“നക്ഷത്രം കണ്ടതുകൊണ്ട് അവർ അത്യന്തം സന്തോഷിച്ചു. ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയത്തോടു കൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപ പാത്രങ്ങളെ തുറന്ന് അവനെ പൊന്നും കുന്തിരിക്കവും കാഴ്ച വച്ചു” മത്തായി 2 :10 -1
എന്റെ കുട്ടിക്കാലത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാസമായിരുന്നു ഡിസംബർ. ഞാൻ എപ്പോഴും ഡിസംബർ മാസത്തിലെ ആദ്യത്തെ ദിവസത്തിനായി കാത്തിരിക്കും. സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ എന്റെ ഹൃദയം ആവേശംകൊണ്ട് നിറയും. കാരണം, എന്നെ കാത്തിരിക്കുന്നത് എന്താണെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു – ഒരു നക്ഷത്രത്തിന്റെ ആകൃതിയിലുള്ള മനോഹരമായ പേപ്പർ കൊണ്ട് നിർമ്മിച്ച വിളക്ക് ! ഞായറാഴ്ച കടയിൽ നിന്നും ഞങ്ങളത് വാങ്ങി. നക്ഷത്രം തുക്കുവാൻ അച്ഛൻ എന്നെ തോളിൽ കയറ്റിയപ്പോൾ എന്റെ ഹൃദയം ആവേശംകൊണ്ട് നിറഞ്ഞു. ഞങ്ങളുടെ വീട് മാത്രമായിരുന്നു ആ പ്രദേശത്തെ ക്രിസ്ത്യൻ ഭവനം. അതുകൊണ്ട് തന്നെ നക്ഷത്രം അതിന്റെ എല്ലാ മഹത്വത്തോടും കൂടെ പ്രകാശിച്ചപ്പോൾ അയൽപക്കത്തെ കുട്ടികൾ അതിശയത്തോടെ അത് സൂക്ഷ്മമായി നോക്കുമായിരുന്നു. വ്യത്യസ്തമായ വർണ്ണങ്ങളിൽ അതിന്റെ പ്രകാശം നിലത്ത് പതിച്ചു, ഓരോ രാത്രിയിലും വളരെ സന്തോഷത്തോടെ ആ നക്ഷത്ര വിളക്കിനെ ഞാൻ പ്രകാശിപ്പിച്ചു.
മിശിഹാ കിടന്നിരുന്ന സ്ഥലത്തിനു മുകളിൽ നക്ഷത്രം പ്രകാശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ വിദ്വാന്മാർക്ക് തോന്നിയത് പോലാണോ ഈ സന്തോഷവും ആവേശവും എന്ന് ഞാൻ അത്ഭുതപ്പെട്ടു. അവർ വർഷങ്ങളായി ആകാശത്തെക്കുറിച്ച് പഠിക്കുകയും, മാനവരാശിയെ രക്ഷിക്കാൻ വരുന്നവനെ കുറിച്ചുള്ള പ്രവചനങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. കഠിനമായ ഒരു യാത്രയ്ക്ക് ശേഷം അവർ ഉണ്ണിയേശുവിനെ കിടത്തിയിരുന്ന സ്ഥലത്തെത്തി വീണു അവനെ നമസ്കരിച്ചു.
നമ്മുടെ ബാൽക്കണിയിൽ തിളങ്ങുന്ന നക്ഷത്രം മനോഹരമായ ഒരു കാഴ്ച തന്നെയാണ് എന്നാൽ നമ്മുടെ ജീവിതത്തിലെ തിളക്കം ആയ സാക്ഷ്യം കൂടുതൽ ആകർഷമാണ്. യേശു തന്നെ പിന്തുടരുന്ന അവരോട് ഇങ്ങനെ പറഞ്ഞു : “നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.”( മത്തായി5:14) ഈ ക്രിസ്തുമസ് വേളയിൽ നമ്മുടെ അയൽക്കാരും സുഹൃത്തുക്കളും നമ്മെ നോക്കുമ്പോൾ, ‘ഈ വെളിച്ചം’ ജീവിതത്തിൽ പ്രദർശിപ്പിക്കുന്നത് അവർക്ക് കാണുവാൻ കഴിയുന്നുണ്ടോ? ദയ, ക്ഷമ, സ്നേഹം എന്നിവ മാറ്റി നിർത്തുവാൻ കഴിയാത്ത ക്രിസ്തുവിന്റെ ചില സ്വഭാവ ഗുണങ്ങളാണ്. നമ്മളിലെ ഈ സ്വഭാവഗുണങ്ങൾ നമ്മുടെ അയൽക്കാർ ദർശിക്കുമ്പോൾ അവർ ഈ ക്രിസ്തുമസ് വേളയിൽ സന്തോഷങ്ങൾക്ക് വേണ്ടി മാത്രമല്ല നമ്മൾ പിന്തുടരുന്ന ദൈവത്തെ ആരാധിക്കുവാനും ബഹുമാനിക്കുന്നതിനും കൂടെ നമ്മുടെ വീടുകളിൽ കടന്നുവരും; കാരണം, നമ്മുടെ ദൈവം ആരാധനക്ക് യോഗ്യനാണ്.
പ്രിയ പിതാവേ എന്റെ ജീവിതത്തിലെ വെളിച്ചം കണ്ടുകൊണ്ട് മറ്റുള്ളവർ അങ്ങയിലേക്ക് ആകര്ഷിക്കപ്പെടട്ടെ എന്റെ വാക്കുകളും പ്രവർത്തികളും അങ്ങയുടെ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതാകട്ടെ. ആമേൻ.
– റിബേക്കാ വിജയൻ