പെട്ടന്ന് സ്വർഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോട് ചേർന്ന് ദൈവത്തെ പുകഴ്ത്തി ” അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം: ഭൂമിയിൽ ദൈവപ്രസാദം ഉള്ള മനുഷ്യർക്ക് സമാധാനം”എന്നു പറഞ്ഞു.  ലൂക്കോസ് 2: 13-14

നമ്മിൽ ഭൂരിഭാഗം പേരുടെയും ഗൃഹാതുരത്വമായൊരു ഓർമയാണ് ഡിസംബർ മാസാരംഭത്തിൽ നമ്മുടെ വീടുകളിൽ സന്തോഷം നൽകാൻ കടന്നുവരുന്ന കരോൾ സംഘങ്ങൾ. ഞാനും കുട്ടികളുടെ ഗായക സംഘത്തിലെ ഒരു അംഗമായിരുന്നു. ഞങ്ങളുടെ സംഘത്തിലെ കുട്ടികളുടെ വീടുകൾ സന്ദർശിക്കുമ്പോൾ വളരെ ഉത്സാഹത്തോടെ കരോൾ പാടിയത് ഞാൻ ഓർക്കുന്നു. ഞങ്ങളൊരു വീടിനോട് അടുക്കുമ്പോൾ കരോൾ ഗാനങ്ങൾ ഉച്ചത്തിൽ പാടുമായിരുന്നു, ഈ പാടുന്നതിന്റെ അർത്ഥം വീട്ടുകാരെ ഉണർത്തുക എന്നുള്ളതായിരുന്നു. അതിനുശേഷം വീടിനുള്ളിൽ ഞങ്ങൾ പ്രവേശിക്കുകയും മറ്റൊരു ഗാനം കൂടി പാടി, വേദഭാഗം വായിച്ച് ആ ഭവനത്തിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. ഈ കരോൾ യാത്രയിലെ അതിമനോഹരമായ അനുഭവം ഞങ്ങൾ സന്ദർശിക്കുന്ന വീട്ടുകാർ ഞങ്ങൾക്കുവേണ്ടി കരുതിവച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ആണ്. എങ്കിലും രണ്ടു മൂന്നു വീടുകൾ സന്ദർശിച്ചു കഴിയുമ്പോഴേക്കും ഭക്ഷണത്തോടുള്ള ആഗ്രഹം കുറഞ്ഞു വരാറുണ്ട്. .

എന്റെ അഭിപ്രായത്തിൽ ഈ കരോൾ അനുഭവങ്ങൾ രണ്ടായിരം വർഷങ്ങൾക്കു മുമ്പുള്ള യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്നതാണ്. യേശു ബദ്ലഹേമിൽ ജനിച്ച ആ അതിശയകരമായ രാത്രിയിൽ, തങ്ങളുടെ രക്ഷകന്റെ ജനനത്തെക്കുറിച്ചുള്ള മനോഹരമായ വാർത്ത, ദൂതൻ ആദ്യം കൈമാറിയത് ആട്ടിൻകൂട്ടത്തെ കാവൽ ചെയ്തുകൊണ്ടിരുന്ന സാധാരണക്കാരായ ഇടയന്മാരോടാണ്. എന്നിരുന്നാലും ആ രാത്രിയിലെ പ്രസക്തമായ മറ്റൊരു ഭാഗം ദൂതൻ സ്വർഗീയ സംഘത്തോടൊപ്പം ദൈവത്തെ മഹത്വപ്പെടുത്തുകയും മാലോകർക്ക് സമാധാനവും, സന്തോഷവും പ്രഖ്യാപിക്കുകയും ചെയ്തതാണ്. എല്ലാദിവസവും ദൈവം നമ്മുടെ സ്തുതികൾക്ക് യോഗ്യനാണ്, അതിനാൽ ദൈവത്തിന് അർപ്പിക്കുന്ന സ്തുതികളെ ചില സന്ദർഭങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്തരുത്. അതുകൊണ്ട് ദാവീദ് ഇങ്ങനെ പറഞ്ഞിരിക്കുന്നു :” എന്റെ ആയുഷ്കാലത്തൊക്കെയും ഞാൻ യഹോവയ്ക്കു പാടും: ഞാൻ ഉള്ളടത്തോളം എന്റെ ദൈവത്തിനു കീർത്തനം പാടും.” സങ്കീർത്തനങ്ങൾ 104 :33

ദൂതർ സംഘം ദൈവത്തെ പാടിപ്പുകഴ്ത്തിയതിൽ നിന്നും നമുക്ക് ഏറ്റെടുക്കാൻ കഴിയുന്ന രണ്ട് പ്രധാന കാര്യങ്ങളുണ്ട്. ഒന്നാമതായി, നമ്മുടെ പാട്ടുകൾ എല്ലായിപ്പോഴും ദൈവത്തെ മഹത്വപ്പെടുത്തുന്നതായിരിക്കണം, സങ്കീർത്തനങ്ങൾ 69: 30 ” ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും: സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും”. രണ്ടാമതായി, നമ്മുടെ പാട്ടുകൾ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നവയായിരിക്കണം അപ്പോസ്തലനായ പൗലോസ് എഫെസ്യർ 5:19 ൽ വളരെ വ്യക്തമായി ഇങ്ങനെ പറയുന്നു ” ആത്മാവു നിറഞ്ഞവരായി സങ്കിർത്തനങ്ങളാലും, സ്തുതികളാലും, ആത്മീക ഗീതങ്ങളാലും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന് പാടിയും കീർത്തനം ചെയ്‌തും”.

നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തെ സ്തുതിക്കുന്നത് പോലെ ഈ ക്രിസ്തുമസിലെ മനോഹരമായ സംഗീതം വർഷം മുഴുവൻ നമ്മുടെ ഹൃദയങ്ങളിൽ പ്രതിധ്വനിക്കട്ടെ

പ്രിയ പിതാവേ, അങ്ങയുടെ ജനനം പ്രഖ്യാപിക്കുവാൻ ദൂതർ സംഘം ഒരുമിച്ച് പാടി സ്തുതിച്ചതുപോലെ നമ്മുടെ ജീവിതം മുഴുവനും അങ്ങയെ സ്തുതിക്കുവാൻ കഴിയട്ടെ. ആമേൻ.  

– എസ്ഥേർ കോളിൻസ്