കൊലോസ്യർ 4:6
വാക്ക് എപ്പോഴും കൃപയോടുകൂടിയതും
ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.

കൃപ പകരുന്നവർ

ക്ലെ യർ എക്സിക്യൂട്ടീവ് എഡിറ്ററായി ജോലി നോക്കിയ ആദ്യ നാളുകളിൽ ഒരു ഗുരുതരമായ അക്ഷരത്തെറ്റ് വിട്ടു പോകുയും അത് പ്രിന്റ് ചെയ്യപ്പെടുകയുമുണ്ടായി. ആ പിഴവിനെക്കുറിച്ച് വിഷാദനായിരുന്ന അയാൾ ചായ സമയത്ത് പോലും തന്റെ സഹപ്രവർത്തകരെ ഒഴിവാക്കി. പക്ഷേ ഒരു ഉച്ചതിരിഞ്ഞ നേരം അയാൾ തലയുയർത്തി നോക്കിയപ്പോൾ കമ്പനിയുടെ പ്രസിഡന്റ് തന്റെ ഡസ്കിന്റെ മുൻപിൽ നിൽക്കുന്നത് അയാൾ കണ്ടു. ആ മനുഷ്യൻ ക്ലെയറിന്റെ തോളിൽ മുറുകെ പിടിച്ചു പറഞ്ഞു, “അതത്ര കാര്യമായി എടുക്കേണ്ട. ഓർക്കുക നാം ഇതുവരെ സ്വർഗ്ഗത്തിൽ എത്തിയിട്ടില്ല.”

തന്റെ വിഷമ ഘട്ടങ്ങളിൽ എപ്പോഴും ക്ലെയർ തനിക്കു ലഭിച്ച ആ കൃപയുടെ വാക്കുകൾ ഓർമിക്കും. ചിലപ്പോൾ തന്റെ പിഴവുകളിൽ മുങ്ങിപ്പോകാൻ സാധ്യതയുണ്ടെങ്കിലും അതിൽ നിന്നു പഠിക്കാനും കഴിയും എന്ന് അയാൾ മനസ്സിലാക്കി. മാത്രമല്ല തനിക്കു ലഭിച്ച അതേ കൃപ മറ്റുള്ളവർക്കു കൈമാറാനും ആവശ്യമുണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞു.

മറ്റുള്ളവർക്കായി കൃപ നീട്ടുന്നത് ഹൃദയത്തിന്റെ ഭാരം കുറക്കുന്ന ഒരു അപ്രതീക്ഷിത സമ്മാനമാണ്. ദൈവത്തിന്റെ അത്ഭുത കൃപയുടെ ഒരു ശിഖരമാണത്. പാപം മുഖാന്തരം എന്നെന്നേക്കുമായി ദൈവത്തിൽനിന്നും അകറ്റപ്പെടേണ്ടവരായിരുന്നു നമ്മൾ. എന്നാൽ നാം ഒട്ടും അർഹിക്കാത്ത ഒരു ദാനം അവൻ നമുക്കു നൽകി— കൃപയും സത്യവും നിറഞ്ഞ തന്റെ പുത്രനായ യേശു (യോഹന്നാൻ 1:14). ഈ കൃപാ ദായകൻ ദുഖവെള്ളിയുടെ ദുഖം ഈസ്റ്ററിന്റെ സന്തോഷമാക്കി മാറ്റി.

ഇത് പലപ്പോഴും എളുപ്പമല്ല, പക്ഷേ നമ്മുടെ ഹൃദയം എപ്പോഴും “കൃപയോടുകൂടിയത്” (കൊലോസ്യർ 4:6) ആയിരിക്കണം, അത് അർഹിക്കാത്തവരെന്ന് നാം കരുതുന്നവരോട് അടക്കം. ധാരാളമായി കൃപ നൽകുന്നവരായി നമുക്ക് മറ്റുള്ളവരെ കൃപയുടെ യഥാർത്ഥ ഉറവിടത്തിലേക്ക് നയിക്കാം.

സിൻഡി ഹെസ്സ് കാസ്പർ

ദൈവത്തിന്റെ കൃപാദാനം നമുക്ക് ലഭിച്ചതുകൊണ്ട് നിങ്ങൾ മറ്റുള്ളവരൊട് കൃപ കാണിക്കേണ്ടത് എത്രത്തോളം പ്രധാനമാണ്? വാക്കുകൾ “കൃപയോടുകൂടിയതായി” സൂക്ഷിച്ച് ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ഒരു മാതൃകയാകാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?

മറ്റുള്ളവർക്ക് കൃപ പകരാൻ മടിയുള്ളവനായിരുന്നതിനു എന്നോട് ക്ഷമിക്കേണമേ. എന്നെ ഉപദ്രവിക്കുന്നവരോട് കൃപയും ഉദാരതയും പ്രകടിപ്പിക്കുവാൻ എന്നെ സഹായിക്കേണമേ

ഇന്നത്തെ വചനം | കൊലോസ്യർ 4:2–6

2 പ്രാർഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ.

3 എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മർമം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം ഞങ്ങൾക്കു വചനത്തിന്റെ വാതിൽ തുറന്നുതരികയും

4 ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിനെ വെളിപ്പെടുത്തുകയും ചെയ്യേണ്ടതിനു ഞങ്ങൾക്കുവേണ്ടിയും പ്രാർഥിപ്പിൻ.

5 സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ.

6 ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്ന് അറിയേണ്ടതിനു നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.

 

banner image