ഒരാൾ തന്റെ തെരുവ് തൂത്തുവാരുന്നത് കണ്ടപ്പോൾ റാസയ്ക്ക് അവനോട് സഹതാപം തോന്നുകയും, അവന് കുറച്ച് പണം നൽകുകയും ചെയ്തു. ആ മനുഷ്യൻ നന്ദി പറഞ്ഞുകൊണ്ട്, റാസയ്ക്കുവേണ്ടി പ്രാർത്ഥിക്കട്ടെ എന്നു ചോദിച്ചു. ആശ്ചര്യഭരിതനായ റാസ, എങ്ങനെ ഉത്തരം നൽകണമെന്ന് ആശ്ചര്യപ്പെട്ട് ആശയക്കുഴപ്പത്തിലായെങ്കിലും, ആ മനുഷ്യനെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നതിനാൽ അവൻ സമ്മതിച്ചു. തൂപ്പുകാരൻ പണത്തിനു നന്ദി പറഞ്ഞുകൊണ്ട് റാസയ്ക്കു വേണ്ടി പ്രാർത്ഥിച്ചു, “ദൈവമേ, ദയവായി അവന് വഴിയും സത്യവും ജീവനും കാണിക്കണമേ.”

പ്രാർത്ഥനയിൽ റാസ അമ്പരന്നെങ്കിലും അത് മറന്നു. എന്നിട്ടും ആറുവർഷത്തിനുശേഷം, യേശുവിനെ തന്റെ രക്ഷകനായി സ്വീകരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, “ദൈവം എൻ്റെ ജീവിതം മാറ്റിമറിച്ചു,”. തൂപ്പുകാരന്റെ പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം നൽകിയെന്ന് അയാൾക്ക് പെട്ടെന്ന് മനസ്സിലായി, കാരണം റാസ, യേശുവിൽ വഴിയും സത്യവും ജീവനും കണ്ടെത്തി.

“ഞാൻ പോകുന്നിടത്തേക്കുള്ള വഴി” (യോഹന്നാൻ 14:4) അവർ അറിയുമെന്ന് മരിക്കുന്നതിന്റെ തലേ രാത്രിയിൽ യേശു തന്റെ സ്നേഹിതരോട് പറഞ്ഞു. അവൻ എവിടേക്കാണ് പോകുന്നതെന്ന് അറിയാത്തതിനാൽ അവർക്ക് എങ്ങനെ വഴി അറിയാൻ കഴിയുമെന്ന് തോമാസ് ചോദിച്ചു. യേശു പ്രതികരിച്ചു: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” (വാക്യം 6). അവർ തന്നെ അറിയുന്നുവെങ്കിൽ അവർ പിതാവിനെയും അറിയുമെന്ന് അവൻ അവർക്ക് ഉറപ്പു നൽകി (വാക്യം 7).

യേശു, തടസ്സങ്ങൾ തകർത്ത് നമ്മെ അവന്റെ പിതാവിൻ്റെ സന്നിധിയിലേക്ക് കൊണ്ടുവരുന്നു. അവൻ പൂർണ്ണമായ ജീവിതത്തിലേക്കുള്ള വഴിയാണ്; അവൻ നമ്മെ സ്വതന്ത്രരാക്കുന്ന സത്യമാണ്; അവൻ നമുക്ക് ജീവനും, സ്നേഹവും, പ്രത്യാശയും നൽകുന്നു.

-ആമി ബൗച്ചർ പൈ

മറ്റുള്ളവർക്ക് വേണ്ടി, തെരുവിലെ ഒരു അപരിചിതനു വേണ്ടി പോലും, പ്രാർത്ഥിക്കാൻ ദൈവം നിങ്ങളെ എങ്ങനെയാണ് പ്രചോദിപ്പിക്കുന്നത്? നിങ്ങൾക്കായി ഒരാളുടെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകുന്നത് നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ??

പ്രിയ യേശുവേ, അവിടുന്നാണ് വഴിയും സത്യവും ജീവനും. ക്രൂശിലെ അവിടുത്തെ പ്രവൃത്തിയിലൂടെ എന്നെ പിതാവിൻ്റെ അടുത്തേക്ക് എത്തിച്ചതിന് നന്ദി.

യോഹന്നാൻ 14:1-10

1 നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.
2 എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു.
3 ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും
4 ഞാൻ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങൾ അറിയുന്നു.
5 തോമാസ് അവനോടു: കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. യേശു അവനോടു:
6 ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
7 നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.
8 ഫിലിപ്പോസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു.
9 യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?
10 ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.

യോഹന്നാൻ 14:6

ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.