സങ്കീർത്തനം
നിന്റെ പക്കൽ വിമോചനം ഉണ്ട്.
അവൻ ക്ഷമിക്കുന്നു
ത തന്റെ ഓൺലൈൻ ചരിത്രങ്ങളിലൂടെ സ്ക്രോൾ ചെയ്തുകൊണ്ടിരുന്നപ്പോൾ മാർക്കിന്റെ കൈകൾ വിറച്ചു. ആ പേജിനു അന്തമില്ലായെന്ന് തോന്നി. വർഷങ്ങളായി എപ്പോഴൊക്കെ താൻ ഓൺലൈൻ ചൂതാട്ട സൈറ്റ് സന്ദർശിച്ചുവെന്ന് ദിവസവും സമയവുമടക്കം അതിലുണ്ടായിരുന്നു. “എന്റെ ആസക്തിയെ മറികടക്കാൻ ദൈവം എന്നെ സഹായിച്ചു.” മാർക്ക് പറഞ്ഞു. “ദൈവം എന്നോട് ക്ഷമിച്ചു എന്ന് എനിക്കറിയാമായിരുന്നെങ്കിലും യാദൃച്ഛികമായി എന്റെ കമ്പ്യൂട്ടറിൽ ആ ചരിത്രം കണ്ടപ്പോൾ എന്റെ പഴയ പാപത്തിന്റെ വലിപ്പം എന്നെ അസഹ്യപ്പെടുത്തി. എന്റെ എല്ലാ കാപട്യവും ലക്കില്ലായ്മയും ഇതാ രേഖപ്പെടുത്തിവെച്ചിരിക്കുന്നു. മാർക്ക് പറഞ്ഞു “ദൈവത്തിന്റെ പാപക്ഷമ വീണ്ടും പുതുതായി ആസ്വദിക്കുവാൻ ആ ദിവസമെന്നെ സഹായിച്ചു.” “ആ ഓൺലൈൻ രേഖകൾ എനിക്കെതിരായി ദൈവം വെച്ചിരുന്നുവെങ്കിൽ ഞാനിന്നെവിടെയായിരിക്കുമായിരുന്നു.”
മാർക്ക് ആവർത്തിച്ചത് ദാവീദ് സങ്കീർത്തനം 130:3ൽ പറഞ്ഞതു തന്നെയാണ്, “യഹോവേ, നീ അകൃത്യങ്ങളെ ഓർമവച്ചാൽ കർത്താവേ, ആർ നിലനില്ക്കും?” നമ്മുടെ പാപസ്വഭാവത്തിന്റെ ആഴം ദൈവത്തിനറിയാം. അതുകൊണ്ടാണ് നമുക്കായി മരിക്കാനും ജീവനിലേക്ക് ഉയർപ്പിക്കാനും അവൻ തന്റെ പുത്രനായ യേശുവിനെ അയച്ചത്. ക്രിസ്തുവിൽ നമുക്ക് വീണ്ടെടുപ്പുണ്ട് (വാ. 7). “വീണ്ടെടുപ്പ്” എന്ന വാക്ക് ‘പാ്ദാ’ എന്ന ഹീബ്രു വാക്കിൽ നിന്നും ഉത്ഭവിച്ചതാണ്. അതിന്റെ അർത്ഥം ശിക്ഷയിൽ നിന്നും രക്ഷപെടുത്തുവാനായി ആവശ്യമായ മോചനദൃവ്യം കൊടുക്കുക എന്നാണ്. ഇതാണ് യേശുവിന്റെ മരണം നമുക്കായി നിറവേറ്റിയത്. ഇന്നു നാം ജീവന്റെ പുതുക്കത്തിൽ നടക്കുമ്പോൾ, നാം പശ്ചാത്താപത്തോടെ അവനിലേക്ക് തിരിയുമ്പോഴെല്ലാം അവൻ നമുക്ക് നാം ചെയ്ത പാപങ്ങളുടെ പാപക്ഷമ വാഗ്ദത്തം ചെയ്യുന്നു. (സങ്കീർത്തനം 130:4; 1 യോഹന്നാൻ 1:9).
മാർക്ക് തന്റെ ഓൺലൈൻ ചരിത്രം അന്ന് ഡിലീറ്റ് ചെയ്തു. അതുപോലെ ദൈവത്തിന്റെ ക്ഷമ നമ്മുടെ പാപങ്ങളുടെ രേഖ എന്നെന്നേക്കുമായി മായിച്ചു കളഞ്ഞിരിക്കുന്നു.
കാരൺ ഹുയാങ്
ദൈവത്തിന്റെ പാപക്ഷമയെക്കുറിച്ചുള്ള സംശയങ്ങൾ നിങ്ങളെ ദൈവവുമായുള്ള ബന്ധത്തിൽ നിന്നും പുറകോട് വലിക്കുന്നതെങ്ങനെയാണ്? സങ്കീർത്തനം 130 നിങ്ങളെ എങ്ങനെ ധൈര്യപ്പെടുത്തുന്നു?
പ്രിയ ദൈവമേ, നിന്റെ ദയയും കരുണയുമില്ലെങ്കിൽ ഞാനെവിടെയാകുമായിരുന്നു? നിന്റെ പുത്രന്റെ മരണവും പുനരുദ്ധാനവും എന്ന അവർണ്ണനീയമായ ദാനത്തിനു നന്ദി.
ഇന്നത്തെ വചനം | സങ്കീർത്തനം 130
1 യഹോവേ, ആഴത്തിൽനിന്നു ഞാൻ നിന്നോടു നിലവിളിക്കുന്നു;.
2 കർത്താവേ, എന്റെ പ്രാർഥന കേൾക്കേണമേ; നിന്റെ ചെവി എന്റെ യാചനകൾക്കു ശ്രദ്ധിച്ചിരിക്കേണമേ.
3 യഹോവേ, നീ അകൃത്യങ്ങളെ ഓർമവച്ചാൽ കർത്താവേ, ആർ നിലനില്ക്കും?
4 എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ട്.
5 ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവച്ചിരിക്കുന്നു.
6 ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.
7 യിസ്രായേലേ, യഹോവയിൽ പ്രത്യാശവച്ചുകൊൾക; യഹോവയ്ക്കു കൃപയും അവന്റെ പക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ട്.
8 അവൻ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.