നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. മർക്കോസ് 10:43

ചിത്രകാരന്റെ ചായക്കൂട്ടിൽ നിന്ന് വെള്ളനിറവും കൈത്തണ്ടയിൽ നിന്ന് കുറച്ച് നിറങ്ങളും കൊണ്ട്, കറുത്ത ക്യാൻവാസിൽ പർപ്പിൾ മേഘങ്ങൾ പ്രത്യക്ഷപ്പെട്ടു. ചിത്രകാരൻ നീലയും ചുവപ്പും നിറങ്ങൾ തെറിപ്പിച്ചപ്പോൾ, ഉടൻ തന്നെ പർവതങ്ങൾ ആകാശത്തേക്ക് ഉയർന്നു. വെളുത്ത പാടുകൾ അവരെ മഞ്ഞിൽ പൊതിഞ്ഞു. അപ്പോൾ കലാകാരൻ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മഞ്ഞ നിറത്തിലുള്ള ഒരു സ്പ്രേ അതിൻമേൽ അടിച്ചു. രംഗം തകർന്നതായി കാണപ്പെട്ടു.

പക്ഷേ, ചിത്രകാരൻ ആ ക്യാൻവാസ് പതുക്കെ തുടച്ചപ്പോൾ, പച്ചപ്പുല്ലിന്റെ നടുവിൽ ഒരു അരുവി ഉയർന്നുവരാൻ തുടങ്ങി. അബദ്ധം പോലെ തോന്നിയത് പുതിയതായിത്തീർന്നു . അത് ഏറ്റവും മികച്ച ഒന്നായി മാറി.

ശിഷ്യന്മാർക്ക്, ഒരു പുതിയ രാജ്യത്തെക്കുറിച്ചുള്ള ക്രിസ്തുവിന്റെ വാഗ്ദത്തം ആകർഷകമായ ഒരു പ്രതീക്ഷയായി തോന്നി. റോമൻ അടിച്ചമർത്തലിൽ നിന്ന് യഹൂദ ജനതയെ മോചിപ്പിക്കുകയും ശിഷ്യന്മാരെ തന്റെ “മന്ത്രിസഭയിൽ” നിയമിക്കുകയും ചെയ്യുന്ന മിശിഹായുടെ നേതൃത്വത്തിലുള്ള ഒരു ഗവൺമെന്റ് അവർ വിഭാവനം ചെയ്തു. ഏറ്റവും പ്രമുഖമായ സ്ഥാനങ്ങൾ ആർക്കായിരിക്കുമെന്ന് പോലും ശിഷ്യന്മാർ തർക്കിച്ചു (മർക്കോസ് 10:37,41).

ശിഷ്യന്മാർക്ക്, കുരിശ് ഒരു വലിയ തെറ്റ് പോലെ, ഒരു സമ്പൂർണ്ണ പരാജയമായി തോന്നി. യേശു വരയ്ക്കുന്ന രംഗം അവർക്ക് കാണാൻ കഴിഞ്ഞില്ല – അവരുടെ നേതാവ് സേവിക്കാനായി കുനിയുന്നു, ബലഹീനത എന്നു കരുതിയിരുന്നത് ശക്തിയായി തീരുന്നു, അവസാനത്തേത് ആദ്യത്തേത് ആയി മാറുന്നു. എല്ലാം നഷ്ടപ്പെട്ടതായി തോന്നിയപ്പോൾ യേശു വിജയിക്കുകയാണെന്ന് അവർ തിരിച്ചറിഞ്ഞില്ല.

നമ്മളും നമ്മുടെ സ്വന്തം പദ്ധതികൾ തയ്യാറാക്കുന്നു, യാഥാർത്ഥ്യം കടന്നുവരുന്നത് വരെ അവ നമുക്ക് നല്ലതായി തോന്നുന്നു. ദൈവം വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുന്നു. സകലവും പരാജയമായി നമുക്ക് തോന്നുമ്പോൾ, നമ്മുടെ സങ്കൽപ്പത്തിനപ്പുറമുള്ള സൗന്ദര്യവും സർഗ്ഗാത്മകതയും ദൈവത്തിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാം. പരമോന്നത കലാകാരൻ എപ്പോഴും പുതിയ എന്തെങ്കിലും ചെയ്യുന്നു.

തങ്ങളുടെ നേതാവ് ക്രൂശിക്കപ്പെട്ടപ്പോൾ ശിഷ്യന്മാർക്ക് എങ്ങനെ തോന്നി? ദൈവത്തിന്റെ വഴി നമ്മുടേതിൽ നിന്ന് വ്യത്യസ്തമാണെന്ന് നിങ്ങൾ കരുതുന്നത് എന്തുകൊണ്ടാണ്

സ്വർഗ്ഗസ്ഥനായ പിതാവേ, ജീവിതത്തിലെ നല്ലതും ചീത്തയുമായ ആശ്ചര്യങ്ങളെ അങ്ങയെയും അങ്ങയുടെ നല്ല ഉദ്ദേശ്യങ്ങളെയും വിശ്വസിക്കാനുള്ള അവസരങ്ങളായി കാണാനുള്ള ജ്ഞാനം ഞങ്ങൾക്ക് നൽകണമേ.

മർക്കോസ് 10:35-45

സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്റെ അടുക്കൽ വന്ന് അവനോട്: ഗുരോ, ഞങ്ങൾ നിന്നോടു യാചിപ്പാൻ പോകുന്നതു ഞങ്ങൾക്കു ചെയ്തുതരുവാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോട്: ഞാൻ നിങ്ങൾക്ക് എന്തു ചെയ്തുതരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നു ചോദിച്ചു. നിന്റെ മഹത്ത്വത്തിൽ ഞങ്ങളിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ വരം നല്കേണം എന്ന് അവർ പറഞ്ഞു. യേശു അവരോട്: നിങ്ങൾ യാചിക്കുന്നത് ഇന്നത് എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്ന പാനപാത്രം കുടിപ്പാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്പാനും നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചതിന് കഴിയും എന്ന് അവർ പറഞ്ഞു. യേശു അവരോട്: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്ക്കയും ചെയ്യും നിശ്ചയം. എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതോ എൻറേതല്ല; ആർക്ക് ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും എന്നു പറഞ്ഞു. അതു ശേഷം പത്തു പേരും കേട്ടിട്ട് യാക്കോബിനോടും യോഹന്നാനോടും നീരസപ്പെട്ടു തുടങ്ങി. യേശു അവരെ അടുക്കെ വിളിച്ച് അവരോട്: ജാതികളിൽ അധിപതികളായവർ അവരിൽ കർത്തൃത്വം ചെയ്യുന്നു; അവരിൽ മഹത്തുക്കളായവർ അവരുടെമേൽ അധികാരം നടത്തുന്നു എന്നു നിങ്ങൾ അറിയുന്നു. നിങ്ങളുടെ ഇടയിൽ അങ്ങനെ അരുത്; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം; നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രേ വന്നത്.