ജാതി ജാതിക്കു നേരേ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല. യെശയ്യാവു 2:4

തന്റെ ജന്മനാടായ ന്യൂ ഓർലിയാൻസിൽ ഒമ്പത് വയസ്സുള്ള ഒരു ആൺകുട്ടിയുടെ മരണം കുട്ടികളുടെ കയ്യിൽ നിന്ന് തോക്കുകൾ അകറ്റുവാനുള്ള ഒരു മാർഗം രൂപീകരിക്കുവാൻ ഷമാരിനെ പ്രേരിപ്പിച്ചു. നഗരത്തിലെ തന്റെ ബാല്യകാലജീവിതത്തിൽ ആരോഗ്യകരമായ ഒരു പാത രൂപപ്പെടുത്താൻ സംഗീതം തന്നെ എങ്ങനെ സഹായിച്ചു എന്നതു സ്മരിച്ചുകൊണ്ട്, പോലീസുമായി സഹകരിച്ച് ഷമാർ തോക്കിലേക്ക് തിരിയുവാൻ സാധ്യതയുള്ളവർക്ക് സംഗീതോപകരണങ്ങളും സംഗീതപാഠങ്ങളും ലഭ്യമാകുവാനുള്ള ഒരു കമ്മ്യൂണിറ്റി ശ്രമത്തിന് നേതൃത്വം നൽകി. ആയുധങ്ങൾക്ക് പകരം സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നതിലൂടെ, പ്രദേശത്തെ യുവാക്കൾക്ക് സുരക്ഷിതവും ക്രിയാത്മകവുമായ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നും അതുവഴി തോക്ക് കൊണ്ടുള്ള അക്രമത്തിന്റെ ബാധ കുറയുകയും നഗരത്തിന് കൂടുതൽ സമാധാനം ഉണ്ടാവുകയും ചെയ്യുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു.

അവന്റെ സമാധാനം നമ്മുടെ സമൂഹങ്ങളെ രൂപാന്തരപ്പെടുത്തുകയും എല്ലാത്തരം അക്രമങ്ങളും അവസാനിക്കുകയും ചെയ്യുന്ന ഒന്നാണ് ഭാവിയെക്കുറിച്ചുള്ള ദൈവത്തിന്റെ ദർശനം. ആ ഭാവി ലോകത്തിൽ, “ജാതി ജാതിക്കു നേരേ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല ” (യെശയ്യാവ് 2:4). അവർക്കിനി ആയുധങ്ങൾ ആവശ്യമില്ല, അതിനാൽ അവ വിനാശകരമായ കാര്യങ്ങൾക്കു പകരം ക്രിയാത്മകമായ ഉദ്ദേശ്യങ്ങൾക്കായി പരിഷ്കരിക്കപ്പെടും. യുദ്ധത്തിനുപകരം, ദൈവത്തെ ആരാധിക്കാൻ മനുഷ്യർ ഒരുമിച്ചുകൂടും.

ആ ദിവസം വരുന്നതുവരെ, പ്രക്ഷുബ്ധമായ നമ്മുടെ ലോകത്തിന്റെ വേദനകളെ ശമിപ്പിക്കുന്നതിനുള്ള ഒരു ലേപനം ആയി പ്രവർത്തിച്ചുകൊണ്ട് പ്രാർത്ഥനയോടെ നമുക്ക് നമ്മുടെ സമൂഹങ്ങളെ സേവിക്കാം. നമുക്ക് ലോകത്തെ മുഴുവൻ പരിവർത്തനം ചെയ്യാൻ കഴിയില്ല-ദൈവത്തിന് മാത്രമേ അത് ചെയ്യാൻ കഴിയൂ-എന്നാൽ നമ്മൾ താമസിക്കുന്ന സ്ഥലങ്ങളിൽ അവന്റെ സമാധാനം കൊണ്ടുവരാൻ നമുക്ക് പരിശ്രമിക്കാം, നമ്മോടൊപ്പം “അവന്റെ പാതകളിൽ നടക്കാൻ” മറ്റുള്ളവരെ ക്ഷണിച്ചുകൊണ്ട് (വാക്യം 3).

യെശയ്യാവ് വിവരിക്കുന്ന ഭാവിയെക്കുറിച്ച് നിങ്ങൾ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത് എന്താണ്? ഇന്ന് നിങ്ങളുടെ സമൂഹത്തിൽ ദൈവത്തിന്റെ സമാധാനം കൊണ്ടുവരാൻ നിങ്ങൾക്ക് എങ്ങനെ പ്രവർത്തിക്കാനാകും?

പിതാവേ, നീ സമാധാനത്തിന്റെ രചയിതാവായതിന് നന്ദി. എനിക്ക് ചുറ്റുമുള്ളവർക്ക് അങ്ങയുടെ സമാധാനം കൊണ്ടുവരാൻ ദയവായി എന്നെ ഉപയോഗിക്കുക.

യെശയ്യാവ് 2:1-4

ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം. അന്ത്യകാലത്ത് യഹോവയുടെ ആലയമുള്ള പർവതം പർവതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; സകല ജാതികളും അതിലേക്ക് ഒഴുകിച്ചെല്ലും. അനേകവംശങ്ങളും ചെന്ന്: വരുവിൻ, നമുക്ക് യഹോവയുടെ പർവതത്തിലേക്ക്, യാക്കോബിൻദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്ന് ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. അവൻ ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങൾക്കു വിധികല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചു തീർക്കും; ജാതി ജാതിക്കു നേരേ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല.