വായിക്കുക: മത്തായി 25:31-46

ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; (വാ. 36)

വർഷങ്ങൾക്ക് മുമ്പ്, ‘ബൈപോളാർ ഡിസോർഡർ’ ബാധിച്ച ഒരു കുടുംബാംഗത്തിന് കടുത്ത മാനസിക വിഭ്രാന്തി ഉണ്ടായിരുന്നു. മാനസിക വിഭ്രാന്തി മൂലം അവന് വീടും ജോലിയും നഷ്ടപ്പെടുകയും ജയിൽവാസം അനുഭവിക്കേണ്ടിവരികയും ചെയ്തു. രണ്ട് മാസത്തോളം ഞാൻ സാമൂഹിക പ്രവർത്തകർ, നിയമപാലകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവരുമായി ഫോണിൽ സംസാരിച്ചു, അവനെ എങ്ങനെ സഹായിക്കാമെന്ന് മനസ്സിലാക്കാൻ ശ്രമിച്ചു. ഞാൻ എൻ്റെ കുടുംബാംഗത്തിന്റെ പള്ളിയുമായി ബന്ധപ്പെട്ടു. എന്നാൽ അവിടെയുള്ള ആർക്കും എന്നെ സഹായിക്കാൻ കഴിഞ്ഞില്ല.

ദൈവകൃപയാൽ ഇന്ന് ആ വ്യക്തി സുഖമായിരിക്കുന്നു. എന്നാൽ ആ ദിവസങ്ങൾ എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ദിവസങ്ങളായിരുന്നു.

സഭയിലെ മിക്ക ആളുകളും മാനസികാരോഗ്യ ചികിത്സാവിദഗ്ധരല്ല, അതിനാൽ മാനസികരോഗികളെ എങ്ങനെ സഹായിക്കണമെന്ന് അവർക്ക് അറിവില്ല. എന്നാൽ സ്നേഹത്തിലൂടെയും അനുകമ്പയിലൂടെയുമാണ് മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്നതെന്ന് ഞാൻ മനസ്സിലാക്കി. മത്തായി 14:14-ൽ “യേശു പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞു” എന്ന് പറയുന്നു. അവൻ രോഗികളെ സുഖപ്പെടുത്തി. എല്ലാത്തരം രോഗികളെയും യേശു സൗഖ്യമാക്കിയതായി സുവിശേഷങ്ങളിൽ കാണുന്നു. അവൻ രോഗികളിൽ നിന്ന് ഒഴിഞ്ഞുമാറുകയോ, അവരെ ഉപേക്ഷിക്കുകയോ ചെയ്തില്ല. അവൻ അവരെ അവഗണിക്കുകയോ, അവരുടെ രോഗത്തിന്റെ പേരിൽ അവരെ നിന്ദിക്കുകയോ ചെയ്തില്ല. പകരം, യേശു അവരോട് വ്യക്തിപരമായ ഇടപെട്ടു. അവൻ അവരുടെ അടുത്തേക്ക് ചെന്നു (മത്തായി 14:13-14, 20:29-32). അവൻ്റെ ശക്തിയാൽ നമുക്കും അങ്ങനെ ചെയ്യാൻ കഴിയും.

മാനസിക രോഗികളായ നമ്മുടെ സഹോദരീസഹോദരന്മാരോട് നമുക്ക് ദയയും കരുതലും നിറഞ്ഞ മുഖഭാവത്തിലൂടെ സ്‌നേഹം പ്രകടിപ്പിക്കാൻ കഴിയും. നമ്മുടെ നോട്ടവും, സംസാരരീതിയും, ഭാവവും ഒന്നുകിൽ നമ്മുടെ അവജ്ഞയോ, അല്ലെങ്കിൽ അനുകമ്പയോ പ്രകടമാക്കുന്നു.

സ്‌നേഹവും അനുകമ്പയും പ്രകടിപ്പിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗം, മാനസികരോഗമുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ എങ്ങനെ സാധിക്കും എന്ന് കണ്ടെത്തുന്നതാണ്. ദൈവികമായ അനുകമ്പ കാണിക്കുന്നതും, രോഗികൾക്ക് സഹായങ്ങൾ എത്തിച്ചുകൊടുക്കുന്നതും രോഗികളെ പരിചരിക്കുന്നതിനുള്ള ചില വഴികളാണ്. അതിലൂടെ നാം യേശുവിനെത്തന്നെ സേവിക്കുന്നു. (വാ.36)

—മർലീന ഗ്രേവ്സ്

കൂടുതൽ അറിയുവാൻ

സങ്കീർത്തനം 42:3-5, 11-ലെ ആഴമായ ദുഃഖത്തിന്റെ വചനങ്ങൾ വായിക്കുക. ഈ അവസ്ഥയിലുള്ള മാനസികരോഗമുള്ളവരെ നിങ്ങൾക്ക് എങ്ങനെ പിന്തുണയ്ക്കാമെന്ന് ചിന്തിക്കുക.

തുടർന്ന് ചെയ്യുവാൻ

ക്രിസ്തീയ വിശ്വാസികൾ പോലും വിഷാദരോഗവും മറ്റ് തരത്തിലുള്ള മാനസിക രോഗങ്ങളും അനുഭവിക്കുന്നു. അത് ഗ്രഹിക്കാൻ പ്രയാസമാണോ? എന്തുകൊണ്ട്? നിങ്ങളോട് അടുപ്പമുള്ള മാനസിക രോഗികളെ യേശു എങ്ങനെ പരിപാലിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്?