ലൂക്കോസ് 23:34
പിതാവേ, ഇവർ ചെയ്യുന്നത്
ഇന്നത് എന്ന് അറിയായ്കകൊണ്ട്
ഇവരോട് ക്ഷമിക്കേണമേ.

രഹസ്യ ചരിത്രം

വി ഹെൻറി വേഡ്സ്വർത് ലോങ്ഫെല്ലോ പറഞ്ഞു, “നമുക്ക് നമ്മുടെ ശത്രുക്കളുടെ രഹസ്യ ചരിത്രം വായിക്കാൻ കഴിയുമെങ്കിൽ, എല്ലാ ശത്രുതകളെയും നിരായുധീകരിക്കാൻ തക്ക ദുഃഖവും കഷ്ടപ്പാടും ഓരോ മനുഷ്യന്റെയും ജീവിതത്തിൽ നാം കണ്ടെത്തണം.” ഓരോ മനുഷ്യനും ഒരു പശ്ചാത്തലം—ഒരു കഥയുണ്ടെന്ന ഒരു പ്രധാനപ്പെട്ട ഓർമ്മപ്പെടുത്തലാണ് ലോങ്ഫെല്ലോയുടെ വാക്കുകൾ. അവർ ഇപ്പോൾ ആയിരിക്കുന്ന വ്യക്തികളാകുവാൻ കാരണമായ സംഭവങ്ങളുണ്ട്. അവരുമായുള്ള നമ്മുടെ കൂടിക്കാഴ്ചകളെ അത് സ്വാധീനിക്കുകയും ചെയ്യുന്നു. സന്തോഷത്തിന്റെയും വേദനയുടേയും, വിജയത്തിന്റെയും ബുദ്ധിമുട്ടിന്റെയും നമ്മുടെ സ്വന്തം ചരിത്രം നമുക്കറിയാം. മറ്റുള്ളവർക്കും അവരുടേതായ ജീവിതത്തെ രൂപപ്പെടുത്തിയ ചരിത്രം ഉണ്ടെന്ന് നാം തിരിച്ചറിയണം.

യേശുവിനെ കുരിശിലേറ്റിയപ്പോൾ അവനു ചുറ്റും അരങ്ങേറിയ സംഭവങ്ങളിൽ ഉൾപ്പെട്ട ആളുകൾക്കും കഥകളുണ്ടായിരുന്നു. വർഷങ്ങളായുള്ള യുദ്ധം സൈനികരെ ക്രൂരരാക്കി മാറ്റി, നിയമം അനുസരിക്കാനുള്ള വർഷങ്ങളുടെ പ്രയത്നം മതവാദികളെ കഠിനരാക്കി, ജനക്കൂട്ടം രക്ഷക്കായി ആഗ്രഹിച്ചു എങ്കിലും ശരിയായ പ്രത്യാശ ഇല്ലാത്തവരായിരുന്നു. ഇതൊന്നും അവരുടെ വെറുപ്പ് നിറഞ്ഞ പ്രവർത്തികളുടെ ഒഴിവുകഴിവ് അല്ല. പക്ഷേ ക്രിസ്തു കുരിശിൽ കിടന്ന് “പിതാവേ, ഇവർ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കേണമേ” (ലൂക്കോസ് 23:34) എന്ന് നിലവിളിച്ച് അവരോട് കരുണ കാണിച്ചതെന്തിനെന്ന് മനസ്സിലാക്കുവാൻ അതുപകരിക്കും.

മനുഷ്യർ പരസ്പരം ഏൽപ്പിക്കുന്ന വേദനയെ അംഗീകരിക്കതിരിക്കുമ്പോൾ തന്നെ, മനുഷ്യർ ഉണ്ടാക്കുന്ന വേദനക്കു പിന്നിൽ ഒരു രഹസ്യ ചരിത്രം ഉണ്ടെന്ന് മനസ്സിലാക്കുമ്പോൾ അവരോട് ഉചിതമായി കരുണ കാണിക്കാൻ പഠിക്കാൻ നമുക്ക് സാധിക്കും. എല്ലാറ്റിനുമുപരി, നമ്മുടെ സ്വർഗ്ഗീയ പിതാവ് “നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ” (6:35) എന്ന് യേശുവും പറയുന്നു.

ബിൽ ക്രൗഡർ

മനുഷ്യർക്ക് സംശയത്തിന്റെ ആനുകൂല്യം നൽകാൻ നിങ്ങളെത്തന്നെ ഓർമിപ്പിക്കുവാൻ എങ്ങനെ കഴിയും? അവരോട് ഇടപെടുന്നതിനു ഇതെന്ത് വ്യത്യാസം വരുത്തും?

പിതാവേ, എന്റെ ജീവിതത്തിലെ സകല തെറ്റുകൾക്കും എന്നോട് കരുണ കാണിച്ചതിനും ക്രൂശിലെ പാപക്ഷമയുടെ ദാനം നൽകിയതിനും നന്ദി. എന്നോട് തെറ്റു ചെയ്യുന്നവരോട് ക്ഷമിക്കുവാൻ തക്ക ഹൃദയം എനിക്ക് നൽകേണമേ.

ഇന്നത്തെ വചനം | ലൂക്കോസ് 23:32–43

32 ദുഷ്പ്രവൃത്തിക്കാരായ വേറേ രണ്ടു പേരെയും അവനോടുകൂടെ കൊല്ലേണ്ടതിനു കൊണ്ടുപോയി.

33 തലയോടിടം എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു.

34 എന്നാൽ യേശു: പിതാവേ, ഇവർ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവർ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു. ജനം നോക്കിക്കൊണ്ടു നിന്നു.

35 ഇവൻ മറ്റുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ തന്നെത്താൻ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു.

36 പടയാളികളും അവനെ പരിഹസിച്ച് അടുത്തുവന്ന് അവനു പുളിച്ച വീഞ്ഞു കാണിച്ചു.

37 നീ യെഹൂദന്മാരുടെ രാജാവ് എങ്കിൽ നിന്നെത്തന്നെ രക്ഷിക്ക എന്നു പറഞ്ഞു.

38 ഇവൻ യെഹൂദന്മാരുടെ രാജാവ് എന്ന് ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു.

39 തൂക്കിയ ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞ് അവനെ ദുഷിച്ചു.

40 മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നെ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?

41 നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിനു യോഗ്യമായതല്ലോ കിട്ടുന്നത്; ഇവനോ അരുതാത്തത് ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു.

42 പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചുവരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു.

43 യേശു അവനോട്: ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.

 

banner image