അവന്റെ സമാധാനം, നമ്മുടെ സമാധാനം

സമാധാനവും ശാന്തവുമായ മനസ്സിന്റെയും ഹൃദയത്തിന്റെയും അവസ്ഥയ്ക്കായി നമ്മിൽ ആരാണ് ആഗ്രഹിക്കാത്തത്? ശാന്തമായ തടാകം പോലെ ശാന്തവും സ്വസ്ഥതയുമുള്ള ഒരു മനസ്സ് ആരാണ് ഇഷ്ടപ്പെടാത്തത്?

സമാധാനം സാർവത്രികമായി എല്ലാവരും ആഗ്രഹിക്കുന്നതാണ്-പ്രത്യേകിച്ചും വ്യക്തിപരവും സാമൂഹികപരവും അന്തർദേശീയവുമായ സമാധാനം. ലോകമെമ്പാടുമുള്ള സമാധാനത്തിനായുള്ള അന്വേഷണം നമ്മുടെ ലോകത്ത് മരുന്നുകൾക്കും വൈദ്യ പരിചരണത്തിനുമായി ചെലവഴിക്കുന്ന ട്രില്യൺ കണക്കിന് ഡോളറിന്റെ ന്യായമായ പങ്ക് വഹിക്കുന്നു. സമാധാനം പാക്കേജുചെയ്‌ത് വാങ്ങാൻ കഴിയുമെങ്കിൽ, അത് എക്കാലത്തെയും ചൂടേറിയ ചരക്കുകളിൽ ഒന്നായിരിക്കും.

ഭൂമിയും, വാസ്‌തവത്തിൽ, പ്രപഞ്ചം മുഴുവനും നവീകരിക്കപ്പെടുകയും സമാധാനം എല്ലാവരുടെയും ഭാഗമാകുകയും ചെയ്യുന്ന ഒരു ദിവസത്തിനായി നാം എത്രമാത്രം കൊതിക്കുന്നു (റോമർ 8:21, വെളിപ്പാട് 21:4). എന്നാൽ ഈ സമയത്തും നാം സമാധാനത്തിനു നേരെ പുറം തിരിയുന്നില്ല. യഥാർത്ഥ സമാധാനത്തിനായുള്ള നമ്മുടെ അന്വേഷണം ഒരിക്കലും ഒരു പാഴ്-വേലയാകുകയില്ല.

യെശയ്യാവ് 9:6-ൽ വാഗ്ദത്തം ചെയ്യപ്പെട്ടവന്റെ പേരുകളിലൊന്ന് “സമാധാനപ്രഭു” എന്നാണ്. യേശുക്രിസ്തു ആണ് ആ വാഗ്ദത്ത പ്രഭു. ഇന്നും, ശാശ്വത സമാധാനത്തിന്റെ യഥാർത്ഥ ഉറവിടം അവനാണ്. സുവിശേഷങ്ങളിലെ പല സംഭവങ്ങളും ഇത് വ്യക്തമാക്കുന്നു.

സമാധാനമായിരിക്കുക, മിണ്ടാതിരിക്കുക

മർക്കോസ് 4:35-41-ൽ, യേശുവും അവന്റെ അനുയായികളും ഗലീലിക്കടലിനു കുറുകെ സഞ്ചരിക്കുമ്പോൾ, അവർ ഒരു കൊടുങ്കാറ്റ് നേരിട്ടു (വാക്യം 37). യേശു ഉറങ്ങുകയായിരുന്നു. യേശു കൊടുങ്കാറ്റിനെ ശമിപ്പിക്കുന്നതിന് മുമ്പും ശേഷവും അവന്റെ ശിഷ്യന്മാർ പരിഭ്രാന്തരും ഭയം നിറഞ്ഞവരുമായിരുന്നു (വാ. 40-41). “സമാധാനമായിരിക്കുക, മിണ്ടാതിരിക്കുക!” എന്നര്ഥം വരുന്ന “അനങ്ങാതിരിക്ക, അടങ്ങുക” (വാക്യം 39) എന്ന കല്പ്പനയിൽ കാറ്റും കടലും ശാന്തമായി.

ഏതാണ്ട് നൂറ്റമ്പത് വർഷങ്ങൾക്ക് മുമ്പ്, മേരി ആൻ ബേക്കർ ആ രാത്രിയിലെ യേശുവിന്റെ അത്ഭുതത്തെക്കുറിച്ചുള്ള മർക്കോസിന്റെ വിവരണത്തെ അടിസ്ഥാനമാക്കി ” സമാധാനമായിരിക്കുക, മിണ്ടാതിരിക്കുക” എന്ന ഗാനത്തിന് വരികൾ എഴുതി:

സമുദ്രത്തിന്റെയും ഭൂമിയുടെയും ആകാശത്തിന്റെയും നാഥൻ
കിടക്കുന്ന നൗകയെ ഒരു വെള്ളത്തിനും വിഴുങ്ങാൻ കഴിയുകില്ല:
അവയെല്ലാം താൻ ഇഷ്ടം ശാന്തമായി അനുസരിക്കും,
സമാധാനമായിരിക്കുക, മിണ്ടാതിരിക്കുക! സമാധാനമായിരിക്കുക, മിണ്ടാതിരിക്കുക!

അടുത്ത അധ്യായത്തിൽ, യേശു മറ്റുപല വിധത്തിലുള്ള വെല്ലുവിളികളും നേരിട്ടു. അശുദ്ധാത്മാക്കളുടെ നിയന്ത്രണത്തിലുള്ള ഒരു മനുഷ്യൻ (മർക്കോസ് 5:1-20); നിർത്താതെയുള്ള രക്തസ്രാവം ബാധിച്ച ഒരു സ്ത്രീ (വാ. 24-34); ദുഃഖിതരായ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നടുവിൽ മരിച്ചു കിടക്കുന്ന കൗമാരപ്രായം പോലും ഇല്ലാത്ത ഒരു പെൺകുട്ടി (വാ. 21-23, 35-43). ഓരോരുത്തരും വിവിധമായ പ്രശ്നങ്ങൾ നേരിട്ടു – മനസ്സിലും ശരീരത്തിലും ആത്മാവിലും. എന്നാൽ യേശുവിന്റെ സമാധാനം അവരുടേതായപ്പോൾ അവർ ഓരോരുത്തരും സമാധാനം അനുഭവിച്ചു.

നമ്മുടെ ജീവിതയാത്ര പ്രക്ഷുബ്ധമാകുമ്പോൾ, നമ്മെ നിലനിറുത്താനുള്ള സമാധാനത്തിന്റെ ആത്യന്തിക ഉറവിടം യേശുവാണ്. സമാധാനപ്രഭുവിന്റെ സാന്നിധ്യത്തിനും ശക്തിക്കും മറ്റെന്തിനും കഴിയാത്തതുപോലെ നാം നേരിടുന്ന കൊടുങ്കാറ്റുകളെ നേരിടാൻ കഴിയും. സമ്പൂർണ്ണതയ്‌ക്കായുള്ള നമ്മുടെ അന്വേഷണത്തിൽ, നാം ഒന്നാമതായി യേശുവിനെ അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കണം. അവനെ അന്വേഷിക്കുന്നവർക്ക് അവനെ വിശ്വസിക്കാൻ കഴിയും.

അസ്വസ്ഥരായ ശിഷ്യന്മാർ

വാക്കുകൾക്ക് നമ്മുടെ സമാധാനത്തിന് ഭംഗം വരുത്താനും നമ്മെ ഉത്കണ്ഠാകുലരാക്കാനും നമ്മുടെ ഹൃദയത്തെയും മനസ്സിനെയും അസ്വസ്ഥമാക്കുവാനും കഴിയും. തന്റെ മരണത്തിന്റെ തലേദിവസം, യേശു തന്നോട് ഏറ്റവും അടുത്തിരുന്നവരുമായി സമയം പങ്കിടാൻ ഒരുമിച്ചുകൂട്ടിയിരുന്നു. അത്താഴസമയത്ത്, യേശുവിന്റെ വായിൽ നിന്ന് അസ്വസ്ഥജനകമായ നിരവധി വാക്കുകൾ ഉയർന്നു (യോഹന്നാൻ 13).

“ഇതു പറഞ്ഞിട്ട് യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു.” (വാ. 21).

ആ വിശ്വാസവഞ്ചനയുടെ വാർത്ത മതിയാകാത്തതുപോലെ, യേശു തന്റെ വേർപാടിനെക്കുറിച്ച് സംസാരിച്ചു. “കുഞ്ഞുങ്ങളേ, ഞാൻ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്തു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്ന് ഞാൻ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു.” (വാക്യം 33).

ഒടുവിൽ, ആ നിർഭാഗ്യകരമായ സായാഹ്നത്തിൽ, യേശു പത്രോസിനോട് അഹിതമായ വാക്കുകൾ പറഞ്ഞു, “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കൂകുകയില്ല” (വാ. 38).

എന്നാൽ, ആ വികാരനിർഭരമായ സന്ദർഭത്തിൽ യേശു പറഞ്ഞത് ഇതായിരുന്നു, “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.” (യോഹന്നാൻ 14:1).

വിലമതിക്കാനാകാത്ത സമാധാനം

നാം കൊതിക്കുന്ന അമൂല്യമായ സമാധാനത്തിന്റെ ചിത്രം യോഹന്നാൻ 14 വരച്ചു കാണിക്കുന്നു. അതിന്റെ ഉറവിടം യേശുവാണ്. അവൻ വാഗ്ദത്തം ചെയ്ത തന്റെ ആത്മാവിനെ തന്റെ അനുയായികൾക്ക് വീതിച്ച് നൽകുന്നു (വാ. 15-17). അത് അസ്വസ്ഥമായ ഹൃദയങ്ങൾക്കുള്ള ഔഷധവും ഭയത്തിനുള്ള മറുമരുന്നുമാണ്. അത് യേശു പ്രദാനം ചെയ്യുന്ന സമാധാനത്തിന്റെ മൂല്യം മനസ്സിലാക്കുന്നവർക്കാണ് – “യേശുവിൽ കൂടിയല്ലാത്ത” പ്രതിവിധികളുടെ പരിമിതികൾ തിരിച്ചറിയുന്നവർക്കാണ്.

ഒരു ദിവസം, ക്രിസ്തു ലോകത്തെ ജയിച്ചതു മൂലമുള്ള സമാധാനം ലോകം മുഴുവനും അനുഭവിക്കും -നാമെല്ലാവരും ആഗ്രഹിക്കുന്ന യഥാർത്ഥ ഷാലോം. അന്ന് സമ്പൂർണ്ണമായ സമാധാനവും അഭിവൃദ്ധിയും എല്ലാവരുടെയും ഭാഗമായി തീരും. ആ ദിവസത്തിനായി നമ്മൾ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്നു.

എന്നാൽ അതിനായി കാത്തിരിക്കുമ്പോൾ തന്നെ, ദൈവത്തിന്റെ പുത്രനായ യേശുവിൽ യഥാർത്ഥ സമാധാനം ഇപ്പോൾത്തന്നെ ആസ്വദിക്കാൻ കഴിയുമെന്ന യാഥാർത്ഥ്യത്തെ നാം മുറുകെ പിടിക്കുന്നു. അത് അമൂല്യമായ ഒരു സമ്മാനമാണ്. ആ രാത്രിയിൽ യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞ അവസാന വാക്കുകളിൽ ഈ ആശ്വാസകരമായ വാഗ്ദാനവും ഉൾപ്പെടുന്നു: “സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത്.” (വാക്യം 27).