Month: ഡിസംബര് 2024

നിങ്ങൾ ആരാണ്

ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ തന്റെ കോളേജ് പഠനകാലത്ത്, രണ്ടു വ്യത്യസ്ത ഇനത്തിൽ മത്സരിക്കുന്ന കായികതാരമായിരുന്നു ചാർലി വാർഡ്. 1993-ൽ, ഈ യുവ ക്വാർട്ടർബാക്ക് രാജ്യത്തെ ഏറ്റവും മികച്ച അമേരിക്കൻ കോളേജ് ഫുട്ബോൾ കളിക്കാരൻ എന്ന നിലയിൽ ഹെയ്സ്മാൻ ട്രോഫി നേടി. കൂടാതെ, അദ്ദേഹം ബാസ്ക്കറ്റ്ബോൾ ടീമിലും തന്റെ പ്രതിഭ തെളിയിച്ചു. 

ഒരു ദിവസം, അദ്ദേഹത്തിന്റെ ബാസ്കറ്റ്ബോൾ പരിശീലകൻ മത്സരത്തിനു മുമ്പു ടീമിനെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോൾ, തന്റെ കളിക്കാരോടു ചില മോശം പദങ്ങൾ ഉപയോഗിച്ചു. ചാർളിക്ക് അതത്ര “സുഖകരമായി തോന്നിയില്ല” എന്നത് ശ്രദ്ധിച്ചുകൊണ്ടു, “ചാർളി, എന്ത് പറ്റി?” എന്നു പരിശീലകൻ ചോദിച്ചു. “കോച്ച്, നിങ്ങൾക്കറിയാമോ, കോച്ച് ബൗഡൻ [ഫുട്ബോൾ കോച്ച്] ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കാറില്ല. എന്നിട്ടും അദ്ദേഹം ഞങ്ങളെ അതികഠിനമായി കളിക്കാൻ പ്രേരിപ്പിക്കുന്നു” എന്നു വാർഡ് മറുപടി നൽകി. 

ഈ പ്രശ്നത്തെക്കുറിച്ച് തന്റെ ബാസ്ക്കറ്റ്ബോൾ പരിശീലകനോട് സൗമ്യമായി സംസാരിക്കാൻ ക്രിസ്തു-സമാനമായ ചാർളിയുടെ സ്വഭാവ വൈശിഷ്ടം അവനെ സഹായിച്ചു. വാസ്തവത്തിൽ, പരിശീലകൻ ഒരു റിപ്പോർട്ടറോടു പറഞ്ഞു: “ഏതാണ്ട് ഒരു ദൂതൻ നിങ്ങളെ നോക്കുന്നത് പോലെയാണ്” ചാർലിയോട് സംസാരിച്ചപ്പോൾ അയാൾക്ക് അനുഭവപ്പെട്ടത്. 

അവിശ്വാസികളുമായി ബന്ധപ്പെട്ടു സൽപേരു നിലനിർത്തുക എന്നതും ക്രിസ്തുവിന്റെ വിശ്വസ്ത സാക്ഷിയായി നിലനിൽക്കുക എന്നതും ഒരുമിച്ചു കൊണ്ടുപോകാൻ പ്രയാസമുള്ള കാര്യങ്ങളാണ്. എന്നാൽ അതേ സമയം, യേശു സഹായിക്കുകയും നയിക്കുകയും ചെയ്യുമ്പോൾ അവന്റെ സ്വഭാവത്തോടു കൂടുതൽ അനുരൂപരാകാൻ അവനിൽ വിശ്വസിക്കുന്നവർക്കു കഴിയും. തീത്തൊസ് 2-ൽ, യൗവനക്കാരും വിശാല അർത്ഥത്തിൽ എല്ലാ വിശ്വാസികളും, “സുബോധമുള്ളവരായിരിപ്പാനും” (വാ. 6) “സൽപ്രവൃത്തികൾക്കു മാതൃകയാക്കി… ആക്ഷേപിച്ചു കൂടാത്ത പത്ഥ്യവചനം” (വാ. 7-8) ഉള്ളവരായിരിപ്പാനും വിളിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നു.

ക്രിസ്തുവിന്റെ ശക്തിയിൽ നാം അപ്രകാരം ജീവിക്കുമ്പോൾ, നാം അവനെ ആദരിക്കുക മാത്രമല്ല, ഒരു സൽപേരു സൃഷ്ടിച്ചെടുക്കുകയും ചെയ്യും. തുടർന്നു, നമുക്കാവശ്യമായ ജ്ഞാനം ദൈവം പ്രദാനം ചെയ്യുന്ന വേളയിൽ, നാം പറയുന്നതു ചെവിക്കൊള്ളാൻ ജനം പ്രേരിപ്പിക്കപ്പെടും.