“ഒരു സാധാരണ വ്യക്തി ജീവിതകാലത്ത് 773,618 തീരുമാനങ്ങൾ എടുക്കും,” ഒരു ബ്രിട്ടീഷ് പത്രം അവകാശപ്പെടുന്നു, “അവയിൽ 143,262 എണ്ണത്തിൽ നാം ഖേദിക്കേണ്ടി വരും.” എങ്ങനെയാണ് ആ പത്രം ഈ കണക്ക് കണ്ടുപിടിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ നമ്മുടെ ജീവിതത്തിലുടനീളം എണ്ണമറ്റ തീരുമാനങ്ങളെ നാം അഭിമുഖീകരിക്കുന്നു എന്നത് വ്യക്തമാണ്. അവയുടെ എണ്ണം കേട്ടാൽ നാം തളർന്നുപോകും — പ്രത്യേകിച്ചും നമ്മുടെ എല്ലാ തീരുമാനങ്ങൾക്കും അനന്തര ഫലങ്ങൾ ഉണ്ടെന്ന് കണക്കിലെടുക്കുമ്പോൾ. ചിലത് മറ്റുള്ളവയേക്കാൾ വളരെ പ്രധാനമാണ്.

നാൽപ്പതു വർഷം മരുഭൂമിയിൽ അലഞ്ഞുനടന്ന ശേഷം, യിസ്രായേൽമക്കൾ അവരുടെ പുതിയ മാതൃരാജ്യത്തിന്റെ അതിർത്തിയിൽ കാൽവച്ചു. പിന്നീട്, ദേശത്ത് പ്രവേശിച്ച ശേഷം, അവരുടെ നേതാവായ യോശുവ അവർക്ക് ഒരു ആഹ്വാനം നൽകി: “ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ.” അവൻ പറഞ്ഞു. “നിങ്ങളുടെ പിതാക്കന്മാർ … സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‍വിൻ” (യോശു. 24:14). യോശുവ അവരോട് പറഞ്ഞു, “യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും” (വാ. 15).

ഓരോ പുതിയ ദിവസവും ആരംഭിക്കുമ്പോൾ, സാധ്യതകൾ നമ്മുടെ മുൻപിൽ നിരന്നുനിൽക്കുന്നു, ഇത് നിരവധി തീരുമാനങ്ങളിലേക്ക് നയിക്കുന്നു. ദൈവത്തിന്റെ നടത്തിപ്പിനായി നാം പ്രാർത്ഥിക്കണം. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, എല്ലാ ദിവസവും അവനെ അനുഗമിക്കാൻ നമുക്ക് തീരുമാനിക്കാം. 

– ബിൽ ക്രൗഡർ