യേശു അവളോട്: മറിയയേ, എന്നു പറഞ്ഞു. യോഹന്നാൻ 20:16

“ജെറമി” (അവന്റെ യഥാർത്ഥ പേരല്ല) വലിയ ആവേശത്തിലായിരുന്നു. തന്റെ ഗർഭസ്ഥ ശിശുവിന്റെ ലിംഗഭേദം വെളിപ്പെടുത്താൻ മരുഭൂമിയിലെ ഉണങ്ങിയ പുൽമേടുകളിൽ അദ്ദേഹം ഒരു പാർട്ടി നടത്തി. സ്‌ഫോടക വസ്തുക്കളും നീലപ്പൊടിയും (അത് ഒരു ആൺകുട്ടിയാണെന്നു പ്രഖ്യാപിക്കുവാൻ) അവൻ ദൂരത്ത് തയ്യാറാക്കി വെച്ചു, തുടർന്ന് ആ ലക്ഷ്യത്തിലേക്ക് വെടിവച്ചു. പെട്ടന്ന് തീയുടെ ഒരു സ്ഫോടനം ഉണ്ടായി. ഉണങ്ങിയ പുൽമേടുകളിൽ പടർന്ന തീ അണയ്ക്കാൻ 800 അഗ്നിശമന സേനാംഗങ്ങൾ ഒരു ആഴ്‌ച മുഴുവൻ പരിശ്രമിച്ചു. വലിയ ആഘോഷങ്ങൾ എല്ലായ്‌പ്പോഴും നല്ലതായിരിക്കുകയില്ല എന്ന കഠിനമായ പാഠം ജെറമി പഠിച്ചു. ചിലപ്പോൾ ചെറിയ തോതിലെ പ്രഖ്യാപനം മികച്ച രീതിയിൽ ഫലം ചെയ്യും.

യേശുവിന്റെ പുനരുത്ഥാനം പരിഗണിക്കുക. എങ്ങനെയാണ് അദ്ദേഹം ഈ ഏറ്റവും വലിയ വാർത്ത പ്രഖ്യാപിച്ചത്? യേശു കൊട്ടാരത്തിൽ ഓടിച്ചെന്ന് സ്വയം രാജാവായി പ്രഖ്യാപിച്ചില്ല. അവൻ ഇടിയും മിന്നലും വരുത്തിയില്ല. പന്ത്രണ്ട് ശിഷ്യന്മാരുടെ അടുത്തേക്ക് പോലും അവൻ ആദ്യം പോയില്ല. അവൻ കല്ലറയ്ക്കരികിൽ, തന്റെ ശരീരത്തിൽ അഭിഷേകം ചെയ്യാൻ വരുന്ന സ്ത്രീകളെ കാത്തിരുന്നു. അവരിൽ ഒരാൾ അവനെ തോട്ടക്കാരനായി തെറ്റിദ്ധരിച്ച് യേശുവിന്റെ ശരീരം എവിടെ വെച്ചെന്ന് ചോദിച്ചു. അവൻ വെറുതെ, “അവളോട്: മറിയയേ, എന്നു പറഞ്ഞു!” (യോഹന്നാൻ 20:16).

വാസ്തവം. യേശു തന്റെ പുനരുത്ഥാനത്തെ ഒരു വാക്കിനാൽ പ്രഖ്യാപിച്ചു, ഒരു സ്ത്രീയെ പേര് വിളിച്ച് – ഭൂതബാധിതയായിരുന്ന ഒരു സ്ത്രീയെ (ലൂക്കാ 8:2), ആ പുരാതന ലോകത്തിൽ ആരും അംഗീകരിക്കാത്ത ഒരു സ്ത്രീയെ, എന്നാൽ യേശു സ്നേഹിച്ച ഒരു സ്ത്രീയെ, അവൻ തന്റെ പുനരുത്ഥാനത്തിന്റെ സ്ഫോടനാത്മകമായ വാർത്ത ഏൽപ്പിച്ചു.

ഇപ്പോൾ നമ്മെയും അവൻ അതുപോലെ വിശ്വസിക്കുന്നു. നാം വിശേഷതയുള്ളവർ ആകണമെന്നില്ല, കാരണം നമ്മുടെ സന്ദേശം വിശേഷതയുള്ളതാണ്. നമ്മൾ കണ്ടതും കേട്ടതും മറ്റുള്ളവരോട് പറഞ്ഞാൽ മാത്രം മതി.

നിങ്ങൾക്കറിയാവുന്ന ആരൊക്കെയാണ് യേശുവിനെ അറിയേണ്ടവർ? അവരോട് ദയയോടെയും ആത്മവിശ്വാസത്തോടെയും യേശുവിനെ കുറിച്ച് സംസാരിക്കുവാൻ എന്താണ് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്?

പിതാവേ, അങ്ങയുടെ പുത്രനെക്കുറിച്ച് മറ്റുള്ളവരോട് പറയാൻ എന്റെ വായെ ഉപയോഗിക്കേണമെ.

യോഹന്നാൻ 20:11-18

എന്നാൽ മറിയ കല്ലറയ്ക്കൽ പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നതിനിടയിൽ അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി. യേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്ത് വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുത്തൻ തലയ്ക്കലും ഒരുത്തൻ കാല്ക്കലും ഇരിക്കുന്നത് കണ്ടു. അവർ അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത് എന്നു ചോദിച്ചു. എന്റെ കർത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വച്ചു എന്ന് ഞാൻ അറിയുന്നില്ല എന്ന് അവൾ അവരോട് പറഞ്ഞു. ഇതു പറഞ്ഞിട്ട് അവൾ പിന്നോക്കം തിരിഞ്ഞ്, യേശു നില്ക്കുന്നത് കണ്ടു; യേശു എന്ന് അറിഞ്ഞില്ലതാനും. യേശു അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത്? ആരെ തിരയുന്നു എന്നു ചോദിച്ചു. അവൻ തോട്ടക്കാരൻ എന്ന് നിരൂപിച്ചിട്ട് അവൾ: യജമാനനേ, നീ അവനെ എടുത്തു കൊണ്ടുപോയി എങ്കിൽ അവനെ എവിടെ വച്ചു എന്ന് പറഞ്ഞുതരിക; ഞാൻ അവനെ എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം എന്ന് അവനോടു പറഞ്ഞു. യേശു അവളോട്: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞ് എബ്രായഭാഷയിൽ: റബ്ബൂനി എന്നു പറഞ്ഞു; അതിനു ഗുരു എന്നർഥം. യേശു അവളോട്: എന്നെ തൊടരുത്; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്ന് അവരോട് പറക എന്നു പറഞ്ഞു. മഗ്ദലക്കാരത്തി മറിയ വന്നു താൻ കർത്താവിനെ കണ്ടു എന്നും അവൻ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോട് അറിയിച്ചു.