ജനുവരിയിലെ ഒരു സമയത്ത്, കോവിഡ് -19 മഹാമാരിയെക്കുറിച്ചു കേള്‍ക്കുന്നതിനും വളരെ മുമ്പുതന്നെ, ”സഹിക്കാനുളള കൃപ” എന്ന വിഷയത്തെക്കുറിച്ചു പഠിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, അതിനാധാരമായി യാക്കോബ് 5:10-11 ആണ് ഞങ്ങള്‍ക്ക് ലഭിച്ചത്: ”സഹോദരന്മാരേ, കര്‍ത്താവിന്റെ നാമത്തില്‍ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിനും ദീര്‍ഘക്ഷമയ്ക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊള്‍വിന്‍. സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാര്‍ എന്നു പുകഴ്ത്തുന്നു. യോബിന്റെ സഹിഷ്ണുത നിങ്ങള്‍ കേട്ടും കര്‍ത്താവ് വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കര്‍ത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ.’ ഇത് ഒരു പരിധിവരെ പ്രാവചനീകമായിത്തീരുമെന്ന് അന്നു ഞങ്ങള്‍ക്കറിയില്ലായിരുന്നു.

സഹിഷ്ണുത കാണിച്ചവരെ ”ഭാഗ്യവാന്മാര്‍” എന്ന് വിളിക്കുന്നു. കരുണയും മനസ്സലിവും ഉള്ള ദൈവം സഹിഷ്ണുതയ്ക്കും സ്ഥിരോത്സാഹത്തിനും കഠിനമായ സമ്മര്‍ദത്തിന് വഴങ്ങാതെ പിടിച്ചുനില്‍ക്കാനും ഉള്ള കൃപ നല്‍കുമെന്നു നമുക്കറിയാം.

നാം ഈ മഹാമാരിയെ അതിജീവിക്കും, കാരണം ഈ ജീവിതത്തില്‍ നാമെല്ലാവരും മരിക്കുന്നതുവരെയോ അല്ലെങ്കില്‍ കര്‍ത്താവ് മടങ്ങിവരുന്നതുവരെയോ പാപവും അതിന്റെ ദാരുണമായ അനന്തരഫലങ്ങളും നിലനില്‍ക്കുന്ന വീഴ്ച സംഭവിച്ച ഒരു ലോകത്ത് ജീവിക്കുന്നതിന്റെ സാധാരണ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് നമുക്കറിയാം.

ജീവിതം സാധാരണഗതിയില്‍ മുന്നോട്ട് നയിച്ചിരുന്ന നമ്മില്‍ മിക്കവരും, നമ്മുടെ ജീവിതത്തെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്വാധീനിക്കുന്നതോ ഭാവിയില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തുവാന്‍ സാധ്യതയുള്ളതോ ആയ ആഗോള മഹാമാരിയെയാണ് ഇപ്പോള്‍ അപ്രതീക്ഷിതമായി നേരിടുന്നത്.

അതിനാല്‍ ഇതുപോലെയുള്ള അനിശ്ചിത കാലങ്ങളില്‍ നമുക്ക് ഉത്കണ്ഠയും ഭയവും തോന്നുന്നത് സാധാരണമാണ്. നമ്മുടെ ചില വികാരങ്ങള്‍ ന്യായമാണ്; എന്നാല്‍ ചിലത് അടിസ്ഥാനരഹിതവുമാണ്. എന്നിരുന്നാലും, നാം ശ്രദ്ധിക്കേണ്ട ചില പ്രധാന ആത്മീയ സത്യങ്ങളുണ്ട്.

യേശു പറഞ്ഞു, ”അവന്‍ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെ മേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ” (മത്തായി 5:45)

അതിനാല്‍ ദൈവപൈതലായതുകൊണ്ടുമാത്രം പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ ദുരന്തങ്ങളുടെ ഭവിഷ്യത്തുകളില്‍ നിന്ന് ഒരു വ്യക്തിയെ ഒഴിവാക്കുകയോ മാറ്റിനിര്‍ത്തുകയോ ചെയ്യുന്നില്ല. ”കാരണവും ഫലവും” എന്നതിന്റെ പ്രകൃതി നിയമങ്ങള്‍ ഈ ജീവിതത്തില്‍ പ്രാവര്‍ത്തികമാകുന്നു.

”ഒരിക്കല്‍ മരിക്കയും…. മനുഷ്യനു നിയമിച്ചിരിക്കുന്നു” എന്നും നമുക്കറിയാം (എബ്രായര്‍ 9:27). എപ്പോള്‍, എങ്ങനെ മരിക്കുമെന്ന് നമുക്കറിയില്ല. അതിനാല്‍, മരണം ഒരു പുതിയ കാര്യമാണെന്ന് നാം ആശ്ചര്യപ്പെടേണ്ടതില്ല, അല്ലെങ്കില്‍ അതിനെ ഭയപ്പെടേണ്ടതില്ല. വാസ്തവത്തില്‍, പൗലൊസിനെപ്പോലെ നമ്മുടെ മനോഭാവം  ”എനിക്കു ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവുമാകുന്നു” (ഫിലിപ്പിയര്‍ 1:21) എന്നാണെങ്കില്‍, വേദനയും കഷ്ടപ്പാടും നിറഞ്ഞ ഈ ജീവിതത്തില്‍ നിന്നുള്ള നമ്മുടെ കടന്നുപോക്കായും നമ്മുടെ പ്രിയപ്പെട്ട കര്‍ത്താവും രക്ഷകനുമായ യേശുവിന്റെ മഹത്തായ സാന്നിധ്യത്തിലേക്കുള്ള പ്രവേശനമായും നാം മരണത്തെ സ്വാഗതം ചെയ്യും. അതുകൊണ്ടാണ് പൗലൊസ് പറഞ്ഞത്, ”ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ?’ ( 1 കൊരിന്ത്യര്‍ 15:55).

”അവന്‍ അവളോട്: ഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കൈയില്‍നിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതില്‍ ഒന്നിലും ഇയ്യോബ് അധരങ്ങളാല്‍ പാപം ചെയ്തില്ല’ (ഇയ്യോബ് 2:10) എന്ന് ഇയ്യോബ് തന്റെ ഭാര്യയോടു പറഞ്ഞ വാക്കുകള്‍, നല്ലതും തിന്മയും നമ്മുടെമേല്‍ വരാമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

അതിനാല്‍ ഒരാള്‍ പറഞ്ഞതുപോലെ, ഈ ജീവിതത്തില്‍ നമുക്ക് കൃത്യമായി ഉറപ്പാക്കാന്‍ കഴിയുന്ന രണ്ടു കാര്യങ്ങള്‍ മാത്രമേയുള്ളൂ, ”മരണവും നികുതിയും.” അതിനാല്‍, നാമെല്ലാവരും ഒരു ദിവസം മരിക്കും, എങ്ങനെ, എപ്പോള്‍ എന്ന് നമുക്ക് അറിയില്ല എന്നു മാത്രം..

അതിനാല്‍, ആദ്യം ഓര്‍മ്മിക്കേണ്ടത് നമ്മുടെ സ്വന്തം മര്‍ത്യതയെ അംഗീകരിക്കുക എന്നതാണ്.

എത്രപേര്‍ മരിക്കും എന്നതിനെക്കുറിച്ച് വിവിധ കണക്കുകള്‍ നല്‍കപ്പെട്ടിട്ടുണ്ട് എങ്കിലും നമ്മില്‍ ആര്‍ക്കും ആ കണക്കുകളെക്കുറിച്ച് ഉറപ്പില്ല  അതിനാല്‍, ആഗോള മഹാമാരിയുടെ ഇതുവരെ ആഴമളന്നിട്ടില്ലാത്ത സമുദ്രത്തിലേക്ക് നീങ്ങുമ്പോള്‍, നാം തീര്‍ച്ചയായും നിരവധി ചോദ്യങ്ങള്‍ നേരിടേണ്ടിവരികയും നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുകയും ചെയ്‌തേക്കാം. ഉദാഹരണത്തിന്, നമ്മുടെ പങ്കാളി ഈ ഭയാനകമായ വൈറസ് ബാധിച്ച് നമ്മില്‍ നിന്ന് മാറ്റപ്പെട്ടാല്‍ എന്തു സംഭവിക്കും? ഒരു കുട്ടിക്ക് സമാനമായ വിധി നേരിടേണ്ടിവന്നാലോ? നമ്മുടെ കുടുംബത്തിലെ ഒന്നിലധികം വ്യക്തികളെ ബാധിച്ചാലോ? ഇവയ്ക്കും മറ്റ് പല സാഹചര്യങ്ങള്‍ക്കും നമ്മുടെ വിശ്വാസത്തെ ശരിക്കും പരീക്ഷിക്കാന്‍ കഴിയും. ഈ പകര്‍ച്ചവ്യാധി നമ്മെ ബാധിക്കാന്‍ അനുവദിച്ചതിന് നാം ദൈവത്തോട് കോപിച്ചേക്കാം.

വ്യാജ പ്രതീക്ഷയുടെ പ്രചാരണമാണ് വിശ്വാസം നേരിടുന്ന ഏറ്റവും വലിയ അപകടങ്ങളിലൊന്ന്. ബൈബിള്‍ വാക്യങ്ങളെ സന്ദര്‍ഭത്തില്‍ നിന്ന് എടുത്തുമാറ്റി പ്രയോഗിച്ച് അവര്‍ ക്രിസ്ത്യാനികളായതിനാല്‍ അവരെ വൈറസ് ബാധിക്കില്ലെന്ന് ചിന്തിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. മിസ്രയീമിലെ പെസഹാ വേളയില്‍ കട്ടിളക്കാലിന്മേലും കുറുമ്പടിമേലും രക്തം പുരട്ടുന്നതിന്റെ ചിത്രീകരണം ഞാന്‍ കണ്ടു – സമാനമായ രീതിയില്‍ തങ്ങള്‍ രക്ഷിക്കപ്പെടുമെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. പ്രതീക്ഷയുടെ സന്ദേശം സൃഷ്ടിക്കാന്‍ മറ്റുള്ളവര്‍ കോവിഡിലെ അക്ഷരങ്ങള്‍ വളരെ മനോഹരമായി വളച്ചൊടിച്ച് ഉപയോഗിച്ചു. ഈ പകര്‍ച്ചവ്യാധി ക്രിസ്ത്യാനികളെ ബാധിക്കില്ലെന്ന രീതിയിലായിരുന്നു അത്.

ഇത്തരത്തിലുള്ള ചിന്ത വളരെ അപകടകരമാണ്, കാരണം ഈ വൈറസ് ക്രിസ്ത്യാനികളെ ബാധിക്കുകയും അവരില്‍ ചിലര്‍ മരിക്കുകയും ചെയ്താല്‍, തെറ്റായ പ്രതീക്ഷകളില്‍ വിശ്വാസം വളര്‍ത്തിയ ആളുകള്‍ക്ക് അവരുടെ വിശ്വാസം നഷ്ടപ്പെട്ടേക്കാം. ദൈവം തങ്ങളെ വഞ്ചിച്ചുവെന്നോ അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിവില്ലാത്തവനാണെന്നോ അവന്‍ അവരെ പരിപാലിക്കുന്നില്ലെന്നോ ചിലര്‍ ചിന്തിച്ചേക്കാം.

അതിനാല്‍, സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ബൈബിളിലെ വാക്യങ്ങളുടെയും ഭാഗങ്ങളുടെയും തെറ്റായ വ്യാഖ്യാനങ്ങളില്‍ നാം ആശ്രയിക്കരുത്, മറിച്ച് നാം യാഥാര്‍ത്ഥ്യബോധമുള്ളവരായിരിക്കണം, ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് നാം ആഗ്രഹിക്കുന്ന രീതിയില്‍ ഉത്തരം നല്‍കുമെന്ന് തെറ്റായി കരുതരുത്.

അതിനാല്‍, നമുക്ക് ദൈവത്തില്‍ ആശ്രയിക്കാം, എന്തുതന്നെ സംഭവിച്ചാലും ചഞ്ചലിക്കരുത്.

അതിവേഗം പടരുന്ന ഈ മഹാമാരിയുടെ പശ്ചാത്തലത്തില്‍ നാം ദൈവത്തില്‍ വിശ്വസിക്കുന്നത് തുടരുന്നത് നിര്‍ണ്ണായകമാണ്. എന്നാല്‍ ദൈവത്തില്‍ ആശ്രയിക്കുക എന്നതിന്റെ അര്‍ത്ഥമെന്താണ്? ‘പൂര്‍ണ്ണഹൃദയത്തോടെ യഹോവയില്‍ ആശ്രയിക്കുക; സ്വന്ത വിവേകത്തില്‍ ഊന്നരുത്’ (സദൃശവാക്യങ്ങള്‍ 3:5) എന്നു ബൈബിള്‍ നമ്മെ പ്രബോധിപ്പിക്കുന്നു. ഇവിടെ രണ്ട് ചിന്തകളുണ്ട്, ഒന്ന്, കര്‍ത്താവില്‍ ആശ്രയിക്കുക, രണ്ട്, നിങ്ങളുടെ സ്വന്തം ധാരണയില്‍ ആശ്രയിക്കരുത്. ഇതിനര്‍ത്ഥം, നാം നമ്മുടെ സ്വന്തം വീക്ഷണകോണില്‍ നിന്ന് കാര്യങ്ങള്‍ കാണുന്നത് അവസാനിപ്പിക്കുകയും അവന്റെ വീക്ഷണകോണില്‍ കാര്യങ്ങളെ കാണുകയും ചെയ്യുക എന്നതാണ്. അവന്റെ വീക്ഷണകോണില്‍ നിന്ന് കാര്യങ്ങള്‍ കാണുന്നതിനുള്ള ഒരു ഉദാഹരണം, മരണത്തെക്കുറിച്ച് നാം നേരത്തെ പറഞ്ഞതാണ്. മരണത്തെക്കുറിച്ച് ദൈവം എന്താണ് പറയുന്നതെന്ന് നാം കാണുകയും അത് അംഗീകരിക്കുകയും ചെയ്യുന്നു. എന്താണ് സംഭവിക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുമ്പോള്‍ തന്നേ നാം ദൈവത്തില്‍ ആശ്രയിക്കേണ്ടതുണ്ട്. ദൈവത്തില്‍ ആശ്രയിക്കുന്നതിലൂടെ, ദൈവം നല്‍കിയ ആത്മവിശ്വാസത്തോടെ നമുക്ക് പ്രതിസന്ധിയെ നേരിടാന്‍ കഴിയും, ഇത് നമ്മുടെ ഹൃദയത്തിന് യഥാര്‍ത്ഥ സമാധാനം നല്‍കുന്നു.

അടുത്തതായി, ക്രിസ്ത്യാനികളെന്ന നിലയില്‍ നമുക്ക് സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയുന്ന സമയമാണിത്.

മൂന്നാം നൂറ്റാണ്ടില്‍ റോമില്‍ പ്ലേഗ് പടര്‍ന്നുപിടിച്ചപ്പോള്‍, ”നമ്മുടെ സഹോദര-ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും അതിരുകളില്ലാത്ത സ്‌നേഹവും വിശ്വസ്തതയും പ്രകടിപ്പിച്ചു, ഒരിക്കലും സ്വയം രക്ഷിച്ചില്ല… അവര്‍ രോഗികളുടെ ചുമതലയേറ്റെടുത്ത് അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ക്രിസ്തുവില്‍ അവരെ ശുശ്രൂഷിക്കുകയും ചെയ്തു…ശാന്തമായി ഈ ലോകത്തെ വിട്ടുപോയി’ എന്ന് അലക്‌സാണ്ട്രിയയിലെ ഡയോനിഷ്യസ് സാക്ഷ്യപ്പെടുത്തി.

യൂറോപ്പില്‍ മരണം വിതച്ച ബ്ലാക്ക് പ്ലേഗിനിടെ മാര്‍ട്ടിന്‍ ലൂഥറിന്റെ ഇടയോപദേശം ഇപ്രകാരമായിരുന്നു: ”ഞങ്ങളെ കരുണയോടെ സംരക്ഷിക്കാന്‍ ഞാന്‍ ദൈവത്തോട്  അപേക്ഷിക്കും. എന്നിട്ടു ഞാന്‍ രോഗാണുക്കളെ പുകച്ചു നശിപ്പിക്കുകയും വായു ശുദ്ധീകരിക്കാന്‍ സഹായിക്കുകയും മരുന്ന് നല്‍കുകയും അത് എടുക്കുകയും ചെയ്യും. രോഗബാധ ഏല്‍ക്കാതിരിക്കാന്‍ എന്റെ സാന്നിധ്യം ആവശ്യമില്ലാത്ത സ്ഥലങ്ങളെയും വ്യക്തികളെയും ഞാന്‍ ഒഴിവാക്കും. അല്ലാത്തപക്ഷം അബദ്ധവശാല്‍ മറ്റുള്ളവര്‍ക്കും എനിക്കും അണുബാധ ഏല്‍ക്കുകയും, അങ്ങനെ എന്റെ അശ്രദ്ധ അവരുടെ മരണത്തിന് കാരണമാകയും ചെയ്യും. ദൈവം എന്നെ എടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവന്‍ തീര്‍ച്ചയായും എന്നെ കണ്ടെത്തും, അവന്‍ എന്നില്‍ നിന്ന് പ്രതീക്ഷിച്ചതു ഞാന്‍ ചെയ്തു, അതിനാല്‍ എന്റെ മരണത്തിനോ മറ്റുള്ളവരുടെ മരണത്തിനോ ഞാന്‍ ഉത്തരവാദിയായിരിക്കയില്ല. എന്റെ അയല്‍ക്കാരന് എന്നെ ആവശ്യമുണ്ടെങ്കില്‍ ഞാന്‍ സ്ഥലത്തെയോ വ്യക്തിയെയോ ഒഴിവാക്കില്ല, പകരം മുകളില്‍ പറഞ്ഞതുപോലെ സ്വതന്ത്രമായി പോകും. ഇതൊരു ദൈവഭയമുള്ള വിശ്വാസമാണെന്ന് കാണുക, കാരണം അത് ധിക്കാരമോ വിഡ്ഢിത്തമോ അല്ല, ദൈവത്തെ പരീക്ഷിക്കുന്നതുമല്ല’ (മാര്‍ട്ടിന്‍ ലൂഥര്‍, കൃതികള്‍, വാല്യം 43, പേജ് 132. റവ. ഡോ. ജോണ്‍ ഹെസിന് എഴുതിയ ”മാരകമായ പ്ലേഗില്‍ നിന്ന് ഒരാള്‍ ഓടിപ്പോകണമോ” എന്ന കത്ത്).

ക്രിസ്ത്യാനികളെന്ന നിലയില്‍ നമുക്ക് സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയുന്ന സമയമാണിത്. മറ്റുള്ളവരോടുള്ള നമ്മുടെ സ്നേഹം അവരോടുള്ള നമ്മുടെ ഉത്തരവാദിത്തത്തെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുകയും മറ്റുള്ളവരെ അപകടപ്പെടുത്താത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയും വേണം.

മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നത് നമുക്കെല്ലാവര്‍ക്കും സാധ്യമായേക്കില്ല, പക്ഷേ നമുക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. അവര്‍ക്ക് ഭക്ഷണം നല്‍കാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കിലും (അവര്‍ പ്രായമായവരും ഒറ്റയ്ക്കു ജീവിക്കുന്നവരും ആണെങ്കില്‍) നമുക്ക് കുറഞ്ഞപക്ഷം നമ്മുടെ ഫോണുകള്‍ ഉപയോഗിച്ച് അവരോട് സംസാരിക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും കഴിയും.

നമുക്കിടയിലെ ദരിദ്രരെയും ദുര്‍ബലരെയും നാം ഓര്‍ക്കണം.

ആദ്യകാല സഭയിലെ ഒരു പ്രധാന ദൈവശാസ്ത്ര വിവാദത്തിനിടയിലും, യെരുശലേമിലെ മൂപ്പന്മാരില്‍ നിന്ന് പൗലൊസിന് ലഭിച്ച ഒരു നിര്‍ദേശം, ”ദരിദ്രരെ ഞങ്ങള്‍ ഓര്‍ത്തുകൊള്ളണം എന്നു മാത്രം അവര്‍ പറഞ്ഞു; അങ്ങനെ ചെയ്യാന്‍ ഞാന്‍ ഉത്സാഹിച്ചുമിരിക്കുന്നു” (ഗലാത്യര്‍ 2:10). ഒരു ലോക്ക്ഡൗണ്‍ കാലത്ത് പലര്‍ക്കും ഭക്ഷണം സംഭരിക്കാനാവില്ല, സാധ്യമെങ്കില്‍, നാം അവരെ കണ്ടെത്തി സഹായിക്കണം.

നാം വിവേകത്തോടെ പ്രവര്‍ത്തിക്കണം. കോവിഡ് -19 ന് വളരെ ഉയര്‍ന്ന അതിജീവന നിരക്കും കുറഞ്ഞ മരണനിരക്കും ആണുള്ളത് എന്നതു ശരിയാണെങ്കിലും, നമുക്ക് വൈറസിനെ അതിജീവിക്കാന്‍ കഴിയുമെങ്കിലും മറ്റുചിലര്‍ക്ക് പ്രത്യേകിച്ച് നമ്മുടെ സമ്പര്‍ക്കത്തില്‍ വരുന്ന പ്രായമായവര്‍ക്ക് അതിനു കഴിഞ്ഞേക്കില്ല. അതിനാല്‍, ചൈന, തെയ്‌വാന്‍, മറ്റ് രാജ്യങ്ങള്‍ എന്നിവ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ സഹായിച്ച രീതിയായ സാമൂഹിക അകലം നാമെല്ലാവരും പരമാവധി പാലിക്കണം.

അവസാനമായി, നാം പ്രാര്‍ത്ഥിക്കണം. പ്രത്യേകിച്ചു ജീവന്‍ സംരക്ഷിക്കാന്‍ സഹായിക്കുന്നതിന് ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരമുള്ള എല്ലാവര്‍ക്കുമായി പ്രത്യേകിച്ചും അവര്‍ക്കു ജ്ഞാനം ലഭിക്കാനായി പ്രാര്‍ത്ഥിക്കുക. മറ്റുള്ളവരെ പരിപാലിക്കാന്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പ്രാര്‍ത്ഥിക്കുക, രോഗബാധിതരായവര്‍ക്കായി പ്രാര്‍ത്ഥിക്കുക, ഈ സമയത്ത് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ ഓര്‍ത്തു പ്രാര്‍ത്ഥിക്കുക. നമ്മുടെ സ്‌നേഹിതര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടിയും നമ്മുടെ ജീവിതത്തിലൂടെ അവിടുത്തെ നാമം മഹത്വപ്പെടുത്തപ്പെടാന്‍ തക്കവണ്ണം നാം വിശ്വസ്തരായിത്തീരുന്നതിനു നമുക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക. ഈ അനിശ്ചിത കാലഘട്ടത്തില്‍ അവര്‍ മാനസാന്തരത്തിലേക്കും യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലേക്കും വരേണ്ടതിനായി യേശുവിനെ അറിയാത്തവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക.

ഒടുവിലായി, ഇത് എന്റെ രണ്ടാമത്തെ ഒടുവിലത്തേതാണ്, എസ്ഥേര്‍ 4:14-ലെ മൊര്‍ദ്ദെഖായിയുടെ വാക്കുകള്‍ ഓര്‍ക്കുക, ”ഇങ്ങനെയുള്ളൊരു കാലത്തിനായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്ന