ആ ദിവസം ഹോസ്പിറ്റലിൽ വലിയ തിരക്കായിരുന്നു. പത്തൊൻപതു വയസ്സുകാരനായ സമർത്ഥനായ ഒരു ചെറുപ്പക്കാരനെ ബാധിച്ച അസുഖത്തെക്കുറിച്ച് അപ്പോഴും ഉത്തരം ലഭിച്ചില്ല. ഭവനത്തിലെത്തിയ കുടുംബത്തിനു നിരാശ തോന്നി. അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, മുൻവശത്ത് യെശയ്യാവ് 43:2 എന്നു അച്ചടിച്ച, മനോഹരമായി അലങ്കരിച്ച ഒരു പെട്ടി അവരുടെ വാതിൽപ്പടിയിൽ ഇരുപ്പുണ്ടായിരുന്നു. സുഹൃത്തുക്കൾ കൈകൊണ്ട് എഴുതിയ ധൈര്യം പകരുന്ന വിവിധങ്ങളായ വേദപുസ്തക വാക്യങ്ങളായിരുന്നു അതിനുള്ളിൽ ഉണ്ടായിരുന്നത്. തിരുവെഴുത്തുകളാലും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കരുതലുള്ള പ്രവൃത്തികളാലും ധൈര്യപ്പെട്ടുകൊണ്ടു അടുത്ത കുറച്ചു മണിക്കൂറുകൾ അവർ ചിലവഴിച്ചു.

കഠിനമായ സമയങ്ങളിലൂടെയോ കുടുംബപരമായ വെല്ലുവിളികളിലൂടെയോ കടന്നുപോകുന്ന വ്യക്തികളെ സംബന്ധിച്ചു ഹൃദയംഗമമായ ഒരു ഉത്തേജനം എല്ലായ്പ്പോഴും ആവശ്യമാണ്. തിരുവെഴുത്തുകൾക്ക്—ഒരു വലിയ ഭാഗത്തിനോ അല്ലെങ്കിൽ ഒരു വാക്യത്തിനോ—നിങ്ങൾക്കോ ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ ധൈര്യം പകരാൻ കഴിയും. വ്യക്തിഗതമായോ സമൂഹമായോ സ്വീകരിക്കാവുന്ന ചെറിയ ചെറിയ ധൈര്യപ്പെടുത്തലുകൾ നിറഞ്ഞതാണ് യെശയ്യാവ് 43. തിരഞ്ഞെടുക്കപ്പെട്ട ചില ആലോചനകൾ നോക്കുക: ദൈവം “നിങ്ങളെ സൃഷ്ടിച്ചു,” “നിങ്ങളെ നിർമ്മിച്ചു,” “നിങ്ങളെ വീണ്ടെടുത്തു”, നിങ്ങളെ “പേർ ചൊല്ലി” വിളിച്ചു (വാ. 1). ദൈവം “നിന്നോടുകൂടി ഇരിക്കും” (വാ. 2), അവൻ “യിസ്രായേലിന്റെ പരിശുദ്ധനും” നമ്മുടെ “രക്ഷകനും” (വാ. 3) ആകുന്നു.

ദൈവത്തിന്റെ വാഗ്ദത്തങ്ങൾ നിങ്ങൾ ചിന്തിക്കുന്ന വേളയിൽ, അവ നിങ്ങൾക്കു ധൈര്യം പകരുമാറാകട്ടെ. നിങ്ങൾക്ക് ആവശ്യമുള്ളത് അവൻ നൽകുന്നതിനാൽ മറ്റൊരാൾക്കു ധൈര്യം പകരാൻ നിങ്ങൾക്കു കഴിയും. വാക്യങ്ങൾ നിറച്ച പെട്ടി അധികം ചിലവുള്ള ഒന്നല്ലെങ്കിലും അതിന്റെ സ്വാധീനം വിലമതിക്കാൻ കഴിയാത്തതായിരുന്നു. അഞ്ചു വർഷത്തിനു ശേഷവും, ആ വേദവാക്യ കാർഡുകളിൽ ചിലത് ഇപ്പോഴും കുടുംബത്തിനു പ്രിയപ്പെട്ടതാണ്.