ലോഹാരി, മകര സംക്രാന്തി എന്നീ പേരുകളിൽ മറ്റു സ്ഥലങ്ങളിൽ ആഘോഷിക്കപ്പെടുന്ന പൊങ്കൽ എന്ന തമിഴ് ഉത്സവം കൊണ്ടാടാനായി തമിഴ് അധ്യാപകർ ചേർന്നു ഞങ്ങളുടെ സ്കൂളിൽ ഒരു സാംസ്കാരിക ആഘോഷം സംഘടിപ്പിച്ചു. പരമ്പരാഗത രീതിയിലുള്ള അടുപ്പുകൂട്ടി ചെറിയ വിറകുകൾവെച്ചു തീകൊളുത്തി, ഒരു കളിമൺ പാത്രം നിറയെ അരിയും പഞ്ചസാരയും പാലും അവർ അടുപ്പിൽ വച്ചു. പാത്രത്തിലുള്ളവ തിളച്ചുമറിഞ്ഞു കവിഞ്ഞൊഴുകിയപ്പോൾ ഞങ്ങൾ വിസ്മയത്തോടെ നോക്കിനിന്നുകൊണ്ടു വായ്ക്കുരവയിട്ടു. അല്പം പൊങ്കൽ കഴിച്ചതിനുശേഷം ഞങ്ങൾ ഓരോരുത്തരും ക്ലാസിലേക്കു മടങ്ങി. തമിഴ് സംസ്കാരത്തിൽ, “പൊങ്കൽ,” അതായതു “കവിഞ്ഞൊഴുകൽ” വിളവെടുപ്പിന്റെ സമൃദ്ധിയെ കാണിക്കുന്നു.

കൂടാരപ്പെരുനാൾ എന്ന യെഹൂദ പെരുന്നാളിനെക്കുറിച്ചു യോഹന്നാൻ 7-ൽ പറയുന്നു. ഈ ഉത്സവത്തിന്റെ അവസാന ദിനം, യേശു എഴുന്നേറ്റു നിന്നു കൊണ്ട് ഉറക്കെ പറഞ്ഞു, “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ” (വാ. 37). തന്നിൽ വിശ്വസിക്കുന്ന ഏതൊരുവന്റെയും “ഉള്ളിൽനിന്നു” “ജീവജലത്തിന്റെ നദികൾ” ഒഴുകുമെന്ന് യേശു വാഗ്ദത്തം ചെയ്തു (വാ. 38). യേശു പരാമർശിച്ച ഈ കവിഞ്ഞൊഴുകൽ പിന്നീട് എല്ലാവരുടെയും മേൽ പകരപ്പെടുന്ന വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവാണെന്ന് (വാ. 39) എഴുത്തുകാരനായ യോഹന്നാൻ വിശദീകരിക്കുന്നു. മരണത്തെത്തുടർന്നു വീണ്ടും ഉയർത്തെഴുന്നേറ്റു സ്വർഗ്ഗത്തിലേക്കു മടങ്ങിപ്പോയ ശേഷം മറ്റൊരു യെഹൂദ ഉത്സവമായ പെന്തെക്കൊസ്തുനാളിൽ യേശു ഈ വാഗ്ദാനം നിറവേറ്റി (പ്രവൃത്തികൾ 2:1). ആത്മാവിനാൽ കവിഞ്ഞൊഴുകിയ അവന്റെ ശിഷ്യന്മാർ വിവിധ ഭാഷകളിൽ സുവിശേഷം പ്രസംഗിച്ചുകൊണ്ടു തങ്ങൾക്കുള്ളതു മനസ്സോടെ പങ്കുവെക്കുകയും കരുതലുള്ള ഒരു സമൂഹമായി മാറുകയും ചെയ്തു (പ്രവൃത്തികൾ 2:3, 52).

നമ്മുടെ ആത്മീയ ദാഹം ഉള്ളിൽനിന്നു ശമിപ്പിക്കാൻ യേശു നമുക്കു തന്റെ ആത്മാവിനെ തന്നിരിക്കുന്നു (യോഹന്നാൻ 7:38-39). ആത്മാവു നമ്മെ ശക്തിപ്പെടു
ത്തുന്നു, നമുക്കു സന്തോഷവും സമാധാനവും നൽകുന്നു, കവിഞ്ഞൊഴുക്കിനാൽ നമ്മെ നിറയ്ക്കുന്നു (വാ. 38). അപ്രകാരം നാം നിറയപ്പെടുമ്പോൾ, മറ്റുള്ളവരുടെ നിറവിനായി നാം കവിഞ്ഞൊഴുകുന്നു. 

– ആൻ ഹരികീർത്തൻ