നിഗൂഢതകളുടെ ചുരുളഴിച്ചെടുക്കുക എന്നതു ഞാനടക്കം പലരെയും ആകർഷിക്കുന്ന ഒന്നാണ്. അത്തരത്തിലുള്ള നിഗൂഢതകളിലൊന്നാണ് ലഡാക്കിലെ ലേയ്ക്കു സമീപമുള്ള ഒരു കുന്ന്. അവിടെ വാഹനങ്ങൾ താഴേക്ക് ഉരുണ്ടു പോകുന്നതിനുപകരം സ്വയം മുകളിലേക്ക് ഉരുളുന്നു. “ഗ്രാവിറ്റി ഹിൽ” എന്നു വിളിക്കപ്പെടുന്ന ആ കുന്നിനെക്കുറിച്ച് അതൊരു ദൃശ്യപരമായ മിഥ്യയായിരിക്കാമെന്നോ കുന്നിനു ശക്തമായ കാന്തികവലയമുണ്ടെന്നോ ആ ഭൂപ്രകൃതി മനസ്സിനെ കബളിപ്പിക്കുക ആയിരിക്കാമെന്നോ മനുഷ്യർ നിരൂപിക്കുന്നു. കാരണം എന്തുതന്നെയായാലും ഒരു കാര്യം നിശ്ചയമാണ്, ഈ പ്രതിഭാസം ഗുരുത്വാകർഷണ നിയമങ്ങൾക്കു വിരുദ്ധമാണ്—ഇതൊരു നിഗൂഢതയാണ്.

ഒന്നാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന പണ്ഡിതനായ പൗലൊസ് അപ്പൊസ്തലനു തന്റെ ഉന്നതമായ അറിവ്, ജ്ഞാനം, പാണ്ഡിത്യ സംബന്ധമായ പദവി എന്നിവയെക്കുറിച്ച് അഭിമാനിക്കാൻ കാരണങ്ങൾ ഏറെയുണ്ടായിരുന്നു (വാ.1-2). എന്നിട്ടും, താൻ സാക്ഷ്യം വഹിച്ച “മർമ്മം” തന്റെ ബൗദ്ധിക ശേഷിയെ കവിഞ്ഞു നിന്നതിനാൽ അവൻ ഭയത്തോടും നടുക്കത്തോടുംകൂടെ കൊരിന്ത്യരെ സമീപിച്ചു. മനുഷ്യവർഗ്ഗത്തെ പാപത്തിൽ നിന്നു വീണ്ടെടുക്കാനുള്ള ദൈവത്തിന്റെ പദ്ധതിയാണ് മനുഷ്യമനസ്സിനു അളക്കാനാവാത്ത ഈ “മർമ്മം.” അവന്റെ പുത്രനായ യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ദൈവം അതു വെളിപ്പെടുത്തി തന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ മാത്രം ഗ്രഹിക്കാൻ കഴിയുന്ന ഒരു മർമ്മമാണ് ഇതെന്നതാണ് ഇത് ആസൂത്രണം ചെയ്തതിലെ ദൈവത്തിന്റെ ജ്ഞാനം (വാ. 5-10).

ക്രിസ്തുവിനെ നമ്മുടെ രക്ഷകനായി അംഗീകരിക്കുമ്പോൾ, ദൈവം നമ്മിൽ സ്ഥാപിച്ചിരിക്കുന്ന ഈ മഹത്തായ “മർമ്മത്തിന്റെ” ഭാഗമായി നാം മാറുന്നു. ദൈവത്തിന്റെ ജ്ഞാനം ഏതൊരു ഭൗമിക ജ്ഞാനത്തേക്കാളും മഹത്തരമാണ്. പരിശുദ്ധാത്മാവിലൂടെ അതു നമുക്കു ലഭ്യമാണ്. ജീവിതത്തിന്റെ വഴിത്തിരിവിൽ, കുടുംബത്തിന്റെയോ സുഹൃത്തുക്കളുടെയോ കൂട്ടാളികളുടെയോ ജ്ഞാനത്തെ ആശ്രയിക്കാൻ നാം പ്രേരിപ്പിക്കപ്പെടുമ്പോൾ, എല്ലാ ജ്ഞാനത്തിന്റെയും പരമമായ ഉറവിടത്തിലേക്ക് —പരിശുദ്ധാത്മാവിലേക്ക് (കൊലൊസ്യർ 1:9)ഉറ്റുനോക്കുന്നതിൽ നാം പരാജയപ്പെടരുത്. മനുഷ്യന്റെ ജ്ഞാനം നല്ലതാണെങ്കിലും ദൈവത്തിന്റെ ജ്ഞാനം മികച്ചതാണ്. അവന്റെ സാന്നിദ്ധ്യം എപ്പോഴും നമ്മോടൊപ്പമുണ്ട്. 

– റെബേക്ക വിജയൻ