ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ട് ഒട്ടും ഇല്ല. 1 യോഹന്നാൻ 1:5
രോഗാതുരമായ ശരീരത്തിൽ, മരണത്തിന്റെ അന്ധകാരം ഉണ്ടായിരുന്നപ്പോഴും, അഗസ്റ്റിൻ-ജീൻ ഫ്രെസ്നെൽ ശക്തമായ വെളിച്ചം പകരുന്ന തന്റെ വിളക്ക് നിർമ്മിക്കുന്ന പ്രവർത്തി തുടർന്നു. ഒടുവിൽ, 1820-കളുടെ തുടക്കത്തിൽ, ഫ്രാൻസിലെ കോർഡൗറൻ വിളക്കുമാടത്തിൽ അദ്ദേഹം തന്റെ ആദ്യത്തെ ഫ്രെസ്നെൽ ലെൻസ് പരീക്ഷിച്ചു. ആ ലെൻസ് – തേനീച്ചക്കൂട് പോലെയുള്ള പ്രിസങ്ങളുടെ ഒരു വളയം – കരയിൽ നിന്ന് നിരവധി നോട്ടിക്കൽ മൈലുകൾ അകലെ ഇരുണ്ടതും പ്രക്ഷുബ്ധമായ സമുദ്രത്തിൽ സഞ്ചരിക്കുന്ന നാവികർക്ക് പ്രകാശം കാണാൻ അനുവദിച്ചു. “ഒരു ദശലക്ഷം കപ്പലുകളെ രക്ഷിച്ച കണ്ടുപിടുത്തം” എന്ന് വിളിക്കപ്പെടുന്ന ഫ്രെസ്നെലിന്റെ സൃഷ്ടികൾ 1860-കളിൽ ആയിരക്കണക്കിന് വിളക്കുമാടങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. 1827-ൽ കേവലം മുപ്പത്തിയൊൻപതാം വയസ്സിൽ ക്ഷയരോഗം ബാധിച്ച് അദ്ദേഹം മരിച്ചുവെങ്കിലും, അദ്ദേഹത്തിന്റെ ലെൻസിൽ നിന്നുള്ള പ്രകാശം വരും ദശകങ്ങളിൽ എണ്ണമറ്റ നാവികരുടെ ജീവൻ രക്ഷിക്കും.
അവന്റെ സമ്പൂർണ്ണ പദ്ധതിയുടെ ഭാഗമായി, നമ്മുടെ പ്രക്ഷുബ്ധമായ ലോകത്തിലേക്ക് വെളിച്ചം കൊണ്ടുവരാൻ തന്റെ ഏകപുത്രനായ യേശുവിനെ അയയ്ക്കാൻ ദൈവം തിരഞ്ഞെടുത്തു. യോഹന്നാൻ എഴുതിയതുപോലെ, “ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ട് ഒട്ടും ഇല്ല” (1 യോഹന്നാൻ 1:5). നിത്യജീവന്റെയും പാപമോചനത്തിന്റെയും സുവാർത്ത പങ്കുവെച്ചു കൊണ്ട് ക്രിസ്തു പാപത്തിന്റെയും മരണത്തിന്റെയും അന്ധകാരത്തെ ഇല്ലാതാക്കി (വാ. 2, 9). അവൻ നിമിത്തം, നമുക്കും “അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ” വെളിച്ചത്തിൽ നടക്കുവാൻ കഴിയും. . . കാരണം, “അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു” (വാക്യം 7).
ഫ്രെസ്നെലിനെപ്പോലെ, യേശുവും തന്റെ മുപ്പതുകളിൽ മരിച്ചു, എന്നാൽ അവൻ വീണ്ടും ഉയിർത്തെഴുന്നേറ്റു – തന്നിൽ വിശ്വസിക്കുന്ന ഏവർക്കും വെളിച്ചവും ജീവനും പ്രദാനം ചെയ്യുന്നു (പ്രവൃത്തികൾ 16:31). അവന്റെ വെളിച്ചത്തിൽ നടക്കുവാൻ ആവശ്യമായ ശക്തി ക്രിസ്തുവിൽ നാം കണ്ടെത്തുന്നു. ടോം ഫെൽറ്റൻ
ക്രിസ്തുവിന്റെ വെളിച്ചത്തിൽ നടക്കുക എന്നതിന്റെ അർത്ഥമെന്താണ്? ഏതൊക്കെ പ്രായോഗിക വിധങ്ങളിൽ നിങ്ങൾക്ക് അവനുവേണ്ടി പ്രകാശിക്കുവാൻ കഴിയും?
യേശുവേ, ഈ ലോകത്തിലേക്കും എന്റെ ഹൃദയത്തിലേക്കും നീ കൊണ്ടുവന്ന പ്രകാശത്തിന് നന്ദി. അങ്ങയുടെ വഴികളും സ്നേഹവും പ്രസരിപ്പിക്കുവാൻ അങ്ങയുടെ ശക്തിയാൽ എന്നെ സഹായിക്കൂ.
1 യോഹന്നാൻ 1:1–10
1 ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്തകണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു- 2 ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടു കൂടെയിരുന്ന് ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോട് അറിയിക്കയും ചെയ്യുന്നു- 3 ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിനു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. 4 നമ്മുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്ക് എഴുതുന്നു. 5 ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ട് ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോട് അറിയിക്കുന്ന ദൂതാകുന്നു. 6അവനോടു കൂട്ടായ്മ ഉണ്ട് എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല. 7 അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നു എങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ട്; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. 8നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. 9നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. 10നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.