1 പത്രോസ് 1:18–19
നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു…
ക്രിസ്തു എന്ന നിർദോഷവും നിഷ്കളങ്കവുമായ
കുഞ്ഞാടിന്റെ വിലയേറിയ രക്തം കൊണ്ടത്രേ.

ഉത്തമ ബലി

1.5 ബില്യൺ ഡോളറിന്റെ ഹബ്ബിൾ ടെലിസ്കോപ്പ് 1990 ഏപ്രിൽ 24നാണ് വിക്ഷേപിച്ചത്. ബഹിരാകാശത്തിന്റെ ദൂരെ കോണുകളിൽ നിന്നും ഭൂമിയിലേക്ക് ചിത്രങ്ങൾ അയക്കും എന്ന പ്രതീക്ഷയിലാണത് വിക്ഷേപിച്ചത്. ചിലവേറിയ ഈ പ്രോജെക്റ്റിൽ നിന്നും ലഭിച്ച ആദ്യ ചിത്രങ്ങൾ പരിശോധിച്ച ജ്യോതിശ്ശാസ്‌ത്രജ്ഞർ വികൃതമായ ഉപയോഗശൂന്യമായ ചിത്രങ്ങൾ കണ്ട് നിരാശരായി. അതിന്റെ പ്രധാന കണ്ണാടിയിൽ ഒരു വലിയൊരു പിഴവ്—ഒരു മില്ലീമീറ്റർ അല്ലെങ്കിൽ ഒരു മുടിയിഴയേക്കാൾ താഴെ വലിപ്പമുള്ള ഒരു ഗോളീയ വിപഥനം ( spherical aberration), ശാസ്ത്രജ്ഞർ കണ്ടെത്തി. മൂന്നു വർഷത്തിനു ശേഷം അവരതു പരിഹരിച്ചു.

തീരെച്ചെറിയ ഒരു കുറവ് ഹബ്ബിൾ ടെലിസ്കോപ്പിനെ ബാധിച്ചതിനു നേരെ വിപരീതമാണ് തുല്യം വെക്കാനാകാത്ത യേശുവിന്റെ മൂല്യം. സമ്പൂർണനനും, നിർദ്ദോഷനും, നിഷ്കളങ്കനുമായവൻ (1 പത്രോസ് 1:9). വാക്കിലോ പ്രവൃത്തിയിലോ ചിന്തയിലോ ഒരു പാപം പോലും ചെയ്യാതെ ജനിച്ചു, ജീവിച്ചു, മരിച്ചു, മരണത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റവനാണ് യേശു. ഒരു മുടിയിഴയുടെ വലിപ്പമുള്ള കുറവു പോലുമില്ല.

തന്റെ മരണ പുനരുദ്ധാനത്തിലൂടെ പാപത്തിന്റെ പരിണിതഫലം ഏറ്റെടുക്കുവാൻ തക്കവണ്ണം ശ്രേഷ്ഠമായ യാഗമായിത്തീരുവാൻ സമ്പൂർണ തികവ് യേശുവിനു ആവശ്യമായിരുന്നു (2 കൊരിന്ത്യർ 5:21). നിത്യതയിൽ മൂല്യമില്ലാത്ത സ്വർണം വെള്ളി മുതലായ ഭൗമിക സമ്പത്തിനേക്കാൾ എത്രയോ വിലയേറിയതാണ് ഈ അതിശയ യാഗം—കാരണം ദൈവവുമായുള്ള നിത്യ സമാധാനം സ്ഥാപിക്കുവാൻ പര്യാപ്തമായ ഏക യാഗം ഇതു മാത്രമാണ്.

ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി ഊനവും കുറവുമില്ലാത്ത ഉത്തമ യാഗമായായിത്തീർന്നതിനായി ദൈവത്തിനു സ്തോത്രം. നമ്മുടെ രക്ഷക്കായി തന്റെ നിർദ്ദോഷ ജീവിതം സമർപ്പിക്കുവാൻ അവന്നു മനസ്സായതിനാൽ നമുക്ക് സന്തോഷിക്കാം.

ലിസ സാമ്ര

കഷ്ടാനുഭവങ്ങളും ഉയർത്തെഴുന്നേറ്റ യേശുവിനേയും കാണുമ്പോൾ നിങ്ങളെ ഏറ്റുവും ആഹ്ലാദിപ്പിക്കുന്നത് എന്താണ്? ദിവസേന തന്റെ സ്നേഹത്തെ അവൻ പ്രദർശിപ്പിക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെയെല്ലാം അവനു നന്ദി കരേറ്റുവാൻ കഴിയും.

പാപരഹിതമായ ഒരു ജീവിതം ജീവിച്ച് എന്റെ പാപങ്ങൾക്കായി ഒരു ഉത്തമ യാഗമായിത്തീർന്നതിനായി നന്ദി യേശുവേ.

ഇന്നത്തെ വചനം | 1 പത്രോസ് 1:18–21

18 വ്യർഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്ന്, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,

19 ക്രിസ്തു എന്ന നിർദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തം കൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.

20 അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.

21 നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വച്ചുകൊള്ളേണ്ടതിനു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച്, അവനു തേജസ്സു കൊടുത്തുമിരിക്കുന്നു.

 

banner image