“സമാധാനം ഉണ്ടാക്കിക്കൊണ്ട് ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിച്ചു.” എഫെസ്യർ 2:15
ക്ലോഡ് മോനെറ്റിന്റെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നായ വാട്ടർ ലില്ലി, അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തെ കുളത്തിലെ ശാന്തമായ താമരപ്പൂക്കൾ ചിത്രീകരിക്കുന്നു. കാഴ്ചക്കാർക്ക് “സമാധാനപരമായ ധ്യാനത്തിനുള്ളൊരവസരം” നൽകാനാണ് താൻ അവ സൃഷ്ടിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികൾക്ക് ശേഷം പാരീസിലെ ഒറഞ്ചറി മ്യൂസിയത്തിൽ മോനെറ്റിന്റെ പെയിന്റിംഗുകളിൽ എട്ടെണ്ണം സ്ഥാപിക്കുന്നതിനായി രണ്ട് ഗാലറികൾ 1920-കളിൽ നിർമ്മിച്ചപ്പോൾ ഈ ലക്ഷ്യം കൈവരിക്കാനായി.
വിരോധാഭാസമെന്നു പറയട്ടെ, വാട്ടർ ലില്ലികൾ എണ്ണമറ്റ ആളുകൾക്ക് സമാധാനം നൽകിയിട്ടുണ്ടെങ്കിലും, മോനെറ്റ് അവ പെയിന്റ് ചെയ്യുമ്പോൾ അന്തരീക്ഷം ഒട്ടും സമാധാനപരമായിരുന്നില്ല. കാറ്റ് തന്റെ ക്യാൻവാസുകൾ പറത്തി, താമരപ്പൂക്കളിൽ റോഡിലെ പൊടി പറ്റിപിടിച്ചു. അത് തനിക്ക് കടുത്ത നിരാശയുണ്ടാക്കി. തനിക്ക് ഇഷ്ടപ്പെടാത്ത ഡസൻ കണക്കിന് പെയിന്റിംഗുകൾ താൻ ചവിട്ടിമെതിച്ചു അല്ലെങ്കിൽ കീറിക്കളഞ്ഞു. “ഞാൻ പെയിന്റ് ചെയ്യുമ്പോൾ പലപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടായി,” അതിലടങ്ങിയിരിക്കുന്ന വേദനയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. അവന്റെ കലയിൽ നിന്ന് നാം ആസ്വദിക്കുന്ന സമാധാനത്തിന് ഒരു വലിയ വില കൊടുകേണ്ടി വന്നു.
യേശു അവരെ ഒരുമിപ്പിക്കുന്നതിനും, ദൈവവുമായുള്ള സമാധാനത്തിൽ ആക്കുന്നതിനും മുമ്പ് യഹൂദന്മാരും ജാതികളും തമ്മിൽ നിലനിന്നിരുന്ന ശത്രുതയെക്കുറിച്ച് എഫെസ്യർ 2-ൽ, പൗലോസ് അനുസ്മരിക്കുന്നു (വാ. 11-15). എന്നാൽ, ഈ യുദ്ധം ജയിക്കുവാൻ ഒരു ഭീമമായ വില നൽകേണ്ടി വന്നു – യേശുവിന്റെ പീഡാനുഭവ മരണം. ദൈവവുമായി നമുക്ക് ബന്ധം ലഭ്യമാക്കിയ പാപമോചനവും നമുക്കെല്ലാവർക്കും ഇടയിൽ ഇപ്പോൾ സാധ്യമായ അനുരഞ്ജനവും ക്രിസ്തുവിന്റെ മരണത്തിലൂടെയാണ് സാധിച്ചത്. (വാ. 16). സുവിശേഷത്തിന്റെ സമാധാനത്തിന് ഒരു വലിയ വില കൊടുക്കേണ്ടി വന്നു.
ഞാൻ ഇനി മോനെറ്റിന്റെ വാട്ടർ ലില്ലി കാണുമ്പോൾ അത് ഓർക്കുവാൻ ആഗ്രഹിക്കുന്നു – ദൈവവുമായും അന്യോന്യവും നാം ആസ്വദിക്കുന്ന സമാധാനം യേശുവിന്റെ വേദനാജനകമായ വേല നിമിത്തമാണ് ഉണ്ടായത് എന്ന്.
എവിടെയൊക്കെയാണ്, എപ്പോഴോക്കെയാണ് നിങ്ങൾക്ക് ദൈവത്തോട് ഏറ്റവും അടുപ്പം തോന്നുന്നത്? ഈ സമാധാനം ഉണ്ടായത് യേശുവിന്റെ കുരിശിലെ പ്രവൃത്തി നിമിത്തമാണെന്ന് നിങ്ങൾക്ക് നിങ്ങളെതന്നെ എങ്ങനെ ഓർമ്മിപ്പിക്കാനാകും?
യേശുവേ, നീ കഷ്ടപ്പെട്ട് വലിയ വില നല്കിയാണ് എനിക്ക് സമാധാനം ഉണ്ടായത്. അത് ഞാൻ ഒരിക്കലും നിസ്സാരമായി എടുക്കുവാൻ ആഗ്രഹിക്കുന്നില്ല. വളരെ നന്ദി ഞാൻ അർപ്പിക്കുന്നു.
എഫെസ്യർ 2:11-18
ആകയാൽ നിങ്ങൾ മുമ്പേ പ്രകൃതിയാൽ ജാതികളായിരുന്നു; ജഡത്തിൽ കൈയാലുള്ള പരിച്ഛേദന ഏറ്റു പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ അഗ്രചർമക്കാർ എന്നു വിളിക്കപ്പെട്ടിരുന്നു; അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്ക് അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്ന് ഓർത്തുകൊൾവിൻ. മുമ്പേ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു. അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞത്, സമാധാനം ഉണ്ടാക്കിക്കൊണ്ട് ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും, ക്രൂശിന്മേൽവച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നെ. അവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു. അവൻ മുഖാന്തരം നമുക്ക് ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്.