നിങ്ങൾ ആദിമുതൽ കേട്ടദൂത്: നാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു. 1 യോഹന്നാൻ 3:11

1962-ൽ അൽബാനി സിറ്റി ഹാളിന് മുന്നിൽ ഒരു പ്രാർത്ഥനായോഗം നയിച്ചതിന്നു, ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ രണ്ടാഴ്ചയിലേറെ ജയിലിൽ കിടന്നു. ഈ അന്യായമായ തടവ് സഹിക്കുന്നതിനിടയിൽ, ശത്രുക്കളെ സ്നേഹിക്കുന്നതിനെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ അദ്ദേഹം എഴുതി, അത് പിന്നീട് തന്റെ ദ സ്ട്രെങ്ത് ടു ലവ് (The Strength to Love) എന്ന പുസ്തകത്തിന്റെ ഭാഗമായി മാറി. അതിലൂടെ അദ്ദേഹത്തിന്റെ ശക്തമായ സന്ദേശം സ്നേഹത്തെ, സാമൂഹികവും രാഷ്ട്രീയവുമായ മാറ്റത്തിനുള്ള ഉത്തേജകമായി പ്രഖ്യാപിച്ചു. വർഷങ്ങളായി ഡോ. കിംഗിന്റെ ഉപദേശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, എന്റെ മിശ്രവിവാഹത്തിലെ മക്കൾക്കായി ഞാൻ പ്രാർത്ഥിച്ചു, അവർ ഇപ്പോൾ പ്രായപൂർത്തിയായ പുരുഷന്മാർ ആയി. വിദ്വേഷത്തെ സ്നേഹത്തോടെ ചെറുക്കുവാൻ ഞാനും എന്റെ ഭർത്താവും അവരെ പഠിപ്പിച്ചു, എന്നാൽ അത് എല്ലായ്പ്പോഴും എളുപ്പമല്ല. ചിലപ്പോൾ വെറുപ്പ് ജയിക്കുന്നതായി തോന്നുമ്പോൾ ഞാൻ ദൈവത്തോട് നിലവിളിക്കും. കർത്താവേ, അങ്ങയുടെ ഛായയിൽ ഞങ്ങളെ സൃഷ്ടിച്ചതിന്നാൽ നിന്നെയും മറ്റുള്ളവരെയും സ്നേഹിക്കുവാൻ ഞങ്ങളോട് കൽപിച്ചു എന്നറിയുമ്പോൾ എത്രത്തോളം ഞങ്ങൾ വിദ്വേഷത്താൽ വിഭജിക്കപ്പെടും?

“ആദിമുതൽ” സ്നേഹിക്കുവാൻ ദൈവം തന്റെ ജനത്തോട് നിർദ്ദേശിച്ചു (1 യോഹന്നാൻ 3:11). അവൻ പ്രഖ്യാപിച്ചു, “സഹോദരനെ പകയ്ക്കുന്നവൻ എല്ലാം കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകനും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു.” (വാ. 15). പരസ്‌പരം സ്‌നേഹം പ്രകടിപ്പിക്കുവാൻ നമ്മുടെ വാക്കുകളും പ്രവൃത്തികളും മനോഭാവങ്ങളും ഉപയോഗിക്കുവാൻ ദൈവം തന്റെ ജനത്തെ പ്രോത്സാഹിപ്പിച്ചു (വാ. 16-18).

നാം അനീതിക്കെതിരെ നിലകൊള്ളുമ്പോൾ, പരിശുദ്ധാത്മാവ് ദൈവജനത്തെ “അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കാനും അവൻ നമ്മോടു കല്പിച്ചതുപോലെ അന്യോന്യം സ്നേഹിക്കാനും” ശക്തി നൽകും (വാ. 23). നമ്മൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സ്നേഹിക്കാനാണ്.

നിങ്ങളിൽ നിന്ന് വ്യത്യസ്തരായ ആളുകളെ സ്നേഹിക്കുവാൻ ദൈവം നിങ്ങളെ എങ്ങനെ സഹായിച്ചിട്ടുണ്ട്? വിദ്വേഷത്തിനെതിരെ സ്‌നേഹത്തോടെ പ്രതികരിക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നത് എന്തുകൊണ്ട്?

സ്‌നേഹമുള്ള സ്രഷ്ടാവും പരിപാലകനുമായ ദൈവമേ, അങ്ങേയെയും മറ്റുള്ളവരെയും സ്നേഹിക്കുവാൻ എന്നെ സഹായിക്കൂ. നീ ഞങ്ങളെ മനോഹരമായ വൈവിധ്യത്തോടെയും പരസ്പരം ബന്ധപ്പെടുവാനുള്ള ഉദ്ദേശത്തോടെയും സൃഷ്ടിച്ചിരിക്കുന്നതിന്നാൽ, ഞങ്ങളുടെ വ്യത്യാസങ്ങളെയും സമാനതയെയും ഞാൻ ആസ്വദിക്കുന്നു.

1 യോഹന്നാൻ 3:11-24

നിങ്ങൾ ആദിമുതൽ കേട്ടദൂത്: നാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു. കയീൻ ദുഷ്ടനിൽ നിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാൻ സംഗതി എന്ത്? തന്റെ പ്രവൃത്തി ദോഷവും സഹോദരൻറേതു നീതിയുമുള്ളതാകകൊണ്ടത്രേ. സഹോദരന്മാരേ, ലോകം നിങ്ങളെ പകയ്ക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുത്. നാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്ക് അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു. സഹോദരനെ പകയ്ക്കുന്നവൻ എല്ലാം കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകനും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു. അവൻ നമുക്കുവേണ്ടി തന്റെ പ്രാണനെ വച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്തു എന്ന് അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കുവേണ്ടി പ്രാണനെ വച്ചുകൊടുക്കേണ്ടതാകുന്നു. എന്നാൽ ഈ ലോകത്തിലെ വസ്തുവക ഉള്ളവൻ ആരെങ്കിലും തന്റെ സഹോദരനു മുട്ടുള്ളതു കണ്ടിട്ട് അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും? കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നെ സ്നേഹിക്കുക. നാം സത്യത്തിന്റെ പക്ഷത്തു നില്ക്കുന്നവർ എന്ന് ഇതിനാൽ അറിയും; ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കിൽ ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയിൽ ഉറപ്പിക്കാം. പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുറ്റം വിധിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തോടു പ്രാഗല്ഭ്യം ഉണ്ട്. അവന്റെ കല്പനകളെ നാം പ്രമാണിച്ച് അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും. അവന്റെ കല്പനയോ, അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കയും അവൻ നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നെ. അവന്റെ കല്പനകളെ പ്രമാണിക്കുന്നവൻ അവനിലും അവൻ ഇവനിലും വസിക്കുന്നു. അവൻ നമ്മിൽ വസിക്കുന്നു എന്ന് അവൻ നമുക്കു തന്ന ആത്മാവിനാൽ നാം അറിയുന്നു.