മാലതി വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴെല്ലാം, പ്രത്യേകിച്ചു പ്രത്യേക സന്ദർഭങ്ങളിൽ നന്നായി വസ്ത്രം ധരിച്ചുകൊണ്ടു ഇറങ്ങുമ്പോൾ, അവളുടെ അമ്മ ആധിപിടിക്കാറുണ്ടായിരുന്നു. മാലതിയോടു ബഹളം കൂട്ടി അവളുടെ മുഖത്ത് എവിടെയെങ്കിലും ഒരു കറുത്ത പുള്ളി അവർ വരയ്ക്കും. അവളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടു അവളുടെ അമ്മ “ദൃഷ്ടിദോഷം” അകറ്റാനായി ചടങ്ങുകളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. തമിഴിൽ ദൃഷ്ടിയെന്നും ഹിന്ദിയിൽ നസർ എന്നും വിളിക്കപ്പെടുന്ന “ദൃഷ്ടിദോഷം” ഇന്ത്യയിലും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിലും ഭയപ്പെടുന്ന ഒന്നാണ്. മാലതിയുടെ അമ്മയെപ്പോലെ, ആരെങ്കിലും അസൂയയോടെ തങ്ങളെ നോക്കുമ്പോഴെല്ലാം ഏതെങ്കിലും തരത്തിലുള്ള ഹാനി തങ്ങൾക്കു സംഭവിച്ചേക്കാമെന്ന് പലരും ഭയപ്പെടുന്നു.
അജ്ഞാതമായതിനെ സംബന്ധിച്ചുള്ള ഭയം നമ്മെ തളർത്തുമ്പോൾ, അന്ധവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ദ്രുത പരിഹാര മാർഗ്ഗങ്ങൾ നാം തേടിയേക്കാം. എന്നാൽ, ഇവ ദുഷ്ടനാൽ പ്രേരിതമായ പ്രവൃത്തിയാണെന്നാണ് (വാ. 1)തിമൊഥെയൊസിയോസിനോട് ലേഖന കർത്താവു പറയുന്നത്. “ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു“(വാ. 7) ജീവിക്കാൻ ലേഖകൻ വിശ്വാസികൾക്കു മുന്നറിയിപ്പു നൽകുന്നു. അന്ധവിശ്വാസ കഥകൾ പോലെ ഭയത്തിനു കാരണമാകുന്ന ഇത്തരത്തിലുള്ളവ യേശുവിൽ വിശ്വസിക്കുന്ന നമ്മുടെ ഭാഗമാകാൻ പാടില്ല (വാ. 3-7). പകരം, ദൈവഭക്തിയിൽ നിലനിൽക്കാനും ദൈവത്തിൽ ആശ്രയിക്കാനും നാം സ്വയം അഭ്യാസം ചെയ്യണം (വാ. 7). തന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും സാത്താന്റെ മേൽ ക്രിസ്തു ജയം നേടിയപ്പോൾ അവൻ അന്ധകാരത്തിന്റെ ശക്തികളെ എന്നെന്നേക്കുമായി പരാജയപ്പെടുത്തി. നമ്മൾ ഭയപ്പെടേണ്ടതില്ല, കാരണം “നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു.”
അതിനാൽ, എഫെസ്യലേഖനത്തിൽ പൗലൊസ് പറയുന്നതുപോലെ, ദുഷ്ടന്റെ തീയമ്പുകളെ കെടുക്കുവാൻ തക്കതായ വിശ്വാസം എന്ന പരിച ഉൾപ്പെടെയുള്ള ദൈവത്തിന്റെ സർവ്വായുധവർഗ്ഗം (എഫെസ്യർ 6:14-17) നമുക്കു ധരിക്കാം. ശത്രുവിനു നമ്മെ കീഴടക്കാൻ കഴിയില്ല. ശത്രുവിനെ പരാജയപ്പെടുത്തിയ യേശു ജയാളിയായതിനാൽ (1 യോഹന്നാൻ 5:18) അനിശ്ചിതത്വം നിറഞ്ഞ ഒരു ഭാവിയെ ഓർത്തു നാം ഭയപ്പെടേണ്ടതില്ല.
നിങ്ങളുടെ ചുറ്റുമുള്ള നിഷേധാത്മകതയോ തിന്മയോ നിങ്ങൾ
എപ്രകാരമാണു കൈകാര്യം ചെയ്യാറുള്ളത്? നിങ്ങളുടെ പക്ഷത്തുള്ളത്
ആരെന്നു ഓർമ്മിക്കാനായി നിങ്ങൾക്ക് എന്തു ചെയ്യാനാകും?
കർത്താവേ, തിന്മ എന്നെ ഭയപ്പെടുത്തുന്നുണ്ടെങ്കിലും, അങ്ങ് എന്നെ എല്ലാ
തിന്മകളിൽ നിന്നും വിടുവിക്കുന്നുവെന്ന് ഓർക്കാൻ എനിക്കു ധൈര്യം പകരേണമേ.