ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്. മത്തായി 28:20
1922-ൽ അമേരിക്കൻ കവി ടി.എസ്. എലിയറ്റ് എമ്മൗസിലേക്കുള്ള വഴിയിൽ പോയ രണ്ട് ശിഷ്യന്മാരെക്കുറിച്ച് “വാട്ട് ദ തണ്ടർ സെയ്ഡ്” (What the Thunder Said) എന്ന കവിത എഴുതി:
എപ്പോഴും നിനക്കരികിൽ നടക്കുന്ന മൂന്നാമൻ ആരാണ്?
എപ്പോൾ ഞാൻ എണ്ണുമ്പോഴും അവിടെ നീയും ഞാനും മാത്രം
എന്നാൽ ഞാൻ മുന്നോട്ടു നോക്കവെ വെളുത്ത വഴിയിൽ
എപ്പോഴും ഒരാൾ നിനക്കൊപ്പം നടക്കുന്നു.
എലിയറ്റ് രേഖപ്പെടുത്തുന്നു, “അന്റാർട്ടിക് പര്യവേഷണങ്ങളിലൊന്നിന്റെ വിവരണമാണ് ഈ വരികളുടെ ഉത്തേജനം. . . പര്യവേക്ഷകരുടെ കൂടെ, അവരുടെ ശക്തിയുടെ അങ്ങേയറ്റത്ത്, യഥാർത്ഥത്തിൽ ഉള്ളതിലും അധികം ഒരാൾ കൂടെ ഉണ്ടെന്ന തോന്നൽ അവർക്ക് നിരന്തരം ഉണ്ടായി.
നമ്മുടെ അരികിൽ വേറൊരാൾ നടക്കുന്നുണ്ട്. യേശു പറഞ്ഞു, “ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട് ” (മത്തായി 28:20). എന്തൊരു മഹത്തായ വാഗ്ദാനം. അവൻ ഈ ഭൂമിയിൽ ശിഷ്യന്മാരുടെ കൂടെ നടന്നതുപോലെ അവന്റെ സാന്നിധ്യം നമ്മോടു കൂടെയും നടക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും അവൻ നമ്മോടൊപ്പമുണ്ട് എന്ന വസ്തുതയാണ്, അവന്റെ സ്നേഹമല്ലാതെ മറ്റൊരു പ്രോത്സാഹനവുമില്ലാത്തപ്പോൾ നമുക്ക് ധൈര്യം പകരുന്നത്.
“ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്,” യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു. അവന്റെ വാഗ്‌ദാനം ശുഭാപ്തിവിശ്വാസത്തിനപ്പുറം കാലാവസാനം വരെ നിലനിൽക്കുന്നതാണ്. ഇവിടെയുള്ള നമ്മുടെ യാത്രയുടെ അവസാനത്തിങ്കൽ പുതിയോരു ജീവിതം നമ്മെ കാത്തിരിക്കുന്നു. അവിടെയും അവൻ എപ്പോഴും നമ്മോടൊപ്പം നടക്കുന്നു.
ഇപ്പോൾ യേശു നിങ്ങളോടൊപ്പം നടക്കുന്നു എന്ന് സങ്കൽപ്പിക്കുവാൻ ഒരു നിമിഷം എടുക്കുന്നത് നിങ്ങളെ എങ്ങനെ സഹായിക്കും? നിങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നിങ്ങൾ സമീപിക്കുന്ന രീതിയെ അത് എങ്ങനെ ബാധിക്കും?
യേശുവേ, എപ്പോഴും നീ എന്റെ അരികിൽ ഉള്ളതിനാൽ ഞാൻ നിനക്കു നന്ദി കരേറ്റുന്നു.
മത്തായി 28:16-20
എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലയ്ക്കു പോയി. അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു. യേശു അടുത്തുചെന്നു: സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട് എന്ന് അരുളിച്ചെയ്തു.