്ടെങ്കിലും നമ്മെക്കുറിച്ചുള്ള അവന്റെ പദ്ധതി എല്ലായ്പ്പോഴും അതായിരിക്കില്ല. ഒരുപക്ഷേ ഇയ്യോബിന്റെ അന്തിമ ഏറ്റുപറയലിൽ നിന്നു നമുക്ക് ഒരു വിധി പോലെ ഒന്നു കണ്ടെത്താം: “അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി” (42:3). നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത കാരണങ്ങൾ ദൈവത്തിനുണ്ട്. അതിൽ അതിശയകരമായ പ്രത്യാശയുണ്ട് എന്നതാണ് കാര്യം.