ഞങ്ങളുടെ ദത്തു മുത്തശ്ശി നിരവധി സ്ട്രോക്കുകൾ സംഭവിച്ച് ആശുപത്രിയിൽ ആയപ്പോൾ, അവൾക്കുണ്ടായ മസ്തിഷ്ക ക്ഷതം എത്രത്തോളം ആയിരുന്നുവെന്ന് ഡോക്ടർമാർക്ക് ഉറപ്പില്ലായിരുന്നു. അവളുടെ തലച്ചോറിന്റെ പ്രവർത്തനം പരിശോധിക്കാൻ ആരോഗ്യസ്ഥിതി അല്പം മെച്ചപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. അവൾ വളരെക്കുറച്ച് വാക്കുകൾ മാത്രമേ സംസാരിച്ചുള്ളൂ, അതിൽപോലും വളരെക്കുറച്ചേ മനസ്സിലാകുമായിരുന്നുള്ളൂ. പക്ഷേ, പന്ത്രണ്ടു വർഷമായി എന്റെ മകളെ നോക്കിവളർത്തിയ ആ എൺപത്തിയാറുകാരി എന്നെ കണ്ടപ്പോൾ, അവളുടെ വരണ്ട വായ തുറന്നു ചോദിച്ചു: “കെയ്ലയ്ക്ക് എങ്ങനെയുണ്ട്?’’ അവൾ എന്നോട് ആദ്യമായി സംസാരിച്ച വാക്കുകൾ അവൾ സ്വതന്ത്രമായും പൂർണ്ണമായും സ്നേഹിച്ച എന്റെ മകളെക്കുറിച്ചായിരുന്നു.
ശിഷ്യന്മാർ അംഗീകരിച്ചില്ലെങ്കിലും യേശു കുഞ്ഞുങ്ങളെ സ്നേഹിക്കുകയും അവരെ മുൻപന്തിയിൽ നിർത്തുകയും ചെയ്തു. ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ അനുഗ്രഹിക്കാനായ യേശുവിന്റെ മുമ്പിൽ കൊണ്ടുവന്നു. അവൻ “അവരുടെ മേൽ കൈവെച്ചു’’ അവരെ അനുഗ്രഹിച്ചു (ലൂക്കൊസ് 18:15). എന്നാൽ അവൻ കുഞ്ഞുങ്ങളെ അനുഗ്രഹിച്ചതിൽ എല്ലാവരും സന്തോഷിച്ചില്ല. ശിഷ്യന്മാർ മാതാപിതാക്കളെ ശകാരിക്കുകയും യേശുവിനെ ശല്യപ്പെടുത്തുന്നത് നിർത്താൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അവൻ ഇടപെട്ട് പറഞ്ഞു, “പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ” (വാ. 16). ലളിതമായ ആശ്രയത്വത്തോടും വിശ്വാസത്തോടും ആത്മാർത്ഥതയോടും കൂടി നാം ദൈവരാജ്യത്തെ സ്വീകരിക്കണം എന്നതിന്റെ ഒരു ഉദാഹരണമായി അവൻ അവരെ വിളിച്ചു.
ചെറിയ കുട്ടികൾക്ക് ഒരു മറഞ്ഞിരിക്കുന്ന അജണ്ട ഇല്ല. നിങ്ങൾ കാണുന്നതാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ശിശുസമാനമായ വിശ്വാസം വീണ്ടെടുക്കാൻ നമ്മുടെ സ്വർഗ്ഗീയ പിതാവ് നമ്മെ സഹായിക്കുന്നതനുസരിച്ച്, നമ്മുടെ വിശ്വാസവും അവനിലുള്ള ആശ്രയവും ഒരു ശിശുവിനെപ്പോലെ തുറന്നതായിരിക്കട്ടെ.
ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തിൽ ഒരു ശിശുവിന്റെ ആത്മാർത്ഥത നിങ്ങൾക്ക് എങ്ങനെ അനുകരിക്കാനാകും? നിങ്ങളുടെ കുടുംബത്തിലും സമൂഹത്തിലും നിങ്ങൾ എങ്ങനെയാണ് കുഞ്ഞുങ്ങളെ അനുഗ്രഹിക്കുന്നത്?
പിതാവേ, അങ്ങയുടെ രാജ്യത്തെ സ്വീകരിക്കുന്നതിൽ ഒരു ശിശുവിനെപ്പോലെ തുറന്നതും ആത്മാർത്ഥതയുള്ളവനുമായിരിക്കാൻ എന്നെ സഹായിക്കേണമേ.