എന്നെപ്പോലെ, നിങ്ങൾക്കും ചില മുറിപ്പാടുകൾ ഉണ്ടാകും. എന്റെ കൈത്തണ്ടയിലെ ഒരു ചെറിയ മുറിവ്, ഒരു മിഡിൽ സ്കൂൾ ബാൻഡ് അംഗം അവന്റെ തിടുക്കത്തിൽ എന്നെ ഉഴുതുമറിച്ചതിന്റെ ഫലമാണ്. എൻ്റെ കൈമുട്ടിലെ മറ്റൊന്ന്, ഒരു ഡ്രൈവർ ആക്‌സിലറേറ്റർ പെഡൽ, ബ്രേക്കാണെന്ന് തെറ്റിദ്ധരിച്ച്, ഞങ്ങളുടെ വാനിലേക്ക് ഇടിച്ച അപകടത്തിൽ നിന്ന് ഉണ്ടായതാണ്. മൂന്നാമത്തേത് ഒരു ശസ്ത്രക്രിയയിൽ നിന്നാണ്.

ഒരുപക്ഷേ നിങ്ങൾക്ക് രോഗം, നഷ്ടം, അല്ലെങ്കിൽ മരണം എന്നിവയാലുള്ള വേദനയുടെ മാനസികവും വൈകാരികവുമായ പാടുകൾ ഉണ്ടായിരിക്കാം. കാസ്റ്റിംഗ് ക്രൗൺസിന്റെ “സ്വർഗ്ഗത്തിലെ ഒരേയൊരു പാടുകൾ” എന്ന ഗാനം സ്ഥിരീകരിക്കുന്നതുപോലെ, സ്വർഗ്ഗത്തിൽ യേശുവിനു മാത്രമേ പാടുകൾ ഉണ്ടാകുകയുള്ളൂ എന്നതാണ് അതിശയകരവും സന്തോഷം നൽകുന്നതുമായ വാർത്ത. അവിടെ, നാം തകരുകയോ മുറിവേൽക്കുകയോ ചെയ്യില്ല. കുഴപ്പങ്ങളും, ഭയവും, മാനസീക വിഭ്രാന്തിയും, ശാരീരിക വേദനകളൊന്നും ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ നമുക്കുണ്ട്. നാം രൂപാന്തരം പ്രാപിച്ചവരായി, യേശുവിനോടുകൂടെയായിരിക്കും (വെളിപാട് 21:4).

യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം, അവൻ തന്റെ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ട് തൻ്റെ കൈകളിലും മാറത്തും ഉള്ള പാടുകൾ കാണിച്ചുകൊടുത്തു (യോഹന്നാൻ 20:20). തോമാസ് അവിടെ ഇല്ലായിരുന്നതിനാൽ അതിനാൽ അവൻ ആ വാർത്തയെ സംശയിച്ചു (വാ. 25). യേശു മടങ്ങിവന്നു, അവന്റെ പാടുകളിൽ തൊടാൻ ആവശ്യപ്പെട്ടുകൊണ്ട് തോമസിനോട് പറഞ്ഞു, “ഇനി അവിശ്വാസിയാകരുത്” (വാക്യം 27). അവൻ്റെ സംശയങ്ങൾ മാറി, തോമാസ് അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്നു മറുപടി പറഞ്ഞു (വാക്യം 27).

നമ്മുടെ പാപങ്ങൾ നീക്കാൻ യേശു മരിച്ചു. നമുക്കുവേണ്ടി അറുക്കപ്പെട്ട കുഞ്ഞാടാണെന്നുള്ളതിനു അടയാളമായി അവന്റെ പാടുകൾ കാണപ്പെടുന്നു (വെളിപാട് 5:6). ഒരു ദിവസം യേശു നമ്മെ അവിടത്തെ ആണിപ്പാട്ടുള്ള കരങ്ങളാൽ പിടിക്കും എന്നത് നമുക്ക് വിശ്വസിക്കാനും സന്തോഷിക്കാനും പ്രത്യാശയിൽ നിറയാനുമുള്ള കാരണമാണ്.

– അലിസൺ കീഡ

വൈകാരികമോ മാനസികമോ ആയ ഏതു മുറിവുകളാണ് നിങ്ങൾ ഇപ്പോഴും വഹിക്കുന്നത്? യേശുവിലൂടെ എപ്രകാരമുള്ള രോഗശാന്തിയാണ് നിങ്ങൾ അനുഭവിച്ചത്?

പ്രിയ യേശുവേ, എനിക്കുവേണ്ടി മുറിവേറ്റതിന് നന്ദി. അങ്ങിൽ സന്തോഷിക്കാൻ എന്നെ സഹായിക്കേണമേ.

യോഹന്നാൻ 20:19-29

19 ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു.
20 ഇതു പറഞ്ഞിട്ടു അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കർത്താവിനെ കണ്ടിട്ടു ശിഷ്യന്മാർ സന്തോഷിച്ചു.
21 യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.
22 ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.
23 ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.
24 എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല.
25 മറ്റേ ശിഷ്യന്മാർ അവനോടു: ഞങ്ങൾ കർത്താവിനെ കണ്ടു എന്നു പറഞ്ഞാറെ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോടു പറഞ്ഞു.
26 എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.
27 പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.
28 തോമാസ് അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.
29 യേശു അവനോടു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു. (ഉപസംഹാരം)

യോഹന്നാൻ 20:27

നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.