ഇന്ത്യൻ ഭരണഘടനയുടെ ഔദ്യോഗിക പകർപ്പ് ഒരു നിയമഗ്രന്ഥം മാത്രമല്ല, കറുത്ത തുകൽ കൊണ്ടു ബൈൻഡ് ചെയ്ത്, സ്വർണ്ണം കൊണ്ട് എംബോസു ചെയ്ത ഒരു കലാസൃഷ്ടി കൂടിയാണ്. 15-ലധികം തരം മഷി നിബുകൾ ഉപയോഗിച്ചു പ്രേം ബിഹാരി നരേൻ റൈസ്ദ കൈകൊണ്ട് എഴുതിയതിനാൽ ഈ രേഖയ്ക്കു കലാപരമായ പ്രാധാന്യമുണ്ട്. അദ്ദേഹത്തിന്റെ മനോഹരമായ കൈയെഴുത്തു ഭരണഘടനയുടെ താളുകൾക്കു കാലാതീതമായ ചാരുത നൽകുന്നു. സിന്ധുനദീതട നാഗരികതയിൽ നിന്നും രാജ്യത്തുടനീളമുള്ള വിവിധ ഗോത്രകലാരൂപങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ശാന്തിനികേതനിലെ കലാകാരന്മാരുടെ ചിത്രീകരണങ്ങൾ ആ താളുകൾക്കു കൂടുതൽ സൗന്ദര്യം നൽകുന്നു. നിലവിൽ ഹീലിയം നിലവറയിൽ സൂക്ഷിച്ചിരിക്കുന്ന ഇത്, റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ഏറ്റവും അമൂല്യമായ സ്വത്തുക്കളിലൊന്നാണ്.

പൗരന്മാരെന്ന നിലയിൽ നമ്മെ സംബന്ധിച്ച് അമൂല്യമായിരിക്കുന്ന ഭരണഘടന പോലെ, ക്രിസ്തുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ തിരുവെഴുത്തുകൾ നമുക്കുള്ള അമൂല്യമായ ഒരു സ്വത്താണ്. കാരണം, ഈ വേദഭാഗങ്ങൾ നേരായ പാതയിൽ മുന്നേറാൻ നമ്മെ സഹായിക്കുന്നു (വാ. 9). അതു വഹിക്കേണ്ട ഒരു ഭാരമല്ല, മറിച്ച് സന്തോഷവും ആനന്ദവുമാണ് (വാ. 14-16). സങ്കീർത്തനക്കാരൻ തിരുവെഴുത്തുകളെ “സർവ്വസമ്പത്തിലും” (വാ. 14) മികച്ചത് എന്നു താരതമ്യപ്പെടുത്തുന്നു. അതു തന്റെ ദൈനംദിന ജീവിതത്തിനു എത്രമാത്രം മൂല്യം നൽകുന്നുവെന്ന് അവനറിയാം (വാ. 11) എന്നതിനാൽ അവയെ തന്റെ ഹൃദയത്തിൽ “സംഗ്രഹിക്കുന്നു” എന്നു അവൻ പറയുന്നു.

നമ്മുടെ അതിവേഗ ലോകത്ത്, ദൈവവചനവുമായി സമയം ചെലവഴിക്കുന്നതു പലപ്പോഴും മാറ്റിവയ്ക്കാൻ കഴിയുന്ന ഒന്നായി തോന്നിയേക്കാം. പക്ഷേ അതൊരു സമ്പത്താണെന്ന കാര്യം നാം ഒരിക്കലും മറക്കാൻ പാടില്ല. പലപ്പോഴും ബുദ്ധിമുട്ടുള്ള തീരുമാനങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, നമുക്കു മാർഗ്ഗനിർദേശവും സാന്ത്വനവും ശാസനയും നൽകുന്നതു ദൈവവചനമാണ്. പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദേശ പ്രകാരം തിരുവെഴുത്തുകൾ ദിനന്തോറും വായിക്കുകയും ധ്യാനിക്കുകയും അതിൽ മുഴുകുകയും ചെയ്യുമ്പോൾ, ദൈവത്തിന്റെ മാറ്റമില്ലാത്ത വചനം എന്ന സമ്പത്തിന്റെ അളവു നാം ഗ്രഹിക്കും.

– റെബേക്ക വിജയൻ