ലോകത്തിലെ ഏറ്റവും സൂര്യപ്രകാശമുള്ളതും വരണ്ടതുമായ രാജ്യങ്ങളിലൊന്നിൽ എണ്ണയ്ക്കായി കുഴിക്കുന്ന സമയത്ത്, ഒരു വലിയ ഭൂഗർഭ ജലശേഖരം കണ്ടെത്തിയത് ടീമുകളെ ഞെട്ടിച്ചു. അതിനാൽ, 1983-ൽ “മനുഷ്യനിർമ്മിത മഹാനദി” പദ്ധതി ആരംഭിക്കുകയും, ഉയർന്ന നിലവാരമുള്ള ശുദ്ധജലം വളരെ ആവശ്യമുള്ള നഗരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു പൈപ്പ് സംവിധാനം സ്ഥാപിക്കുകയും ചെയ്തു. പദ്ധതിയുടെ തുടക്കത്തിനടുത്തുള്ള ഒരു ഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “ഇവിടെ നിന്ന് ജീവന്റെ ധമനികൾ ഒഴുകുന്നു.”

ഭാവിയിലെ നീതിമാനായ രാജാവിനെ വിവരിക്കാൻ യെശയ്യാ പ്രവാചകൻ മരുഭൂമിയിലെ വെള്ളത്തിന്റെ പ്രതീകം ഉപയോഗിച്ചു (യെശ. 32). രാജാക്കന്മാരും ഭരണാധികാരികളും നീതിയോടും ന്യായത്തോടും കൂടി വാഴുമ്പോൾ, അവർ “വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും” (വാ. 2). ചില ഭരണാധികാരികൾ, കൊടുക്കുന്നതിനു പകരം വാങ്ങാൻ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, ദൈവത്തെ ബഹുമാനിക്കുന്ന ഒരു നേതാവ്, അഭയസ്ഥാനവും രക്ഷാസ്ഥാനവും നവോന്മേഷവും സംരക്ഷണവും നൽകുന്ന ഒരാളായിരിക്കും. “[ദൈവത്തിന്റെ] നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും” (വാ. 17) എന്നും യെശയ്യാവ് പറഞ്ഞു.

പിൽക്കാലത്ത് യേശുവിൽ പൂർത്തീകരിക്കേണ്ട പ്രത്യാശയുടെ വാക്കുകളാണ് യെശയ്യാവ് പറഞ്ഞത്. യേശു “സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരും . . . അങ്ങനെ നാം എന്നേക്കും കർത്താവിനോടുകൂടെ ഇരിക്കും” (1 തെസ്സലൊനീക്യർ 4:16-17). മനുഷ്യകരങ്ങളാൽ നിർമ്മിക്കപ്പെട്ട മഹാനദി എന്നെങ്കിലും വറ്റിപ്പോകും. എന്നാൽ നമ്മുടെ നീതിമാനായ രാജാവ് ഒരിക്കലും വറ്റിപ്പോകാത്ത നവോന്മേഷവും ജീവജലവും നൽകുന്നു.

– കാരെൻ പിമ്പോ