“പെയിൻ മാനേജ്മെന്റ് ആയിരിക്കാം നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം” എന്ന് ഡോക്ടർ പറഞ്ഞതു കേട്ട് ഞാൻ എന്റെ ഭർത്താവിന്റെ അടുത്ത് ഡോക്ടറുടെ മുറിയിൽ ഇരുന്നു.
ഞാൻ ഊന്നുവടിയിൽ മുറുകെ പിടിച്ചു. വിട്ടുമാറാത്ത വേദനയും നടുവേദന മൂലമുള്ള ക്ഷീണവും മൂലം ചലനശേഷി പരിമിതമായതിനാൽ, ഞാൻ ഒരു വികലാംഗയെ പോലെ ഇരുന്നു. എന്റെ കാര്യങ്ങൾ എല്ലാം നോക്കി തളർന്ന എന്റെ ഭർത്താവിനെ അഭിമുഖീകരിക്കുവാൻ എനിക്ക് കഴിഞ്ഞില്ലഒരു ടിഷ്യൂ തന്നുകൊണ്ട് എന്റെ ഡോക്ടർ പറഞ്ഞു, “പ്രതീക്ഷ നഷ്ടപ്പെടരുത്.”
ഞാൻ കണ്ണുനീർ തുടച്ചു. “എന്റെ പ്രതീക്ഷ യേശുവിലാണ്,” ഞാൻ പറഞ്ഞു. “ഞാൻ വെറുതെ . . . ദുഃഖിക്കുന്നു.”
എന്റെ പ്രതീക്ഷ യേശുവിലാണ്, പക്ഷേ ശൂന്യമായി എന്റെ ഭർത്താവും ഞാനും ഓടുമ്പോൾ എനിക്ക് എങ്ങനെ സഹിച്ചുനിൽക്കാനാകും?
നിശബ്ദമായി എന്റെ ഭർത്താവ് എന്നെ വീട്ടിലേക്ക് കൊണ്ടുപോയി ആക്കി ജോലിയിലേക്ക് മടങ്ങിയപ്പോൾ ഉത്കണ്ഠാകുലമായ ചിന്തകൾ എന്റെ മനസ്സിനെ വേട്ടയാടി. നിരാശ, ദേഷ്യം, ദുഃഖം, ആശയക്കുഴപ്പം, സ്വയസഹതാപം, ഭയം എന്നീ സമ്മിശ്ര വികാരങ്ങൾ എന്റെയുള്ളിൽ അലയടിച്ചു. ഞാൻ വീടിനുള്ളിൽ പ്രവേശിച്ച് സോഫയിൽ ചാരിയിരുന്ന് കരഞ്ഞു.
എന്റെ നായ്ക്കുട്ടി എന്റെ മടിയിൽ ചാടി കയറി ഞാൻ ചിരിക്കുന്നതുവരെ എന്റെ കണ്ണുനീർ നക്കി. “എനിക്ക് കുഴപ്പമില്ല,” ഞാൻ പറഞ്ഞു. ഒരു കളിപ്പാട്ടം കൊണ്ട് ഞാൻ അവളുടെ ശ്രദ്ധ തെറ്റിച്ചുകൊണ്ട്, ഞങ്ങളുടെ ഗോവണിപ്പടിയിൽ തൂങ്ങിക്കിടക്കുന്ന ഇരുമ്പ് കുരിശിലേക്ക് നോക്കി. ഞാൻ ബലഹീനയായിരിക്കുമ്പോൾ ക്രിസ്തുവാണ് എന്റെ ശക്തിയെന്ന് ഞാൻ എങ്ങനെ മറക്കും?
“ദൈവമേ, എന്നെ സഹായിക്കൂ,” ഞാൻ എന്റെ നായക്കുട്ടിയുടെ ചെവിക്ക് പിന്നിൽ മാന്തിക്കൊണ്ടിരിന്നു.
ഞങ്ങളുടെ സ്വീകരണമുറി അലങ്കരിച്ചിരുന്ന കുരിശുകളിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഒരു സമാധാനം എന്നെ പൊതിഞ്ഞു. ഉയിർത്തെഴുന്നേറ്റ എന്റെ രാജാവായ ക്രിസ്തുവിന്റെ നിരന്തര സാന്നിധ്യത്താൽ ഉറപ്പിച്ചിരിക്കുന്ന പ്രത്യാശയോടെ, നിത്യതയുടെ ഈ വശത്തുള്ള എന്തിനേയും എനിക്ക് തരണം ചെയ്യാൻ കഴിയുമെന്ന് ഓരോ കുരിശും ആവർത്തിച്ച് വ്യക്തമാക്കി. “എനിക്ക് കുഴപ്പമൊന്നുമില്ല,” ഞാൻ എന്റെ നായ്ക്കുട്ടിയുടെ മൃദുവായ രോമങ്ങളിൽ തലോടിക്കൊണ്ട് കണ്ണുനീർ വീണ്ടും ഒഴുകാൻ അനുവദിച്ചുകൊണ്ട് സ്വയം പറഞ്ഞു.
“യേശു കണ്ണുനീർ വാർത്തു” (യോഹന്നാൻ 11:35) എന്ന് ഞാൻ കണ്ടെത്തുന്നത് വരെ കരച്ചിൽ ദുർബ്ബലമായ വിശ്വാസത്തിന്റെ തെളിവാണെന്ന് ഞാൻ കരുതിയിരുന്നു. ദുഃഖിക്കുന്നവരോട് സഹതപിക്കുവാൻ അവനു കഴിയുമെന്ന് അവന്റെ കണ്ണുനീർ സ്ഥിരീകരിക്കുന്നു. എന്നാൽ യേശു കരയുന്നതിന് മുമ്പും ശേഷവും സംഭവിച്ച കാര്യങ്ങൾ ചിന്തിച്ചപ്പോൾ എന്റെ അടക്കാനാവാത്ത വികാരങ്ങൾക്കും അനിയന്ത്രിതമായ സാഹചര്യങ്ങൾക്കും ഉപരിയായോരു സമാധാനം എനിക്കുണ്ടായി.
ലാസറിന്റെ ദീനം “മരണത്തിനായിട്ടല്ല, ദൈവപുത്രൻ മഹത്ത്വപ്പെടേണ്ടതിനു, ദൈവത്തിന്റെ മഹത്ത്വത്തിനായിട്ടത്രേ” എന്നു യേശു പറഞ്ഞു (യോഹന്നാൻ 11: 4). തന്റെ സാന്നിധ്യത്താലുള്ള സമാധാനത്തിൽ വിശ്രമിക്കാനും തന്റെ വാഗ്ദാനങ്ങളുടെ പ്രത്യാശയിൽ ആശ്രയിക്കാനും യേശു തന്റെ ശിഷ്യന്മാർക്ക് എണ്ണമറ്റ അവസരങ്ങൾ നൽകി. തന്റെ അത്ഭുതങ്ങളിൽ കൂടി, അവൻ തന്റെ വിശ്വസ്തതയും ശക്തിയും തെളിയിച്ചു. എന്നിരുന്നാലും, ശിഷ്യന്മാർ ഭയത്തിന് കീഴടങ്ങി, ആത്മീയമായി ഹ്രസ്വദൃഷ്ടിയുള്ളവരായി തുടർന്നു-യേശു പറഞ്ഞതിനെക്കാൾ അവർക്ക് കാണാൻ കഴിയുന്ന കാര്യങ്ങളിൽ മാത്രം അവർ ശ്രദ്ധ കേന്ദ്രീകരിച്ചു (വാ. 8-16).
ലാസർ കല്ലറയിൽ നാല് ദിവസം കഴിയുകയും, കുടുംബത്തോടൊപ്പം വിലപിക്കുവാൻ പലരും അവരുടെ അരികിൽ വരികയും ചെയ്തതിന് ശേഷമാണ് യേശു ബെഥാന്യയിലെത്തിയത്. മാർത്തയോടുള്ള തന്റെ വാഗ്ദാനം അവൻ ആവർത്തിച്ചു (വാ. 17-23). യേശു ആരാണെന്ന് അവൾ സമ്മതിച്ചു, എന്നാൽ അവളുടെ പ്രതികരണം അവളുടെ സഹോദരിയുടേതിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നില്ല (വാ. 29-32). അവനെ മനസ്സിലാക്കാനുള്ള അവരുടെ മന്ദതയെ അപലപിക്കുകയോ തിരുത്തുകയോ ചെയ്യുന്നതിനുപകരം, അവളും മറ്റുള്ളവരും കരയുന്നത് കണ്ടപ്പോൾ യേശു ഉള്ളം നൊന്തു കലങ്ങി, കണ്ണുനീർ വാർത്തു (വാ. 33-37). യേശു ലാസറിനെ കല്ലറയിൽ നിന്ന് ഉയർപ്പിക്കുന്നതുവരെ അവനെ അവർ സംശയിച്ചു (വാ. 41-45). ലാസറിന്റെ പുനരുത്ഥാനം യേശുവിന്റെ ശക്തി തെളിയിക്കുകയും, പിന്നീട് ശിഷ്യന്മാരെ തന്റെ കുരിശിന്റെ ചുവട്ടിലേക്ക് നയിച്ചപ്പോൾ അവർക്കു നൽകിയ വാഗ്ദാനത്തെ സാധൂകരിക്കുകയും ചെയ്തു.
അതിനുശേഷം ആ സഹോദരങ്ങൾ യേശുവിനോടു കൂടെയിരുന്നു എന്ന് വിശുദ്ധ ഗ്രന്ഥം പറയുന്നു. തന്റെ പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവച്ച ശേഷം, ലാസർ യേശുവിന്റെ സാന്നിധ്യത്തിൽ വിശ്രമിച്ചു. മാർത്ത യേശുവിനെ സേവിച്ചു. അതിരുകടന്ന ആരാധനയോടെ മറിയ യേശുവിനെ ആരാധിച്ചു. പല യഹൂദന്മാരും യേശുവിലേക്ക് തിരിയാൻ ലാസറിന്റെ ജീവിതം കാരണമായതിനാൽ മഹാപുരോഹിതന്മാർ അവനെ കൊല്ലുവാൻ പോലും പദ്ധതിയിട്ടു (യോഹന്നാൻ 12:1-2, 9-11).
യേശുവിന്റെ സ്നേഹനിർഭരവും നിരന്തരവുമായ സാന്നിധ്യം അവന്റെ സമാധാന യാഗമാണ്.
നമ്മുടെ പാപത്തിലും അതിക്രമങ്ങളിലും നാം മരിച്ചിരിക്കുമ്പോൾ, യേശു നമ്മെ നമ്മുടെ കല്ലറയിൽ നിന്ന് വിളിക്കുന്നു. നാം അനുതപിക്കുകയും പാപത്തിൽ നിന്ന് പിന്തിരിഞ്ഞ് അവനിൽ പ്രത്യാശ വെക്കുകയും ചെയ്യുമ്പോൾ നമ്മുടെ പാപങ്ങളെ ക്ഷമിച്ച്, ഒരു പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുവാൻ അവൻ നമ്മെ ക്ഷണിക്കുന്നു. നമ്മുടെ പാപവും മരണവും തകർച്ചയും ഏറ്റെടുത്ത് നമുക്കവൻ പുനരുത്ഥാനം നല്കുന്നു. തന്റെ ജീവൻ നമുക്കു നൽകിക്കൊണ്ട് യേശു തന്റെ സമാധാനം നമുക്ക് ആസ്വദിക്കുവാൻ നൽകുന്നു- ഇപ്പോഴും നാം നിത്യതയിൽ പ്രവേശിക്കുമ്പോഴും.
ഈ ലോകത്തിൽ, നമുക്ക് പ്രശ്നങ്ങൾ ഉണ്ടാകും (യോഹന്നാൻ 16:33), എന്നാൽ നാം കഷ്ടപ്പെടുമ്പോൾ നമ്മുടെ കഷ്ടതയിൽ നമുക്ക് യേശുവിൽ വിശ്വസിക്കാം. അവന്റെ മാറ്റമില്ലാത്ത നന്മയിലും, കരുണയിലും, നമ്മുടെ ജീവിതയാത്രയെക്കുറിച്ചുള്ള അവന്റെ പദ്ധതിയിലും ഗതിയിലും നമുക്കുറപ്പുണ്ടായിരിക്കുവാൻ കഴിയും. കാരണം അവന്റെ ഉറപ്പുള്ള വാഗ്ദാനങ്ങളിൽ നമ്മുടെ പ്രത്യാശ ഭദ്രമായിരിക്കുന്നു.
നമ്മുടെ ഉയിർത്തെഴുന്നേറ്റ രാജാവ്, അവന്റെ വചനത്തിലൂടെ അവൻ നൽകിയ ഓരോ വാഗ്ദാനവും വിശ്വസിക്കുവാൻ നമുക്ക് ധാരാളം അവസരങ്ങളുള്ള ഒരു തുറന്ന ക്ഷണം നൽകുന്നു. നമ്മുടെ മരിച്ച വസ്ത്രങ്ങൾ ഉപേക്ഷിച്ച് ഒരു പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുവാൻ അവൻ നമ്മെ വിളിക്കുന്നു. നാം യേശുവിന് കീഴടങ്ങുമ്പോൾ, അവൻ നമ്മുടെ സമാധാനമായിരിക്കും. അവനെ സേവിക്കാനും അവനെ ആരാധിക്കാനും മറ്റുള്ളവർ അവനിലേക്ക് തിരിയാൻ ഇടയാക്കുന്ന വിധത്തിൽ ജീവിക്കാനും അവൻ നമ്മെ ശക്തരാക്കും.
ഇന്ന് നിങ്ങൾ ക്രിസ്തുവിന്റെ സമാധാനം സ്വീകരിക്കുമോ?