എഫേസ്യർ 1:11
ക്രിസ്തുവിനോട് ഏകീഭവിച്ച് അവിടുത്തെ
സ്വന്തജനമായിരിക്കേണ്ടതിന് ദൈവം നമ്മെ തിരഞ്ഞെടുത്തു
തിരഞ്ഞെടുത്തതും സ്നേഹിക്കപ്പെട്ടതും വിലമതിക്കുന്നതും
1924ഒളിമ്പിക്സിൽ എറിക്ക് ലിഡെൽ, ഹരോൾഡ് അബ്രഹാംസ് എന്നീ ബ്രിട്ടീഷ് അത്ലീറ്റുകൾ തമ്മിൽ നടന്ന മത്സരം വിവരിക്കുന്ന ചാരിയട്സ് ഓഫ് ഫയർ (Chariots of Fire) എന്ന 1981ലെ സിനിമയിൽ ലിഡെൽ താൻ ഓടുന്നതെന്തിനാണെന്ന് വിശദീകരിക്കുന്നത് “ഞാൻ ഓടുമ്പോൾ ഞാൻ ദൈവത്തിന്റെ ആനന്ദം അനുഭവിക്കുന്നു എന്നാണ്. ഒരു ജൂത കുടിയേറ്റക്കാരൻ എന്ന നിലയിൽ ജീവിതകാലം മുഴുവൻ പരിഹസിക്കപ്പെട്ട അബ്രഹാംസ് പക്ഷേ വ്യത്യസ്തമായൊരു കാരണമാണ് നൽകുന്നത്. ഓടുന്നത് “എന്റെ മുഴുവൻ അസ്തിത്വത്തെയും ന്യായീകരിക്കാൻ പത്ത് ഏകാന്ത നിമിഷങ്ങൾ” നൽകിയെന്ന് അദ്ദേഹം സമ്മതിച്ചു. മത്സരത്തിൽ ജയിക്കാൻ, തന്റെ ജീവിതത്തിന്റെ മൂല്യം തെളിയിക്കാൻ ഓടണമെന്ന് അബ്രഹാംസിനു തോന്നി.
നമുക്ക് മൂല്യമുള്ളത് നാം എന്തെങ്കിലും നേടിയതുകൊണ്ടോ അർപ്പിച്ചതുകൊണ്ടോ അല്ല, മറിച്ച് ദൈവം നമ്മളെ തന്റെ മക്കളാക്കിയിരിക്കുന്നതുകൊണ്ടാണെന്ന് വചനം നമ്മോട് പറയുന്നു. തിരിച്ച് നമുക്ക് എന്ത് നൽകാൻ കഴിയും എന്ന് ചിന്തിക്കാതെ “എല്ലാ ആത്മീയനൽവരങ്ങളും നല്‌കി അവിടുന്നു നമ്മെ അനുഗ്രഹിച്ചിരിക്കുന്നു” (എഫേസ്യർ 1:3 CL). ദൈവം നമ്മിൽ ദൃഷ്ടി വെച്ചത് നമ്മെ അവനിലാക്കുന്നത് അവനു പ്രസാദമായതുകൊണ്ടു മാത്രമാണ്. നമ്മെത്തന്നെ ശുദ്ധീകരിച്ചതുകൊണ്ടോ, നല്ല പ്രവർത്തികൾ ചെയ്തതുകൊണ്ടോ, നമ്മുടെ സന്മാർഗ്ഗങ്ങൾ രാകി മിനുക്കിയതുകൊണ്ടോ ദൈവത്തിന്റെ ദയാവായ്പ് നാം നേടിയിട്ടില്ല. മറിച്ച് ‘ദൈവം നമ്മെ സ്നേഹിച്ചു’ തന്റെ പരമാധികാരത്താൽ അവന്റെ കുടുംബത്തിലേക്ക് നമ്മെ ക്ഷണിച്ചു. “ക്രിസ്തു രക്തം ചിന്തി മരിച്ചതുമൂലം നാം സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു. അതായത് നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു” (വാ 7 CL). നമ്മുടെ മൂല്യം നാം ദൈവത്തിനുവേണ്ടി എന്തെങ്കിലും ചെയ്തതുകൊണ്ട് ഉണ്ടാകുന്നതല്ല പിന്നെയോ തന്റെ മരണത്തിലൂടെയും ഉയർത്തെഴുന്നേൽപ്പിലൂടെയും അവൻ നമുക്കായി ഇതിനകം സാധ്യമാക്കിയതിനാലാണ്.
നമ്മുടെ മൂല്യങ്ങളെ വിധിക്കുന്ന ലോകത്തിൽ ദൈവത്തിന്റെ അളവില്ലാത്ത സ്നേഹം എപ്പോഴും ഒരു സുവാർത്തയാണ്. അവന്റെ സ്നേഹം ഒരു ദാനമാണ്, നമ്മുടെ കർത്തവ്യം അതു സ്വീകരിക്കുക എന്നതും.
വിൻ കോളിയർ
എപ്പോഴാണ് അംഗീകാരം നേടേണ്ടതിന്റെയും നിങ്ങളുടെ മൂല്യം തെളിയിക്കേണ്ടതിന്റെയും ആവശ്യകത തോന്നിയിട്ടുള്ളത്? നിങ്ങളുടെ ജനനത്തിനു മുന്നേ ദൈവം നിങ്ങളെ സ്നേഹിച്ചു എന്ന് അറിയുന്നത് ഇതിന് എങ്ങനെ വൈരുദ്ധ്യമാകുന്നു?
പ്രിയ ദൈവമേ, ഈ ലോകത്തിൽ സ്വന്തം സ്ഥാനം നേടാൻ പരിശ്രമിച്ച് ഞാൻ ക്ഷീണിതനായിരിക്കുന്നു. എനിക്കുവേണ്ടി കുരിശിൽ കയറിയതിലൂടെ എന്നെ എത്ര മാത്രം സ്നേഹിക്കുന്നു എന്നു തെളിയിച്ചതിനായി നന്ദി.
ഇന്നത്തെ വചനം | എഫെസ്യർ 1:3-14
3 സ്വർഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.
4 നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് അവൻ ലോകസ്ഥാപനത്തിനു മുമ്പേ നമ്മെ
5 അവനിൽ തിരഞ്ഞെടുക്കയും തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തു മുഖാന്തരം
6 നമ്മെ ദത്തെടുക്കേണ്ടതിന് അവൻ പ്രിയനായവനിൽ നമുക്കു സൗജന്യമായി നല്കിയ തന്റെ കൃപാമഹത്ത്വത്തിന്റെ പുകഴ്ചയ്ക്കായി സ്നേഹത്തിൽ നമ്മെ മുൻനിയമിക്കയും ചെയ്തുവല്ലോ.
7 അവനിൽ നമുക്ക് അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്.
8 അത് അവൻ നമുക്കു താൻ ധാരാളമായി കാണിച്ച കൃപാധനപ്രകാരം സകല ജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു.
9 അവനിൽ താൻ മുൻനിർണയിച്ച തന്റെ പ്രസാദത്തിനു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമം അവൻ നമ്മോട് അറിയിച്ചു.
10 അതു സ്വർഗത്തിലും ഭൂമിയിലുമുള്ളത് എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണതയിലെ വ്യവസ്ഥയ്ക്കായിക്കൊണ്ടു തന്നേ.
11 അവനിൽ നാം അവകാശവും പ്രാപിച്ചു, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണയപ്രകാരം മുൻനിയമിക്കപ്പെട്ടത്
12 മുമ്പിൽകൂട്ടി ക്രിസ്തുവിൽ ആശ വച്ചവരായ ഞങ്ങൾ അവന്റെ മഹത്ത്വത്തിന്റെ പുകഴ്ചയ്ക്കാകേണ്ടതിനുതന്നെ.
13 അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ട്,
14 തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിനുവേണ്ടി തന്റെ മഹത്ത്വത്തിന്റെ പുകഴ്ചയ്ക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.