ഉദാരതടെയും ആതിഥ്യമര്യാദയുടെയും കാര്യത്തിൽ ഇന്ത്യയുടെ അനൗദ്യോഗിക തലസ്ഥാനമാണു ലഖ്നൗ. ഒരു തമാശയിലൂടെ ഇത് ഉചിതമായി ചിത്രീകരിച്ചിരിക്കുന്നു: “എന്തുകൊണ്ടാണു യാത്രക്കാർ ലഖ്നോ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരിക്കലും പോകാത്തത്?” കാരണം, “പെഹ്ലെ ആപ്!” എന്നു പറഞ്ഞു കൊണ്ടു മറ്റെയാൾ ആദ്യം പോകാനായി അവർ അനുവദിക്കുന്നു. “ആദ്യം താങ്കൾ” എന്നാണ് ഇതിന്റെ വിവർത്തനം. മറ്റുള്ളവരെ ആദ്യം പോകാൻ അനുവദിക്കുന്നതിനെക്കുറിച്ചു ലഖ്നോ ജനതയിൽ നിന്നു രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവർക്കു ധാരാളം പഠിക്കാനുണ്ട്.
എന്നാൽ യേശുവിന്റെ അനുഗാമികൾ എന്ന നിലയിൽ, താഴ്മയ്ക്കുള്ള നമ്മുടെ മാനദണ്ഡം യേശു തന്നെയാണ്. “നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം” (മത്തായി 23:11) എന്നു യേശു പറഞ്ഞു. പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ താൻ “കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ” (യെശയ്യാവ് 53:7) സ്വയം ഏല്പിച്ചുകൊടുത്തപ്പോഴും അവൻ നമുക്കായി താഴ്മ കാണിച്ചു തന്നു. ക്രിസ്തുവിന്റെ താഴ്മയുടെ വ്യാപ്തിയിലേക്ക് ഫിലിപ്പിയ സഭയ്ക്ക് എഴുതിയ ലേഖനത്തിൽ പൗലൊസ് നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു. അനുസരണയോടുകൂടിയ ഒരു മരണം ക്രൂശിൽ വരിക്കാനായി യേശു ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യം സ്വീകരിച്ചു എന്ന വസ്തുത നമ്മിൽ അരക്കിട്ടുറപ്പിക്കാന് അവൻ നമ്മെ സഹായിക്കുന്നു (വാ. 6-8) അനുസരണയോടുകൂടിയ ഈ താഴ്മയാണ് അവന്റെ പദവി കൂടുതൽ ഉയർത്തി ലോകത്തിന്റെ രക്ഷകൻ എന്ന നിലയിൽ, സാധ്യമായ “ഏറ്റവും ഉയർന്ന” (വാ. 9-11) ഇടം നൽകിയത്.
എളിയ ഹൃദയം ഉണ്ടായിരിക്കുക എന്നത് അത്ര എളുപ്പമല്ല. മറ്റൊരാളുടെ ആവശ്യങ്ങളെ സ്വന്തം ആവശ്യങ്ങൾക്കു മേൽ വയ്ക്കുക എന്നതു വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. കുടുംബത്തെയോ സുഹൃത്തുക്കളെയോ പോലെ നാം സ്നേഹിക്കുന്നവരുടെ ആവശ്യങ്ങൾക്കു മുൻഗണന നൽകുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല എങ്കിലും, അപരിചിതരുടെ ആവശ്യങ്ങൾ നമ്മുടെ ആവശ്യങ്ങൾക്കു മുകളിൽ വയ്ക്കുന്നതു ബുദ്ധിമുട്ടാണ് (മർക്കൊസ് 12:31). യഥാർത്ഥ താഴ്മയുടെ സ്വഭാവം യേശു നമുക്കു കാണിച്ചുതന്നു. താഴ്മ പ്രയാസകരമാണെങ്കിലും നാം പ്രവൃത്തിയിൽ കൊണ്ടുവരേണ്ട ഒന്നാണെന്നു അവൻ നമുക്കു സ്വന്ത ജീവിതത്തിലൂടെ കാട്ടിത്തന്നു.
മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് നിങ്ങളുടെ ആവശ്യങ്ങളെക്കാൾ മുൻഗണന നൽകാൻ എങ്ങനെ സാധിക്കും? നിങ്ങൾക്ക് താല്പര്യമില്ലാത്തവരോട് എങ്ങനെ സ്നേഹം കാണിക്കാൻ കഴിയും?
കർത്താവേ, യഥാർത്ഥ താഴ്മ കൈക്കൊള്ളാൻ എനിക്കു കഴിയാതെ പോകുന്നു. എങ്കിലും, അങ്ങേയ്ക്ക് എല്ലാം സാധ്യമാണ്. അങ്ങിൽ ഉണ്ടായിരുന്ന
തരം താഴ്മ ദയവായി എന്നിലും സന്നിവേശിപ്പിക്കണമേ.