വായിക്കുക: യോഹന്നാൻ 17:1-26

ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല. സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു. (വാ. 16-17)

നമ്മളിൽ മിക്കവർക്കും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പരിചിതമാണ്, എന്നാൽ ഒരു സോഷ്യൽ മീഡിയ ആപ്പ് നിങ്ങളുടെ സ്വകാര്യ പ്രൊഫൈൽ റേറ്റുചെയ്യാൻ പൂർണ്ണമായും അപരിചിതരെ അനുവദിക്കുന്നു. എന്റെ ഒരു സഹപ്രവർത്തകന്റെ സുഹൃത്തുക്കളുടെ ഇളയ മകൾക്ക് മോശം റേറ്റിംഗ് ലഭിച്ചത് കാരണം അവൾ വളരെയധികം വിഷമിച്ചു. അതുമൂലം ആ സുഹൃത്തുക്കളുടെ ഹൃദയം തകർന്നുവെന്ന് സഹപ്രവർത്തകൻ എന്നോട് പറഞ്ഞു.

‘റോയൽ സൊസൈറ്റി ഫോർ പബ്ലിക് ഹെൽത്ത്’ നടത്തിയ പഠനത്തിൽ, യുകെ യിലെ യുവാക്കളുടെ മാനസികാരോഗ്യത്തിൽ സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ച് ഗവേഷണം നടത്തി, “സോഷ്യൽ മീഡിയ ഒരു മാനസികാരോഗ്യ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ടാകാം” എന്ന് അഭിപ്രായപ്പെട്ടു. മിക്ക കാര്യങ്ങളെയും പോലെ, സോഷ്യൽ മീഡിയയെ നന്മയ്ക്കുള്ള ഒരു ഉപകരണമായി ഉപയോഗിക്കാം, പക്ഷേ അതിൻ്റെ ചതിക്കുഴികൾ തരണം ചെയ്യുന്നതിൽ നമുക്ക് വിവേകം ആവശ്യമാണ്.

തൻ്റെ മരണത്തിന് മുമ്പുള്ള അവസാന മണിക്കൂറുകളിൽ, ഈ ലോകത്തിൻ്റെ പ്രതികൂല സ്വാധീനങ്ങളിൽ നിന്ന് തൻ്റെ ശിഷ്യന്മാരെ സംരക്ഷിക്കേണ്ടതിനായി യേശു പ്രാർത്ഥിച്ചു (യോഹന്നാൻ 17:1-26). പിതാവെന്ന നിലയിൽ, ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ നാം വളരണമെന്നും, അവനിൽ പൂർണ്ണമായി സംതൃപ്തരാകണമെന്നും, അവൻ്റെ സന്തോഷത്തിൽ നിറയണമെന്നും അവൻ ആഗ്രഹിച്ചു (വാക്യം 13). ഈ ലോകത്തെ ഭരിക്കുന്ന ദുഷ്ടശക്തികളുടെ കൂട്ടത്തിൽ നാം ഉൾപ്പെടുന്നില്ലെങ്കിലും, നമ്മെ ലോകത്തിൽ നിന്ന് നീക്കം ചെയ്യാൻ യേശു ഒരിക്കലും ദൈവത്തോട് ആവശ്യപ്പെട്ടിട്ടില്ല. മറിച്ച്, ദുഷ്ടനിൽ നിന്നുള്ള നമ്മെ സംരക്ഷിക്കേണ്ടതിനായി പ്രാർത്ഥിച്ചുകൊണ്ട് അവൻ നമ്മെ ലോകത്തിലേക്ക് അയയ്ക്കുന്നു. “നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു. അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.” (വാ. 18-19)

നമ്മുടെ ശക്തിയുടെ ഉറവിടം ദൈവവുമായുള്ള നമ്മുടെ ഐക്യത്തിൽ മാത്രമാണ് (വാക്യം 21). ആളുകൾ ക്രിസ്തുവിൻ്റെ സഭയിൽ സ്നേഹവും ഐക്യവും കാണുമ്പോൾ, അവർ യേശുവിൻ്റെയും, അവൻ്റെ രാജ്യത്തിൻ്റെ സംസ്കാരത്തിൻ്റെയും പ്രതിഫലനം കാണുകയും അവനിലുള്ള വിശ്വാസത്തിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തേക്കാം.

ഇന്നത്തെ സംസ്‌കാരത്തിൻ്റെ പ്രലോഭനങ്ങൾ ക്രമേണ നമ്മുടെ ജീവിതത്തിലേക്ക് കടന്നുകയറി ദൈവത്തിൻ്റെ വഴികളിൽ നിന്ന് നമ്മുടെ ശ്രദ്ധ തട്ടിയെടുക്കാൻ ശ്രമിക്കുന്നു. എന്നാൽ, യേശുവിൻ്റെ ശക്തിയാൽ, അവനിലുള്ള നമ്മുടെ ഐക്യം നിലനിറുത്തുകയും അവൻ്റെ വിശുദ്ധ വഴികളെ പ്രതിഫലിപ്പിക്കുകയും ചെയ്യാം (വാ.16-17).

—രൂത്ത് ഓ’റെയ്‌ലി-സ്മിത്ത്

കൂടുതൽ അറിയുവാൻ

ഫിലിപ്പിയർ 4:4-9 വായിച്ച്, “സൽഗുണമോ പുകഴ്ചയോ” ആയ കാര്യങ്ങൾ ചിന്തിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക എന്നതിൻ്റെ അർത്ഥമെന്താണെന്ന് മനസിലാക്കുക.

തുടർന്ന് ചെയ്യുവാൻ

നിങ്ങളുടെ വ്യക്തിത്വം മനസ്സിലാക്കുവാൻ നിങ്ങൾ ആരെയാണ് ആശ്രയിക്കുന്നത്? ഒരു ദൈവപൈതൽ എന്ന നിലയിലുള്ള നിങ്ങളുടെ വ്യക്തിത്വം കൂടുതൽ ശക്തിപ്പെടുത്താൻ നിങ്ങൾക്ക് എങ്ങനെ കഴിയും?