മറ്റുള്ളവരെ സ്വാധീനിക്കുന്ന ഇൻഫ്ലുവൻസേഴ്സിന്റെ ഒരു പുതിയ വിഭാഗത്തിനു സോഷ്യൽ മീഡിയ ജന്മം നൽകി. ഈ ഇൻഫ്ലുവൻസേഴ്സ് എല്ലായ്പ്പോഴും ഉയർന്ന പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങളോ ക്രിക്കറ്റു താരങ്ങളോ അല്ല, അവർ ആരുമായേക്കാം. ഇടത്തരക്കാരായ വീട്ടമ്മമാർ, ഗ്രാമീണർ, വ്യക്തിഗത പരിശീലകർ, മെക്കാനിക്കുകൾ, കുഞ്ഞുങ്ങളുള്ള അമ്മമാർ തുടങ്ങിയവരാണ് അവരിൽ ചിലർ. വിശ്വാസിപ്പിക്കുന്ന വിധം കഥ പറയുന്നതോ ദൈനംദിന പ്രശ്നങ്ങൾക്കുള്ള സത്വര പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതോ ബാലിശമായ നൃത്തങ്ങൾ അവതരിപ്പിക്കുന്നതോ ഒരു നല്ല തമാശ പറയുന്നതോ ആയ സ്വയം നിർമ്മിച്ച വീഡിയോകൾകൊണ്ടു അവർ വളരെ വേഗം പ്രസിദ്ധിയാർജിക്കുന്നു. അവരുടെ രീതികൾ ഫോളോവെഴ്സിനെ ആകർഷിക്കുമ്പോൾതന്നെ, ചില ഫോളോവെഴ്സിന്റെ കമന്റ്സ് നല്ലതാകാമെങ്കിലും എല്ലാം അങ്ങനെ ആയിരിക്കണമെന്നില്ല. ഈ പരുഷമായ വാക്കുകൾ ഈ ഇൻഫ്ലുവൻസേഴ്സിനെ വേദനിപ്പിച്ചേക്കാമെങ്കിലും, വീഡിയോകൾ നിർമ്മിക്കുകയും മറ്റുള്ളവരെ സ്വാധീനിക്കുകയും ചെയ്യുന്നത് അവർ തുടരുന്നു.
വ്യത്യസ്ത തരത്തിലുള്ള ഇൻഫ്ലുവൻസേഴ്സ് ആകാൻ ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. നമ്മൾ പറയുന്നതെല്ലാം ജനം എപ്പോഴും അംഗീകരിച്ചേക്കണമെന്നില്ല, വാസ്തവത്തിൽ അവർ നമ്മെ ഭീഷണിപ്പെടുത്തിയേക്കാം എന്നു പത്രൊസ് ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ഇതെല്ലാം സംഭവിച്ചാലും നാം അനുഗ്രഹിക്കപ്പെട്ടവരാണ് (1 പത്രൊസ് 3:14). എതിർപ്പിന്റെ മുഖത്തുള്ള നമ്മുടെ സൗമ്യവും മാന്യവുമായ പ്രതികരണങ്ങളും സത്യസന്ധത നിറഞ്ഞ ജീവിതവും മറ്റുള്ളവരെ നന്മയ്ക്കായി സ്വാധീനിക്കുന്നു (വാ. 15-16). വിലയെത്ര കൊടുക്കേണ്ടിവന്നാലും സ്വാധീനം ചെലുത്തുന്നവരായി നാം തുടരേണ്ടതുണ്ട്. ഈ വിധത്തിൽ, ക്രിസ്തുവിൽ നമുക്കുള്ള പ്രത്യാശയുടെ കാരണം നമ്മുടെ സ്വാധീനവലയത്തിലുള്ളവരോടു നാം പങ്കുവെക്കുന്നു. ക്രിസ്തുവിനുവേണ്ടി സ്വാധീനിക്കുന്നവരായി ജീവിക്കുന്നതു ഭയപ്പെടുത്തുന്ന ഒന്നായി തോന്നിയേക്കാം. സൗമ്യതയും ബഹുമാനവും ആർജവവും ബലഹീനതയായി തെറ്റിദ്ധരിച്ചേക്കാവുന്ന നമ്മുടെ താറുമാറായ ലോകത്ത് പ്രത്യേകിച്ചും. എന്നാൽ പത്രൊസ് പറയുന്നതുപോലെ, ഇതു നമ്മുടെ ധൈര്യം കെടുത്താൻ ഇടയാക്കരുത്. യേശുവിന്റെ പാത പിന്തുടരുക എന്നത് അവന്റെ ശിഷ്യന്മാരെന്ന നിലയിൽ നമുക്കൊരു പദവിയും ഉത്തരവാദിത്തവുമാണ്. അതിനാൽ, എന്തു വിലകൊടുത്തും നന്മ ചെയ്യാൻ നമുക്കു പരിശ്രമിക്കാം.
ചുറ്റുമുള്ള ആളുകളെ എങ്ങനെ ക്രിയാത്മകമായി സ്വാധീനിക്കാൻ നിങ്ങൾക്കു കഴിയും? നിങ്ങളുടെ വിശ്വാസം പരിഗണിക്കാൻ മറ്റുള്ളവരെ
പ്രേരിപ്പിക്കുന്നതിനു നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
കർത്താവേ, ദിനന്തോറും അനുനിമിഷവും അങ്ങയ്ക്കായി സ്വാധീനം ചെലുത്താനായി ഞാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന ബോധ്യം എന്നിൽ നിലനിൽക്കുമാറാക്കേണമേ. എന്റെ എല്ലാ പ്രവർത്തനങ്ങളും പ്രതികരണങ്ങളും അതനുസരിച്ച് ആയിരിക്കുവാൻ ഇടയാക്കേണമേ.