Month: ഒക്ടോബർ 2026

ക്രിസ്തുസമാന പ്രതികരണം

തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തത്. [ 1 പത്രൊസ് 2:23 ]

ക്രിസ്തുസമാന പ്രതികരണം

കരോലിനയിലെ വേനൽ സൂര്യന്റെ ചൂടിൽ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ജോർജ്ജ്. അവൻ ജോലി ചെയ്യുന്ന മുറ്റത്തേക്ക് അടുത്തു താമസിക്കുന്ന ഒരാൾ കയറിവന്നു. വ്യക്തമായും കോപത്തോടെ, അയൽക്കാരൻ ജോർജ്ജിന്റെ പണിയെക്കുറിച്ചും അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും പറഞ്ഞുകൊണ്ടു വിമർശിക്കാനും ചീത്ത പറയാനും തുടങ്ങി. ദേഷ്യക്കാരനായ ആ അയൽക്കാരൻ ബഹളം നിർത്തുന്നതുവരെ മറുപടി പറയാതെ ജോർജ്ജ് വാക്കാലുള്ള ആ പ്രഹരങ്ങൾ ഏറ്റുവാങ്ങി. തുടർന്ന്, അവൻ സൗമ്യമായി പ്രതികരിച്ചു, “നിങ്ങൾക്ക് ഇന്നു വളരെ ബുദ്ധിമുട്ടുള്ള ദിവസമായിരുന്നു, അല്ലേ?” പെട്ടെന്ന്, കോപാകുലനായ അയൽക്കാരന്റെ മുഖം മൃദുവായി. അയാൾ തല കുനിച്ചുകൊണ്ടു പറഞ്ഞു, “ഞാൻ നിന്നോടു അങ്ങനെ സംസാരിച്ചതിന് എന്നോടു ക്ഷമിക്കണം.” ജോർജ്ജിന്റെ ദയ അയൽക്കാരന്റെ ക്രോധത്തെ ശമിപ്പിച്ചു.

തിരിച്ചടിക്കാൻ നാം ആഗ്രഹിക്കുന്ന സമയങ്ങളുണ്ടാകാം. അധിക്ഷേപത്തിനു പകരം അധിക്ഷേപവും അപമാനത്തിനു പകരം അപമാനവും നൽകാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾ. അതിനു പകരം, നമ്മുടെ പാപങ്ങളുടെ അനന്തരഫലങ്ങൾ യേശു വഹിച്ച വിധത്തെ പൂർണ്ണമായി വെളിപ്പെടുത്തിയ ഒരു ദയയാണു ജോർജ്ജ് മാതൃകയാക്കിയതു: “തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു” (1 പത്രൊസ് 2:23)

തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റായി പ്രതിനിധാനം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്ന നിമിഷങ്ങൾ നാമെല്ലാവരും നേരിടേണ്ടിവരും. ദയയോടെ പ്രതികരിക്കാൻ നാം ആഗ്രഹിച്ചേക്കാം. എന്നാൽ ദയയോടെ ആയിരിക്കാനും സമാധാനം പിന്തുടരാനും വിവേകം പ്രകടിപ്പിക്കാനും യേശുവിന്റെ ഹൃദയം നമ്മെ വിളിക്കുന്നു. അവൻ ഇന്നു നമ്മെ പ്രാപ്തരാക്കുമ്പോൾ, കഠിനമായ ഒരു ദിവസത്തിലൂടെ കടന്നുപോകുന്ന ഒരാളെ അനുഗ്രഹിക്കാൻ ഒരുപക്ഷേ ദൈവം നമ്മെ ഉപയോഗിച്ചേക്കാം. ബിൽ ക്രൗഡർ

മറ്റുള്ളവരുടെ ദയയില്ലാത്ത വാക്കുകൾക്ക് തിരിച്ചടി കൊടുക്കുന്നത് എളുപ്പമാക്കുന്നത് എന്താണ്? നിങ്ങളോടു ദയ കാണിക്കാത്തവരോടു ദയ കാണിക്കുന്നതിൽ കൂടുതൽ മനഃപൂർവ്വമായ ഇടപെടൽ നടത്താൻ എപ്രകാരം സാധിക്കും?

കരുതലുള്ള പിതാവേ, യേശുവിന്റെ ഹൃദയം പ്രകടിപ്പിക്കാനുള്ള ശക്തിയും
കൃപയും ജ്ഞാനവും അങ്ങയിൽ കണ്ടെത്താൻ എന്നെ സഹായിക്കേണമേ.

വിശ്വാസത്താൽ ഉവ്വ് എന്നു പറയുക

ജോലിയിൽ ഒരു പുതിയ ഉത്തരവാദിത്തം സ്വീകരിക്കുമോ എന്നു എന്നോടു ചോദിച്ചപ്പോൾ, ഇല്ല എന്നു പറയാൻ ഞാൻ ആഗ്രഹിച്ചു. അതിൽ ഉണ്ടാകാവുന്ന വെല്ലുവിളികളെക്കുറിച്ചു ചിന്തിച്ചപ്പോൾ, അവ കൈകാര്യം ചെയ്യാൻ ഞാൻ പ്രാപ്തനല്ലെന്ന് എനിക്കു തോന്നി. എന്നാൽ, പ്രാർത്ഥിക്കുകയും വേദപുസ്തകത്തിൽ നിന്നും മറ്റു വിശ്വാസികളിൽ നിന്നും മാർഗനിർദേശം തേടുകയും ചെയ്തപ്പോൾ, ഉവ്വ് എന്നു പറയാൻ ദൈവം എന്നെ വിളിക്കുകയാണെന്നു ഞാൻ മനസ്സിലാക്കി. തിരുവെഴുത്തു വഴി, അവന്റെ സഹായത്തെക്കുറിച്ച് എനിക്ക് ഉറപ്പു ലഭിക്കുകയും ചെയ്തു. അതിനാൽ, കുറച്ചു ഭയത്തോടെയെങ്കിലും, ഞാൻ ആ ചുമതല സ്വീകരിച്ചു.

കനാൻ അധിനിവേശത്തിൽ നിന്നു പിന്മാറിയ, ഒറ്റുനോക്കിയ പത്തുപേരിലും യിസ്രായേല്യരിലും ഞാൻ എന്നെത്തന്നെ കാണുന്നു (സംഖ്യാപുസ്തകം 13:27-29, 31-33; 14:1-4). അവരും വൈഷമ്യങ്ങൾ കണ്ട്, ആ ദേശത്തെ ശക്തരായ ജനത്തെ തോൽപ്പിക്കാനും കോട്ടകെട്ടി സുരക്ഷിതമാക്കപ്പെട്ട അവരുടെ നഗരങ്ങളെ കീഴടക്കാനും തങ്ങൾക്കു കഴിയില്ലെന്നു ഭയപ്പെട്ടു. “ഞങ്ങൾക്കു തന്നേ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി,” ഒറ്റുകാർ പറഞ്ഞു (13:33). “വാളാൽ വീഴേണ്ടതിന്നു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നതു എന്തിന്നു?” (14:3) അവർ പരാതിപ്പെട്ടു. ഇതു കേട്ട യിസ്രായേൽമക്കൾ പിറുപിറുത്തു. തന്റെ ജനത്തിനു കനാൻദേശം നൽകുമെന്നു ദൈവം നേരത്തെ തന്നെ വാഗ്ദത്തം ചെയ്തിരുന്നതായി കാലേബും യോശുവയും മാത്രമാണ് ഓർത്തത് (ഉല്പത്തി 17:8; സംഖ്യാപുസ്തകം 13:2). ദൈവത്തിന്റെ സാന്നിധ്യത്തിന്റെയും സഹായത്തിന്റെയും വെളിച്ചത്തിൽ, വരാനിരിക്കുന്ന ബുദ്ധിമുട്ടുകൾ കണ്ട് അവർ അവന്റെ വാഗ്ദത്തത്തിൽ ധൈര്യം പ്രാപിച്ചു. തങ്ങളുടെ ശക്തിയാലല്ല, അവന്റെ ശക്തി, സംരക്ഷണം, വിഭവങ്ങൾ എന്നിവ കൊണ്ടായിരിക്കും അവർ പ്രതിസന്ധികളെ നേരിടുക (സംഖ്യാപുസ്തകം 14:6-9).

ദൈവം എനിക്കു നൽകിയ ദൗത്യം എളുപ്പമുള്ള ഒന്നായിരുന്നില്ല — എന്നാൽ അവൻ എന്നെ അതിൽ സഹായിച്ചു. അവൻ നമ്മെ ഏല്പിക്കുന്ന ചുമതലകളിൽ നിന്നു എപ്പോഴും ബുദ്ധിമുട്ടുകൾ ഒഴിവാക്കി തരികയില്ലെങ്കിലും, കാലേബിനെയും യോശുവയെയും പോലെ, “നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു” (വാ. 9) നമുക്ക് അവയെ നേരിടാൻ കഴിയും. 

 

ദൈവദത്ത സംരക്ഷണം

ഞങ്ങളുടെ വീടിനു ചുറ്റുമുള്ള പാതകളിലൂടെ സഞ്ചരിച്ചുകൊണ്ടു ഞാനും എന്റെ ഭാര്യയും ഓരോ വർഷവും നൂറുകണക്കിനു മൈലുകൾ സൈക്കിളിൽ യാത്രചെയ്യുന്നു. ആ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങളുടെ സൈക്കിളുകളിൽ ഘടിപ്പിച്ചിരിക്കുന്ന ചില ഉപകരണങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. മുന്നിലുള്ള ലൈറ്റ്, പിന്നിലുള്ള ലൈറ്റ്, ഓഡോമീറ്റർ, സൈക്കിൾ പൂട്ട് എന്നിവ എന്റെ ഭാര്യ സ്യൂവിന്റെ സൈക്കിളിലുണ്ട്. എന്റെ സൈക്കിളിൽ ഒരു വെള്ളക്കുപ്പി സൂക്ഷിക്കാനുള്ള ഇടവുമുണ്ട്. വാസ്തവത്തിൽ, യാതൊന്നും അധികമായി കൈവശം കരുതാതെ തന്നെ എല്ലാ ദിവസവും ഞങ്ങളുടെ സ്ഥിരം പാതയിൽ വിജയകരമായി ഓടിച്ചുകൊണ്ട് ആ മൈലുകളെല്ലാം കീഴടക്കാൻ ഞങ്ങൾക്കു കഴിയും. ഈ 
ഉപകരണങ്ങൾ സഹായകരമാണെങ്കിലും നിർബന്ധമായും ആവശ്യമുള്ളവയല്ല.

എഫെസ്യർക്ക് എഴുതിയ ലേഖനത്തിൽ, അപ്പൊസ്തലനായ പൗലൊസ് മറ്റൊരു കൂട്ടം ഉപകരണങ്ങളെക്കുറിച്ച് എഴുതുന്നുണ്ട് — എന്നാൽ ഇവ ഐച്ഛികമല്ല. യേശുവിലുള്ള നമ്മുടെ വിശ്വാസത്തോടെ ജീവിക്കുന്നതിൽ വിജയിക്കുന്നതിനു നാം ഇവ “ധരിക്കണമെന്ന്” അവൻ പറയുന്നു. നമ്മുടെ ജീവിതം അത്ര എളുപ്പമുള്ളവയല്ല. “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ” (6:11) തയ്യാറാകേണ്ട ഒരു യുദ്ധത്തിലാണു നാം. അതിനാൽ നാം സുസജ്ജരായിരിക്കണം.

തിരുവെഴുത്തിന്റെ ജ്ഞാനം പക്കലില്ലെങ്കിൽ, തെറ്റ് അംഗീകരിക്കാൻ നാം പ്രേരിപ്പിക്കപ്പെടും. തന്റെ “സത്യത്തിൽ” ജീവിക്കാൻ യേശു നമ്മെ സഹായിക്കുന്നില്ലെങ്കിൽ, നാം അസത്യങ്ങൾക്കു വഴങ്ങിപ്പോകും (വാ. 14). “സുവിശേഷം” കൂടാതെ നമുക്കു “സമാധാനം” ഇല്ല (വാ. 15). “വിശ്വാസം” നമുക്കു പരിച പിടിക്കുന്നില്ലെങ്കിൽ, നാം സംശയത്തിനു കീഴടങ്ങിപ്പോകും (വാ. 16). നമ്മുടെ “രക്ഷയും” പരിശുദ്ധാത്മാവും ദൈവത്തിനായി നന്നായി ജീവിക്കാനായി നമ്മെ നങ്കൂരമിട്ടു നിർത്തുന്നു (വാ. 17). ഇതാണു നമ്മുടെ സർവ്വായുധവർഗ്ഗം.

യഥാർത്ഥ അപകടങ്ങളിൽ നിന്നു സംരക്ഷിക്കപ്പെട്ടുകൊണ്ടു ജീവിതത്തിന്റെ പാതകളിലൂടെ നാം സഞ്ചരിക്കേണ്ടത് എത്രമാത്രം പ്രധാനമാണ്. ദൈവം പ്രദാനം ചെയ്യുന്ന സർവ്വായുധവർഗ്ഗം “ധരിച്ചുകൊണ്ട്” യാത്രയിലെ വെല്ലുവിളികളെ നേരിടാൻ ക്രിസ്തു നമ്മെ സജ്ജരാക്കുമ്പോൾ ആ അപകടങ്ങളിൽ നിന്നു നാം സംരക്ഷിക്കപ്പെടുന്നു. 

 

യഥാർത്ഥ അഹിംസ

ഇരുനൂറു വർഷത്തെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കുന്നതിൽ മോഹൻദാസ് കെ. ഗാന്ധിയും മറ്റുള്ളവരും പ്രധാന പങ്കുവഹിച്ചു. തന്റെ ആത്മകഥയായ എന്റെ സത്യാന്വേഷണപരീക്ഷണങ്ങളിൽ ഗാന്ധി ഇപ്രകാരം എഴുതുന്നു, “ഗിരിപ്രഭാഷണങ്ങൾ എന്റെ ഹൃദയത്തെ നേരിട്ടു സ്പർശിച്ചവയാണ്... ‘ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക’ എന്ന വേദവാക്യം അളവറ്റവിധം എന്നെ സന്തോഷിപ്പിച്ചു.” അഹിംസയിലൂടെയും അക്രമരാഹിത്യത്തിലൂടെയും കൊളോണിയൽ ഭരണത്തിനെതിരായ ഗാന്ധിയുടെ സഹനസമരത്തെ യേശുവിന്റെ വചനങ്ങൾ പ്രോത്സാഹിപ്പിച്ചു.

അക്രമരാഹിത്യം വെറുതെ ഉപദേശിക്കുകയല്ല യേശു ചെയ്തത്. സഹനസമരത്തിന് അതീതമായിട്ടുള്ള ഒരു സാധകാത്മക പ്രവൃത്തിയായ സ്നേഹത്തെ അവൻ പഠിപ്പിച്ചു. അക്രമം തിരഞ്ഞെടുക്കുന്നതു ചിന്തിക്കാൻപോലും പാടില്ല എന്നു തന്റെ ജീവിതത്തിലൂടെയും മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും അവൻ കാണിച്ചുതന്നു. നീതിമാനെങ്കിലും യേശു കുറ്റം ചുമത്തപ്പെട്ടു. എന്നിട്ടും, നമ്മോടുള്ള അവന്റെ സ്നേഹം നിമിത്തം, മൗനം പാലിച്ചുകൊണ്ടു ലജ്ജാകരമായ ഒരു മരണശിക്ഷയിലേക്കു അവൻ നയിക്കപ്പെട്ടു (വാ. 7-8). കൊടിയ വിദ്വേഷത്തിനും ക്രോധത്തിനും അപ്പുറത്തേക്കു യേശു നോക്കി. മനുഷ്യവർഗ്ഗത്തെ പാപത്തിൽ നിന്നു രക്ഷിക്കാനുള്ള ഒരേയൊരു മാർഗ്ഗം അതാണെന്ന് അറിയാമായിരുന്നതിനാൽ അവൻ കഷ്ടങ്ങൾ സഹിച്ചു. യേശുവിന്റെ സ്നേഹയാഗം നമ്മെ പാപത്തിൽ നിന്നു മോചിപ്പിച്ചു.

കോപമോ വിദ്വേഷമോ അക്രമമോ നിറഞ്ഞ വാക്കുകളും പ്രവൃത്തികളുമായി ജനം നമുക്കെതിരെ വരുമ്പോൾ സ്നേഹവും സമാധാനവും പിന്തുടരുന്നതു ചില സമയങ്ങളിൽ അർത്ഥശൂന്യമായി തോന്നിയേക്കാം. എന്നാൽ നാം അടിച്ചമർത്തപ്പെടുമ്പോൾ, സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുകയും സ്നേഹം കാട്ടിത്തരികയും ഉപദ്രവങ്ങളെ ക്ഷമയോടെ സഹിക്കുകയും ചെയ്ത നമ്മുടെ യജമാനനെ നാം അനുകരിക്കണം. നമ്മിലൂടെ പരിവർത്തനവും ശാന്തിയും കൊണ്ടുവരാൻ അവനു കഴിയും വിധം നമ്മുടെ പ്രവൃത്തികളും വാക്കുകളും, നമ്മുടെ ഉദ്ദേശ്യങ്ങൾ പോലും, അവനെ പ്രതിഫലിപ്പിക്കണം.