വായിക്കുക: ഫിലിപ്പിയർ 4:5-8

എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും. (വാ. 7)

പുതിയ വീട്ടിലേക്ക് മാറണോ, അതോ പഴയ വീട്ടിൽ തന്നെ തുടരണോ? എൻ്റെ ഭർത്താവും ഞാനും അതിനെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ ഈ ചോദ്യം എൻ്റെ മനസ്സിൽ നിറഞ്ഞു. ഞങ്ങൾ ഒരു വീട് കാണാൻ പോയപ്പോൾ അവിടെ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഉദാഹരണത്തിന്, ബേസ്മെൻ്റിലെ ഒരു പൈപ്പ്, തറയിൽ നിന്ന് ഒരു മുറിയുടെ നടുവിലേക്ക് ഉയർന്നു നിൽക്കുന്നു. കൂടാതെ നിലവറയിൽ ഒരു ദുർഗന്ധം ഉണ്ടായിരുന്നു. എങ്കിലും, പുതിയ അലമാരകളും, സൂര്യപ്രകാശം ഉള്ളിലേക്ക് കടക്കാൻ പറ്റിയ മനോഹരമായ ജനാലകളും ഉണ്ടായിരുന്നു.

ആ വീട് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ എനിക്ക് കൂടുതൽ ഉത്കൺഠയുണ്ടായി. ഇപ്പോഴത്തെ വീട് വിൽക്കാൻ കഴിഞ്ഞില്ലെങ്കിലോ? വാങ്ങുന്ന വീട് ശരിയാക്കുവാൻ എത്ര ചെലവാകും? എന്നാൽ, ഫിലിപ്പിയരോടുള്ള പൗലോസിൻ്റെ വാക്കുകൾ എൻ്റെ ആശങ്കയെ അകറ്റി. പൗലോസ് എഴുതി, “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; … നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും” (ഫിലിപ്പിയർ 4:6-7). എന്നെ സംബന്ധിച്ചിടത്തോളം, സമാധാനം എന്നത് സാഹചര്യങ്ങളുടെ സമ്മർദ്ദം ഇല്ലാത്ത അവസ്ഥയാണ്. നമ്മുടെ പ്രവൃത്തികളുടെ ഫലം ദൈവം നിശ്ചയിക്കുമെന്ന് വിശ്വസിക്കുക എന്നതായിരുന്നു അതിൻ്റെ അർത്ഥം.

ചിന്തിക്കേണ്ട ഏറ്റവും നല്ല 8 കാര്യങ്ങളുടെ പട്ടിക പൗലോസ് നൽകി. അവയിലൊന്നും ഒരു വീട് വാങ്ങുന്നതും വിൽക്കുന്നതും ഉൾപ്പെട്ടിരുന്നില്ല എന്നതിൽ അതിശയിക്കാനില്ല. പകരം, കാര്യങ്ങൾ ഇവയായിരുന്നു: സത്യമായതു ഒക്കെയും, ഘനമായതു ഒക്കെയും, നീതിയായതു ഒക്കെയും, നിർമ്മലമായതു ഒക്കെയും, രമ്യമായതു ഒക്കെയും, സല്കീർത്തിയായതു ഒക്കെയും, സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും. നമ്മുടെ മനസ്സിനെ നല്ല കാര്യങ്ങൾ കൊണ്ട് നിറയ്ക്കുകയും, നല്ല ചിന്തകൾ മനസ്സിൽ അയവിറക്കുകയും ചെയ്‌താൽ ഭയവും ആശങ്കയും നീങ്ങിപ്പോകും.

നമ്മുടെ ജീവിതത്തിലെ ഗൗരവമുള്ള കാര്യങ്ങൾക്കുവേണ്ടി നാം സമയം ചെലവഴിക്കുന്നത് സാധാരണമാണ്. നമ്മുടെ അടിസ്ഥാന ആവശ്യങ്ങളായ പാർപ്പിടം, ഭക്ഷണം, തൊഴിൽ എന്നിവയെ നാം ഗൗരവത്തോടെ കാണേണ്ടതാണ്. എന്നാൽ അതിനെക്കുറിച്ച് നാം വിഷമിക്കേണ്ടതില്ലെന്ന് ബൈബിൾ നമ്മോട് പറയുന്നു. പ്രാർത്ഥനാപൂർവ്വം ദൈവത്തിൽ ആശ്രയിക്കുകയും, നമ്മുടെ മനസ്സിൽ നല്ല ചിന്തകൾ നിറയ്ക്കുകയും ചെയ്‌താൽ നല്ല തീരുമാനങ്ങൾ എടുക്കാൻ നമുക്ക് സാധിക്കും.

—ജെന്നിഫർ ബെൻസൺ ഷുൾട്ട്

കൂടുതൽ അറിയുവാൻ

ദൈവത്തിൻ്റെ കരുതലിൻ്റെയും നടത്തിപ്പിന്റെയും പ്രോത്സാഹജനകമായ ചില ഉദാഹരണങ്ങൾക്കായി ഇനിപ്പറയുന്ന വാക്യങ്ങൾ വായിക്കുക: പുറപ്പാട് 14:29-30; 2 രാജാക്കന്മാർ 20:5-6; ലൂക്കോസ് 2:11-14; കൂടാതെ 2 കൊരിന്ത്യർ 5:18-19.

തുടർന്ന് ചെയ്യുവാൻ

ഒരു കാര്യത്തെക്കുറിച്ച് അനാവശ്യമായി വിഷമിക്കുന്നതും, ചിന്തിച്ച്‌ തീരുമാനമെടുക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്? ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉത്കണ്ഠയുടെ അഭാവം ദൈവത്തോടുള്ള സമർപ്പണത്തിന്റെ തെളിവായി എങ്ങനെ കണക്കാക്കാം?