“എന്നാൽ മൂടുപടം നീങ്ങിയ മുഖത്ത് കർത്താവിന്റെ തേജസിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാമെല്ലാവരും, ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിൻ മേൽ തേജസ് പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു. 2 കൊരിന്ത്യർ 3:18
Cഅന്തരീക്ഷത്തിൽ മാന്ത്രികത നിലനിൽക്കുന്ന സമയമാണ് ക്രിസ്തുമസ്. വർണ്ണശബളമായ വൈദ്യുതവിളക്കുകൾ പ്രകാശിക്കുമ്പോൾ എല്ലാ വസ്തുക്കളും മിന്നുന്നത് പോലെ തോന്നാറുണ്ട്. നിർജ്ജീവ വസ്തുക്കൾ പോലും ജീവൻ ഉള്ളതുപോലെ നമ്മെ നോക്കി കൺചിമ്മും. കുട്ടിക്കാലത്ത്, എന്റെ പ്രിയപ്പെട്ട ക്രിസ്തുമസ് ആചാരങ്ങളിൽ ഒന്ന് പുൽത്തൊട്ടി അല്ലെങ്കിൽ പുൽക്കൂട് നിർമ്മിക്കുകയാണ്. എല്ലാ വർഷവും കളിമൺ പ്രതിമകൾ സൂക്ഷിച്ചിരുന്ന കാർബോർഡ് തട്ടിൻ പുറത്തു നിന്നും താഴേക്ക് കൊണ്ടുവരും . ഓരോ പ്രതിമകളും സസൂക്ഷ്മം പുറത്തെടുത്ത് അതിനുചുറ്റുമുള്ള വൈക്കോൽ അഴിച്ചുമാറ്റി വളരെയധികം സ്നേഹത്തോടും കരുതലോടും കൂടെ പതുക്കെ മേശയുടെ ഒരു ചെറിയ കോണിൽ വയ്ക്കും. ഏതു പ്രതിമയാണ് ആദ്യം പുൽത്തൊട്ടിയിൽ വയ്ക്കേണ്ടത് എന്ന സംശയം ഒരിക്കലും ഉണ്ടാകാറില്ല ‘ഉണ്ണിയേശു’ തന്നെയാകും എപ്പോഴും പുൽത്തൊട്ടിയുടെ മധ്യഭാഗത്ത് വയ്ക്കുന്നത്. ഉണ്ണിയേശുവിന്റെ അരികിലായി തന്നെ നീലനിറത്തിലുള്ള ‘മറിയയും’ വടിയൂന്നി നിൽക്കുന്ന ‘ജോസഫിനെയും’ വയ്ക്കുമായിരുന്നു. തിളക്കമാർന്ന വസ്ത്രങ്ങളണിഞ്ഞ് മൂന്ന് ‘വിദ്വാൻമാർ’ ഒരുവശത്തും ‘ആട്ടിടയൻമാരെ’ മറുവശത്തും വയ്ക്കും. പുൽക്കൂടിനുള്ളിൽ അങ്ങിങ്ങായി ആടുകളെയും കാണുവാൻ കഴിയും. പുൽക്കൂട് നിർമ്മാണം കഴിയുമ്പോൾ പറഞ്ഞറിയിക്കുവാൻ കഴിയാത്ത സന്തോഷവും, സംതൃപ്തിയും അനുഭവിക്കാറുണ്ട്! ആ കഥാപാത്രങ്ങൾക്ക് ജീവനുള്ളതായി തോന്നാറുണ്ട്.
Eനമ്മുടെ രക്ഷകനും നായകനുമായ ക്രിസ്തുവിന്റെ ചുറ്റും കൂടിയതുകൊണ്ടാണ് ഈ കഥാപാത്രങ്ങൾക്കെല്ലാം അവരുടേതായ കഥ ഉണ്ടായത്. ഈ പുൽത്തൊട്ടിയിൽ കിടന്നിരുന്ന നായകൻ വളരെ ‘സൗമ്യനും’, ‘വിനീതനും’, ‘താഴ്മയും’ ഉള്ള കുഞ്ഞായിരുന്നു. ചുറ്റും നിന്നിരുന്ന കഥാപാത്രങ്ങളിൽ എല്ലാം ഒരുപോലെ സംഭവിച്ച ഒരു കാര്യമാണ് പരിവർത്തനം. മറിയയുടെ പ്രാരംഭത്തിൽ ഉണ്ടായിരുന്ന ഉൽക്കണ്ഠയും പരിഭ്രമവും എല്ലാം ആരാധനയിലേക്കും വിശ്വാസത്തിലേക്കും വഴിമാറി; ജോസഫിന്റെ ഭയവും ലജ്ജയും സ്ഥിരീകരണത്തിലേക്കും ലക്ഷ്യത്തിലേക്കും മാറി ; വിദ്വാന്മാരുടെ സംശയങ്ങളും ആശയക്കുഴപ്പങ്ങളും ദർശനങ്ങളിലേക്കും ബോധ്യത്തിലേക്കും മാറ്റപ്പെട്ടു; സാധാരണക്കാരായ ഇടയന്മാർ ദൈവത്തിന്റെ മഹത്തായ കരവിരുതിൽ ആശ്ചര്യപ്പെട്ടു. അതെ, ഇതൊരു അതിശയകരമായ പരിവർത്തനത്തിന്റെ കഥയാണ്.
അതെ, ക്രിസ്തു തന്റെ ആത്മാവിലൂടെ ഇപ്പോഴും നമ്മിൽ പ്രവർത്തിക്കുന്നു. നമ്മുടെ ജീവിതത്തിൽ യേശുവിന് പ്രവർത്തിക്കാൻ അനുവദിക്കുമ്പോൾ നാം അവനെ യഥാർത്ഥത്തിൽ അന്വേഷിക്കുന്നവരെ പോലെ ദിനവും രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. യേശുവിന്റെ മഹത്വത്തെക്കുറിച്ച് ധ്യാനിക്കുകയും അനുതാപം ഉള്ള പ്രാർത്ഥനയിൽ അവനോട് അടുക്കുകയും ചെയ്യുവാൻ നമുക്ക് സാധിക്കട്ടെ. യേശുവിന്റെ സ്വരൂപത്തിലേക്ക് മാറുന്നതിനായി നമ്മുടെ ജീവിതത്തെ അവനിൽ സമർപ്പിക്കാൻ നമുക്ക് തയ്യാറാകാം.
പ്രിയ പിതാവേ, ഈ ക്രിസ്തുമസ് വേളയിൽ അങ്ങയിലേക്ക് അടുക്കുവാൻ എന്റെ ഹൃദയത്തിൽ ആഗ്രഹം ഉണ്ടാകട്ടെ, അങ്ങനെ ഞാൻ യേശുവിൽ രൂപാന്തരപ്പെടട്ടെ . ആമേൻ.
– സൂസന്ന ദീപ്തി